Subscribe Us



പന്തയം ജയിക്കാൻ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി വൈദ്യുതാഘാതമേറ്റു മരിച്ചു

ഇടപ്പള്ളി: പന്തയം ജയിക്കാൻ ഗുഡ്സ് ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി വൈദ്യുതാഘാതമേറ്റു മരിച്ചു. ഇടപ്പള്ളി സ്വദേശി ആന്റണി ജോസ്(17)ആണ് മരിച്ചത്. അപകടത്തെത്തുടർന്ന് 85 ശതമാനത്തിന് മുകളിൽ പൊള്ളൽ ഏറ്റിരുന്നു. രാത്രി ഏഴരയോടെയാണ് മരണം സംഭവിച്ചത്. ​ഗുരുതരമായി പൊള്ളലേറ്റ  ആന്റണി സ്വകാര്യ ആശുപത്രിയിൽ‌ ചികിത്സയിലായിരുന്നു.
പിറന്നാൾ ആഘോഷത്തിനിടെ സുഹൃത്തുക്കളുമായി പന്തയം വച്ച് ആന്റണി ട്രെയിനിന് മുകളിൽ കയറുകയായിരുന്നുവെന്ന് പറയപ്പെടുന്നു.

രാവിലെ താൻ ട്രെയിനിനു മുകളിൽ കയറിയ കാര്യം സുഹൃത്തുക്കളോട് ആൻ്റണി പറഞ്ഞിരുന്നുവെത്രെ. എന്നാൽ കൂട്ടുകാർ ഇതു വിശ്വസിക്കാത്തതിനെത്തുടർന്നാണ് വൈകിട്ട് വീണ്ടും ട്രെയിനു മുകളിൽ കയറിയത്. ഉടനടി വൈദ്യുതാഘാതമേൽക്കുകയായിരുന്നു.

രാവിലെ അറ്റകുറ്റപണികളുടെ ഭാഗമായി ഈ ഭാഗത്ത് വൈദ്യുതി വിതരണം നിർത്തി വച്ചിരുന്നു. വൈകിട്ടോടെ വൈദ്യുതി വിതരണം പുന:സ്ഥാപിക്കുകയും ചെയ്തിരുന്നു.  

സുഹൃത്തുക്കൾക്കായി പൊലീസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച്ഓഫാണ്. വലിയ അളവിൽ പ്രവഹിച്ചുകൊണ്ടിരുന്ന വൈദ്യുതിലൈനിൽ നിന്നാണ് ആന്റണിക്ക് പൊള്ളലേറ്റത്. ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ അപകടം നടന്നത്. ഇടപ്പള്ളി റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭവം.

നിർത്തിയിട്ടിരുന്ന ഗുഡ്സ് ട്രൈനിന് മുകളിലാണ് 17കാരൻ കയറിയത്. ആന്റണിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം നാളെയോടുകൂടി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. എളമക്കര പൊലീസ് സംഭവത്തിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

0 Comments