Subscribe Us



കേരളത്തിൽ പൊളിറ്റിക്കൽ ഇസ്ലാം അപകടകരമായ രീതിയിൽ വളർന്നു; മുസ്ലീം സമുദായത്തെ തത്പര കക്ഷികൾ തെറ്റിദ്ധരിപ്പിക്കുന്നു: പി സി ജോർജ്

പാലാ: കേരളത്തിൽ പൊളിറ്റിക്കൽ ഇസ്ലാം അപകടകരമായ രീതിയിൽ വളർന്നെന്ന് ഗവൺമെൻ്റ് മുൻ ചീഫ് വിപ്പും ബി ജെ പി നേതാവുമായി പി സി ജോർജ് പറഞ്ഞു. പാലാ മീഡിയാ അക്കാദമി സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവരുടെ തെറ്റായ പ്രചാരണത്തിൽ നിരപരാധികളായ മുസ്ലീമുകളും പെട്ടു പോകുന്നുവെന്നത് ഖേദകരമാണ്. ഇതിൻ്റെ പേരിൽ അവർ പേരുദോഷവും കേൾക്കുന്നു. സി പി ഐ എം നേതാവ് പി ജയരാജൻ പൊളിറ്റിക്കൽ ഇസ്ലാം ഉണ്ടെന്നും ഐഎസ് റിക്രൂട്ട്മെൻ്റ് കേരളത്തിൽ നടക്കുന്നുണ്ടെന്നും പരാതി ഉയർത്തിയിട്ടുണ്ടെന്ന് പി സി ജോർജ് ചൂണ്ടിക്കാട്ടി. താനും ഇതു തന്നെയാണ് പറഞ്ഞത്. ജയരാജൻ ഇപ്പോൾ പറഞ്ഞു. ഞാൻ നാലു വർഷം മുമ്പ് പറഞ്ഞു. 

വിശ്വാസികൾ ഏതു മതമായാലും അവരുടെ ആചാരങ്ങൾ അവർ സംരക്ഷിച്ചു പോകട്ടെ എന്നതാണ് തൻ്റെ അഭിപ്രായമെന്ന് പി സി വ്യക്തമാക്കി. തീവ്രവാദം ഇങ്ങനെ വളരുന്നത് ഗുണകരമല്ല. മുസ്ലീം ആയ ഒരാൾ തെറ്റു ചെയ്യുന്നത് ചൂണ്ടിക്കാണിച്ചാൽ ആ സമുദായത്തെ മുഴുവൻ തെറ്റുകാരാക്കി എന്ന വിധത്തിലാണ് തത്പര കക്ഷികൾ പ്രചരിപ്പിക്കുന്നത്. പി സി ജോർജ് തെറ്റു ചെയ്താൽ അതിന് കൃസ്ത്യാനികൾ ആണോ തെറ്റുകാർ എന്ന് പി സി ചോദിച്ചു. പി സി ജോർജ് തെറ്റു ചെയ്താൽ പി സി ജോർജിനെ പിടിക്കണം. കൃസ്ത്യാനി അതിനെന്ത് പിഴച്ചു. മുസ്ലീം സമുദായത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് തത്പരകക്ഷികളെന്നും അദ്ദേഹം പറഞ്ഞു. 

പൊളിറ്റിക്കൽ ഇസ്ലാമിന് ഇന്ത്യയെ ശിഥിലീകരിക്കുക എന്നതാണ് ലക്ഷ്യമെന്ന് അദ്ദേഹം ആരോപിച്ചു. അത് കേരളത്തിൽ വ്യാപകമാണ്. അതിൻ്റെ ഇന്ത്യയിലെ നേതൃത്വം കേരളത്തിലാണെന്നും പി സി കുറ്റപ്പെടുത്തി. ഈരാറ്റുപേട്ട അതിൻ്റെ പ്രധാന കേന്ദ്രമായി മാറി. എൻ ഐ എ കേരളത്തിൽ ആരംഭിച്ച ഓഫീസ് പ്രവർത്തിക്കുന്നത് ഈരാറ്റുപേട്ടയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

കേരളാ കോൺഗ്രസുകൾ പിരിച്ചുവിടേണ്ട കാലം അതിക്രമിച്ചു. കേരളാ കോൺഗ്രസുകൾ കൃഷി വകുപ്പ് സ്വീകരിക്കാത്തതിൽ നിന്നും കർഷകരോടുള്ള സമീപനം വ്യക്തമാണ്. കർഷർക്കു വേണ്ടി കേരളാ കോൺഗ്രസുകൾ ഒന്നും ചെയ്തിട്ടില്ല. വിലസ്ഥിരതാ ഫണ്ടൊക്കെ അന്തരിച്ച കെ എം മാണി ആവിഷ്ക്കരിച്ചെങ്കിലും കർഷകർക്കു പ്രയോജനമുണ്ടായിട്ടില്ലെന്നും ജോർജ് പറഞ്ഞു. പി ജെ ജോസഫ് റവന്യൂ വകുപ്പ് കൈകാര്യം ചെയ്തിട്ടു ഇടുക്കിക്കാർക്ക് പട്ടയം നൽകാൻ ശ്രമിച്ചില്ലെന്നു പി സി കുറ്റപ്പെടുത്തി. 

ബി ജെ പിയിൽ പ്രവർത്തിക്കുന്നതിൽ നൂറു ശതമാനം സംതൃപ്തിയുണ്ട്. രാജ്യത്തിൻ്റെ നന്മയ്ക്ക് നരേന്ദ്രമോദി അനിവാര്യമാണ്. 

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലായിൽ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നു പി സി ജോർജ് വ്യക്തമാക്കി. താൻ എം എൽ എ ആയിരുന്ന കാലത്ത് പൂഞ്ഞാറിൻ്റെ ഭാഗമായിരുന്ന നിരവധി പ്രദേശങ്ങൾ പാലായിലാണ് ഇപ്പോൾ. അതു കൊണ്ട് പാലായിൽ എം എൽ എ ആകാൻ ബുദ്ധിമുട്ടൊന്നുമില്ല. പാർട്ടി പറഞ്ഞാൽ അക്കാര്യം ഗൗരവകരമായി ചിന്തിക്കുമെന്നും പി സി ജോർജ് പറഞ്ഞു.

Post a Comment

0 Comments