Subscribe Us



ചിലരുടെ വാൽ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും വളഞ്ഞേ ഇരിക്കത്തുള്ളു....

പാലാ: ആരുടെയോ വാൽ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും വളഞ്ഞേ ഇരിക്കത്തുള്ളു എന്നു പറഞ്ഞപോലെയാണ് നമ്മുടെ പൊതുഗതാഗത സംവീധാനം. യാത്രക്കാർ വേണമെന്ന് യാതൊരു നിർബ്ബന്ധവും കെ എസ് ആർ ടി സി യ്ക്ക് ഇല്ല. എങ്ങനെയെങ്കിലും ഓടി ചാൽ തികച്ചാൽ മതി. പ്രസ്ഥാനം നഷ്ടത്തിലാകുന്നതൊന്നും ഇവർക്കു പ്രശ്നമല്ല. പൊതു ഖജനാവിൽ നിന്നും എത്ര പണം വേണമെങ്കിലും സർക്കാർ നൽകുവാൻ തയ്യാറാണ് ഈ വെള്ളാന അന്യം നിന്നുപോകാതിരിക്കാൻ.
ഇന്നലെ പാലാ കെ എസ് ആർ ടി സി ബസ് സ്റ്റാൻറിൽ നടന്ന ഒരു സംഭവം മാത്രം മതി ഈ വെള്ളാനയുടെ സ്വഭാവം മനസിലാക്കാൻ. മൂലമറ്റത്തിന് പോവാനുള്ള ആനവണ്ടി ഉണ്ടെന്നു അറിഞ്ഞ ഒരു യാത്രക്കാരൻ സ്റ്റാൻ്റിലെത്തി. തിരുവനന്തപുരത്തു നിന്നും പുറപ്പെട്ട് 4.45 പാലാ വഴി പോകുന്ന ബസ് പിടിക്കാനായിരുന്നു വരവ്. നാലു മണിയോടെ സ്റ്റാൻറിൽ വന്ന് കൗണ്ടറിൽ തിരക്കിയപ്പോൾ കുതിരവട്ടം പപ്പു കണക്കെ മറുപടി കിട്ടി ഇപ്പം വരും എന്ന്. 5 മണിയായിട്ടും വണ്ടി കണ്ടില്ല. വണ്ടി വന്ന അറിയിപ്പും കേട്ടില്ല. കൗണ്ടറിൽ ഒന്നു കൂടി ചെന്ന് അന്വേഷിച്ചപ്പോൾ വണ്ടി പോയല്ലോന്ന് മറുപടി. യാത്രക്കാരൻ്റെഒരു മണിക്കൂർ സമയം പാഴായത് മിച്ചം. തുടർന്നു പുറത്തിറങ്ങി സ്വകാര്യ ബസിനെ ആശ്രയിച്ചു. തൊടുപുഴയിൽ ചെന്ന് അവിടെ നിന്നും മൂലമറ്റത്തിനുള്ള വണ്ടി പിടിച്ചു മണിക്കൂറുകൾ വൈകി മൂലമറ്റത്തെത്തി.

പാലാ സ്റ്റാൻ്റിൽ കെ എസ് ആർ ടി സി എല്ലാം തോന്നിവാസം ആണ്. കയറുന്ന വഴി ഇറങ്ങും ഇറങ്ങുന്ന വഴി കയറും. മൂലമറ്റം ഡിപ്പോയുടെ വണ്ടി പാലാ സ്റ്റാൻ്റിൽ നിന്നുമാണ് ഡീസൽ പകരുന്നത്. അതു കൊണ്ട് ഇറങ്ങുന്ന വഴി കയറി. വന്ന വഴി മറക്കരുതെന്ന പഴമൊഴി പാലിക്കാൻ ഡീസൽ പകർന്ന് അതുവഴി തന്നെ ഇറങ്ങി മൂലമറ്റത്തിന് വച്ചുപിടിപ്പിച്ചു. സ്റ്റാൻ്റിൽ ആൾക്കാർ നിൽക്കുന്നുണ്ടോ എന്നൊന്നും നോക്കാൻ സമയമില്ലെത്രെ. ഇനി പത്തു പേരെങ്ങാനും കയറിയാൽ അത്രയും കാശ് പ്രസ്ഥാനത്തിനു കിട്ടിയാലോ. 
ബസ്സിൽ പരമാവധി ആളെ കയറ്റിയാൽ കെ എസ് ആർ ടി സി യ്ക്കു മെച്ചമാണ്. യാത്രക്കാർക്കു ഗുണവും. പക്ഷേ ഇതൊന്നും ബാധകമല്ലാത്ത ചിലരാണ് ഈ പ്രസ്ഥാനത്തിൻ്റെ അടിവേരറക്കുന്നത്. സർവ്വീസ് മെച്ചപ്പെടുത്താൻ അധികൃതർ തയ്യാറാകണമെന്ന ആവശ്യമാണ് നാട്ടുകാർ ഉന്നയിക്കുന്നത്.

Post a Comment

0 Comments