പാലാ: കവീക്കുന്ന്, മൂന്നാനി, കൊച്ചിടപ്പാടി മേഖലകളിലെ നൂറുകണക്കിനാളുകളെ ബുദ്ധിമുട്ടിലാക്കി വൈദ്യുതി തടസ്സപ്പെട്ടിട്ട് 21 മണിക്കൂർ പിന്നിട്ടു. ഇന്നലെ വൈകിട്ടു ഉണ്ടായ മഴയെത്തുടർന്നു വൈദ്യുതി തകരാറിലായതിനെത്തുടർന്നു വൈദ്യുതി വകുപ്പ് ഈ മേഖലയിലേയ്ക്കുള്ള വൈദ്യുതി വിതരണം നിർത്തിവച്ചിരുന്നു. തുടർന്നു ഇന്ന് ഉച്ചയോടെ മാത്രമാണ് തകരാർ പരിഹരിക്കാൻ അധികൃതർ എത്തിയത്.
മഴ പെയ്യുകയോ ചെറിയ കാറ്റ് വീശുകയോ ചെയ്താൽ വൈദ്യുതി തടസ്സപ്പെടുന്ന സ്ഥിതി വിശേഷം തുടങ്ങിയിട്ട് നാളുകളായെങ്കിലും പരിഹാരം അകലെയാണ്. ഇതുമൂലം ഇവിടുത്തെ ഇവിടുത്തെ ജനങ്ങൾ പൊറുതിമുട്ടിയിരിക്കുകയാണ്.
വൈദ്യുതി തകരാറുകൾ പരിഹരിക്കാനെന്ന പേരിൽ വർഷങ്ങൾക്കു മുമ്പാണ് എ ബി സി കേബിൾ സ്ഥാപിച്ചത്.ഇതോടെ ജനങ്ങളുടെ ദുരിതം പതിന്മടങ്ങായി വർദ്ധിച്ചത്. കേബിൾ സ്ഥാപിക്കുന്നതിന് മുമ്പുണ്ടായിരുന്ന വൈദ്യുതി തടസ്സങ്ങളേക്കാൾ വളരെ കൂടുതലാണ് ഇപ്പോഴത്തെ തടസ്സങ്ങൾ. വൈദ്യുതി തടസ്സം മുമ്പ് പരിഹരിക്കുന്നതിനേക്കാൾ സമയമെടുത്താണ് ഇപ്പോൾ പരിഹരിക്കുന്നത്.
വൈകുന്നേരങ്ങളിൽ വൈദ്യുതി തടസപ്പെട്ടാൽ പിന്നെ പിറ്റേന്ന് ഉച്ചകഴിഞ്ഞ് മാത്രമേ വൈദ്യുതി പുനഃസ്ഥാപിക്കാനാവുന്നുള്ളൂ എന്ന പിടിവാശിയാണ് ഉദ്യോഗസ്ഥർ. വൈദ്യുതി വൈകിട്ടു തടസ്സപ്പെട്ടാൽ രാവിലെ തന്നെ ശരിയാക്കില്ലെന്ന വാശി ഉദ്യോഗസ്ഥർ ശീലമാക്കിക്കഴിഞ്ഞു. നേരത്തെ വൈദ്യുതി തടസ്സം നേരിടുന്ന ഭാഗത്ത് മാത്രമായിരുന്നു എങ്കിൽ ഇപ്പോഴത് കേബിൾ കടന്നു സ്ഥലങ്ങളിലെല്ലാം തടസ്സം നേരിടുകയാണ്.
ഇതുമൂലം വീടുകളിലെയും പല സ്ഥാപനങ്ങളിലെയും ഫിഡ്ജുകളിലും മറ്റും സൂക്ഷിച്ചു വച്ചിരുന്ന മരുന്നുകൾ, മത്സ്യ മാംസ ഉത്പന്നങ്ങൾ മുതലായവ നശിച്ചുപോകുന്ന സ്ഥിതി വിശേഷമാണ് ഇപ്പോൾ. അന്തരീക്ഷ ഊഷ്മാവ് കൂടുതലായതിനാൽ പ്രായമായവരും കുഞ്ഞുകുട്ടികളും ഏറെ ബുദ്ധിമുട്ടിലുമാണ്. പരീക്ഷ എഴുതുന്ന കുട്ടികളെയും വൈദ്യുതി തകരാർ ബുദ്ധിമുട്ടിലാക്കുന്നു.
കേബിൾ സ്ഥാപിക്കുന്ന സമയത്ത് തന്നെ ഗുണനിലവാരം ഇല്ലാത്ത കേബിളാണ് സ്ഥാപിച്ചു വരുന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്ന് ബാക്കി ഉണ്ടായിരുന്ന പാരാമൗണ്ട് കമ്പനിയുടെ കേബിളുകൾ തിരിച്ചയച്ച സംഭവവും ഉണ്ടായിരുന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.