പാലാ ടൈംസ് എക്സ്ക്യൂസീവ്
പാലാ: അഴിമതിയെത്തുടർന്നു വൻസാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്ക് ജപ്തി നടപടികളുടെ ഭാഗമായി ലേലം ചെയ്ത വസ്തു ലേലം കൊണ്ടയാൾക്കു നൽകാത്തതിൽ ദുരൂഹത. വസ്തുലേലത്തിൽ പിടിച്ചയാൾക്കു കൊടുത്താൽ സമാനരീതിയിൽ വീണ്ടും ലേല നടപടികൾ തുടരേണ്ട സാഹചര്യം ഉണ്ടാവുമെന്നതിനാലാണ് ലേലം കൊണ്ടയാൾക്കു വസ്തു രജിസ്റ്റർ ചെയ്തു നൽകാത്തതെന്നാണ് ആക്ഷേപമുയർന്നിരിക്കുന്നത്. ലേലം കൊണ്ടയാൾക്കു വസ്തു നൽകാത്തതിനു പിന്നിൽ വൻ ഗൂഢാലോചനയുണ്ടെന്നും ആരോപണമുയർന്നിട്ടുണ്ട്.
കിഴതടിയൂർ സർവ്വീസ് സഹകരണ ബാങ്ക് എന്ന പേരിൽ അറിയപ്പെടുന്ന കിഴതടിയൂർ സർവ്വീസ് സഹകരണ സൊസൈറ്റി ലേലത്തിൽ വച്ച സ്ഥലം ലേലം കൊണ്ട പാലാ പെരുമ്പ്രായിൽ പി ആർ ശിശുപാലനാണ് ലേലത്തുക മുഴുവൻ ഒടുക്കിയിട്ടു മാസങ്ങൾ പിന്നിട്ടിട്ടും വസ്തു രജിസ്റ്റർ ചെയ്തു നൽകാത്തത്. വസ്തു രജിസ്റ്റർ ചെയ്തു നൽകാതെ വരുന്ന വിവരം പുറത്തു വന്നാൽ ലേല നടപടികളോട് സഹകരിക്കാൻ ആളുകൾ വിമുഖത കാട്ടുമെന്നും അതുവഴി ഉന്നതരുടെ വസ്തുക്കളുടെ ലേലം ഒഴിവായി പോകുമെന്നുമുള്ള വിലയിരുത്തലാണ് ഇത്തരമൊരു നടപടികൾക്കു പിന്നിലെന്നും സംശയമുണ്ട്.
2023 നവംബർ നാലിന് ബാങ്ക് ഹാളിൽ നടന്ന ലേല നടപടികളിൽ പങ്കെടുത്താണ് ശിശുപാലൻ വസ്തു ലേലം കൊണ്ടത്. ഏഴു മാസം പിന്നിട്ടിട്ടും വസ്തു രജിസ്റ്റർ ചെയ്തു നൽകില്ലെന്നു മാത്രമല്ല ലേല നടപടികൾ ശരിയല്ലയെന്നു പറഞ്ഞ് സഹകരണ സംഘം ജോയിൻ്റ് രജിസ്ട്രാർ ലേല നടപടികൾ റദ്ദാക്കാനുള്ള നടപടികളും ആരംഭിച്ചു. സെയിൽ ഓഫീസർ ക്രമവിരുദ്ധമായി നടത്തിയ നടപടിയായതിനാലാണ് ലേലം റദ്ദാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുന്നതെന്ന് സഹകരണസംഘം രജിസ്ട്രാർ 'പാലാ ടൈംസി'നോട് പറഞ്ഞു. അതേ സമയം ലേലം കൊണ്ടയാളെ രജിസ്റ്റർ ചെയ്തു കൊടുക്കാനാണെന്ന് പറഞ്ഞ് ഏഴു മാസം വട്ടംചുറ്റിച്ചതിന് മറുപടി നൽകാൻ അധികൃതർക്കായിട്ടില്ല. ലേലം കൊണ്ട വസ്തു രജിസ്റ്റർ ചെയ്തു ലഭിക്കാൻ ബാങ്കിനു പിന്നാലെ നടന്നു പതിനായിരക്കണക്കിന് രൂപ നഷ്ടമായതായും ശിശുപാലൻ പറഞ്ഞു.
