Subscribe Us



അയർലൻഡ് പാർലമെൻ്റിലേയ്ക്ക് മത്സരിക്കാൻ പാലാക്കാരി മഞ്ജുദേവി; മന്ത്രിസഭയിൽ അംഗമാകാനും സാധ്യത, വോട്ടെടുപ്പ് 29 ന്

പാലാ: ന്യൂസിലാൻ്റിനും ഓസ്ട്രേലിയയ്ക്കും പിന്നാലെ അയർലൻഡ് പാർലെമെൻറിൽ മലയാളി സാന്നിദ്ധ്യമറിയിക്കാനുള്ള നിയോഗവുമായി എം ബി മഞ്ജുദേവി. അയർലൻഡ് പാർലമെൻ്റിലേയ്ക്ക് 29 ന് വെള്ളിയാഴ്ച നടക്കുന്ന പാർലെമെൻ്റ് തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ഫ്യാനഫോയ്ൽ പാർട്ടി സ്ഥാനാർത്ഥിയായി ഡബ്ലിനിലെ ഫിഗ്ൽ ഈസ്റ്റ് മണ്ഡലത്തിൽ നിന്നുമാണ് പാലാ വിളക്കുമാടം സ്വദേശിയായ മഞ്ജുദേവി ജനവിധി തേടുന്നത്.
നഴ്സിംഗ് പ്രൊഫഷനിലുള്ള തനിക്ക് ലഭിച്ച ഈ അവസരം ദൈവഹിതമാണെന്ന് താൻ കരുതുന്നതായി മഞ്ജുദേവി 'പാലാ ടൈംസ്' ചീഫ് എഡിറ്റർ എബി ജെ ജോസുമായി നടത്തിയ സംഭാഷണത്തിൽ പറഞ്ഞു. 
സ്വതന്ത്ര്യവും വ്യക്തവുമായ അഭിപ്രായം പ്രകടിപ്പിക്കുന്ന ആളാണ് താനെന്ന് അവർ വ്യക്തമാക്കി. സൗദിയിൽ ജോലി ചെയ്തിരുന്ന കാലത്തും സഹപ്രവർത്തകർക്കുവേണ്ടി വാദിക്കുന്നത് പതിവായിരുന്നു. കൺമുന്നിൽ കാണുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ട് ഉടനടി പ്രതികരിക്കും. ആ രീതി സമൂഹത്തിലേയ്ക്ക് മാറ്റുന്നുവെന്ന് മാത്രമേ ഉള്ളൂ. 
ആകെ 160 സീറ്റുകളാണുള്ളത്. താൻ മത്സരിക്കുന്ന മണ്ഡലത്തിൽ മൂന്നു പേരെയാണ് തിരഞ്ഞെടുക്കുന്നത്. 
മഞ്ജുദേവിയുടെ പിതാവ് പരേതനായ റിട്ടയേർഡ് ഹവിൽദാർ മേജർ കെ എം ബാലകൃഷ്ണൻ 

തനിക്ക് ലഭിക്കുന്ന അവസരം സമൂഹ നന്മയ്ക്കായി വിനിയോഗിക്കുമെന്ന് മഞ്ജുദേവി പറഞ്ഞു. 