മൂന്ന് പേരാണ് ലേല നടപടികളിൽ പങ്കെടുത്തത്. കുറവിലങ്ങാട് ടൗണിനു സമീപം ഏഴര സെൻ്റ് സ്ഥലവും പഴയവീടുമാണ് ലേലം കൊണ്ടത്. നാൽപത്തി രണ്ടേകാൽ ലക്ഷം രൂപയ്ക്കാണ് വസ്തു ലേലത്തിൽ പിടിച്ചത്.
കിഴതടിയൂർ ബാങ്കിൽ 20 ലക്ഷത്തോളം രൂപ നിക്ഷേപമുള്ളയാളാണ് ശിശുപാലൻ. അതിൽനിന്നും ഒൻപതുലക്ഷം രൂപ ലേലത്തുകയായി വരവ് വച്ച ശേഷം രജിസ്ട്രേഷൻ നടപടികൾക്ക് ആവശ്യമായ തുകയടക്കം 35 ലക്ഷത്തോളം രൂപ ബാങ്ക് വാങ്ങിച്ചതായി ശിശുപാലൻ പറയുന്നു. 11 ലക്ഷം രൂപ നിക്ഷേപ ഇനത്തിൽ ബാങ്ക് ശിശുപാലന് നൽകാൻ ബാക്കിയുള്ളപ്പോഴാണ് 35 ലക്ഷത്തോളം രൂപ അടപ്പിച്ചത്.
ആദ്യം 15 ശതമാനം തുകയായ 6 ലക്ഷത്തിൽപരം രൂപയും പിന്നീട് വായ്പയെടുത്തും മറ്റുമായി ബാക്കിത്തുകയും ബാങ്കിനു നൽകി. ബാക്കി തുക അടച്ച് ഒരു മാസത്തിനുള്ളിൽ രജിസ്ട്രേഷൻ നടത്തി നൽകുമെന്നും ബാങ്ക് അറിയിച്ചിരുന്നതായി ശിശുപാലൻ പറയുന്നു. ഇതുപ്രകാരം ബാക്കി തുക ഡിസംബർ 3ന് അടച്ചു. പിന്നീട് രണ്ടു മാസത്തിനുള്ളിൽ രജിസ്ട്രേഷൻ പൂർത്തിയാക്കുമെന്ന് അറിയിപ്പ് ലഭിച്ചു. അതിനു ശേഷം ബാങ്കിനു പിന്നാലെ രജിസ്ട്രേഷനായി പലവട്ടം നടന്നു. രണ്ടാഴ്ച മുമ്പ് നടപടികൾ അവസാന ഘട്ടത്തിലാണെന്ന് ജോയിൻ്റ് രജിസ്ട്രാർ പറഞ്ഞതായി ശിശുപാലൻ പറഞ്ഞു. എന്നാൽ ഇപ്പോൾ ലേല നടപടികൾ റദ്ദാക്കാനുള്ള നടപടികളുമായി ജോയിൻ്റ് രജിസ്ട്രാർ മുന്നോട്ടു പോകുകയാണ്. ഇതോടെ ശിശുപാലന് ലേലം കൊണ്ട വസ്തു രജിസ്റ്റർ ചെയ്തു ലഭിക്കാനുള്ള സാധ്യത അടഞ്ഞിരിക്കുയാണ്. ഇത് മറ്റുള്ളവരെ കിഴതടിയൂർ ബാങ്ക് ജപ്തി ചെയ്യുന്ന വസ്തുക്കൾ ലേലത്തിൽ വന്നാൽ പിടിക്കുന്നതിൽ നിന്നും പിന്നോട്ടടിയ്ക്കുമെന്ന് ഉറപ്പായി. ഇതാണ് ലക്ഷ്യമിട്ടെതെന്ന ആക്ഷേപം ശക്തമായിക്കഴിഞ്ഞു.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.