ഒരു ബാഗുമായി വന്നിറങ്ങിയ  തന്നെപ്പോലുള്ളവരെ അയർലൻഡ് സ്വീകരിച്ചു. വേണ്ടെതെല്ലാം തന്നു. തിരഞ്ഞെടുപ്പ് വന്നപ്പോൾ മെഡിക്കൽ ഫീൽഡിൽ നിന്നുള്ള ഓവർസീസ് വനിതയ്ക്കു ടിക്കറ്റ് നൽകാൻ ഫ്യാനഫോയ്ൽ പാർട്ടി തീരുമാനിക്കുകയും ടിക്കറ്റ് തനിക്ക് വാഗ്ദാനം ചെയ്യുകയും ചെയ്യുകയായിരുന്നു. വിദേശത്തുനിന്നു അയർലൻഡിൽ വന്നവരുടെ പ്രതിനിധി ആകാനുള്ള അവസരം സന്തോഷത്തോടെ ഏറ്റെടുക്കുകയായിരുന്നു. വളരെ ആലോചിച്ച ശേഷമാണ് തീരുമാനത്തിൽ എത്തിച്ചേർന്നത്. നഴ്സുമാരാണ് നല്ല രാഷ്ട്രീയക്കാർ എന്ന് താൻ വിശ്വസിക്കുന്നു. കാരണം ടീം വർക്കാണ് രാഷ്ട്രീയത്തിൽ വേണ്ടത്. നഴ്സുമാർ ചെയ്യുന്നതും ടീം വർക്കാണ്. സാധാരണക്കാരിയായ തനിക്ക് സാധാരണക്കാരുടെ പ്രശ്നങ്ങളെക്കുറിച്ച് വ്യക്തമായ ബോധ്യമുണ്ട്. അതു കൊണ്ടു തന്നെ അവർക്കായി നിലകൊള്ളാനും സാധിക്കും. 
തൻ്റെ പാർട്ടിയായ ഫ്യാനഫോയ്ൽ പാർട്ടി എല്ലാവരെയും ഉൾക്കൊള്ളുക എന്ന നിലപാടുള്ള പാർട്ടിയാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് മാണ് സാധാരണക്കാരിയായ തനിക്ക് മത്സരിക്കാൻ ടിക്കറ്റ് തന്നതെന്ന് മഞ്ജുദേവി ചൂണ്ടിക്കാട്ടി. താഴേയ്ക്കിടയിലുള്ള തന്നെപ്പോലുള്ളവരെ മുൻനിരയിലേയ്ക്ക് ഉയർത്തുവാനുള്ള സഹിഷ്ണുത കാട്ടിയത് പാർട്ടിയുടെ മഹത്വമാണ് കാണിക്കുന്നത്. നമ്മുടെ നാട്ടിലുള്ളവർക്കു സഹായം ചെയ്യാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നത്. അത് നിയോഗമായിക്കാണുന്നു.
മറ്റു രാജ്യക്കാർക്കൊപ്പം എല്ലാ ഇന്ത്യാക്കാരുടെയും പിന്തുണ തനിക്ക് ലഭിക്കുമെന്ന് ഉത്തമ വിശ്വാസമുണ്ട്. ഇവിടെ മന്ത്രിമാരടക്കമുള്ളവരുടെ ശക്തമായ പിന്തുണ ലഭിക്കുന്നുണ്ട്. പ്രിയപ്പെട്ട മലയാളികളും പാലാക്കാരും തരുന്ന പിന്തുണ വളരെ വലുതാണ്. വിജയിക്കുമെന്ന് ഉത്തമ വിശ്വാസമുണ്ട്. എല്ലാവരുടെയും പിന്തുണ ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുകയാണെന്നും മഞ്ജുദേവി പറഞ്ഞു. ജയിച്ചു അയർലഡിൽ മന്ത്രിയാവാൻ സാധിക്കട്ടെ എന്ന് ആശംസ നേർന്നപ്പോൾ ദൈവത്തിൻ്റെ ഹിതം നടക്കുമെന്ന ഉത്തരമാണ് മഞ്ജുദേവി നൽകിയത്. 
പാലാ സെൻ്റ് മേരീസ് ഹൈസ്കൂളിലും പാലാ അൽഫോൻസാ കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷം മഞ്ജുദേവി രാജസ്ഥാനിലെ പിലാനി ബിർള സ്കൂൾ ഓഫ് നഴ്സിംഗിൽ നിന്നും ഒന്നാം റാങ്കോടെ ജനറൽ നഴ്സിംഗ് പാസായി. തുടർന്നു ഡൽഹി എസ്കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ സേവനം ചെയ്തു. തുടർന്ന് സൗദി അറേബ്യ റിയാദിലെ  കിംഗ് ഫൈസൽ ആശുപത്രിയായിരുന്നു കർമ്മമണ്ഡലം. 2005 ൽ അയർലൻഡിലേയ്ക്ക് കുടിയേറി. ഇപ്പോൾ മാറ്റർ പ്രൈവറ്റ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സാണ്. 2016ൽ ബി എസ് സി നഴ്സിംഗും 2022 ൽ സൈക്കോളജിയിൽ ലെവൽ 5 കോഴ്സും പാസായി.
പാലാ വിളക്കുമാടം മണിമന്ദിരത്തിൽ പരേതനായ റിട്ടയേർഡ് ഹവിൽദാർ മേജർ കെ എം ബാലകൃഷ്ണൻ്റെയും രാധാമണിയുടെയും മകളാണ്. ഭർത്താവ് ശ്യാം മോഹൻ തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ്. ദിയ, ശ്രേയ എന്നിവരാണ് മക്കൾ. ചഞ്ചൽ, ഹണി എന്നിവർ സഹോദരങ്ങളാണ്.

29 നടക്കുന്ന തിരഞ്ഞെടുപ്പിൻ്റെ ഫലം 30 ന് വൈകിട്ടോടെ അറിവാകും. മഞ്ജുദേവിയുടെ വിജയ വാർത്ത ശ്രവിക്കാൻ അയർലൻഡിലെ നാട്ടുകാരും പാലാക്കാരും കാത്തിരിക്കുകയാണ്.

Post a Comment

0 Comments