Subscribe Us



മുനമ്പം ജനതയുടെ വിഷയം ഉൾപ്പെടെ ക്രൈസ്തവർക്കും രാജ്യ നന്മയ്ക്കും എതിരെയുള്ള നീക്കങ്ങളെ യോജിച്ചു ചെറുക്കും: നിലയ്ക്കൽ എക്യുമെനിക്കൽ യോഗം

കോട്ടയം: സ്വന്തം മണ്ണിൽ അന്യരെപ്പോലെ ജീവിക്കാൻ വിധിക്കപ്പെട്ട മുനമ്പത്തെ അറുനൂറിൽപ്പരം കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റ് യോഗം. നീതി നിഷേധിക്കപ്പെട്ട മുനമ്പത്തെയും മറ്റു പ്രദേശങ്ങളിലെയും ജനതയ്ക്ക് നീതി നടപ്പിലാക്കി കൊടുക്കണമെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകളോട് ക്രൈസ്തവസഭകളുടെ  സംയുക്തയോഗം ആവശ്യപ്പെട്ടു.
അനേകം വർഷങ്ങളായി സ്വന്തമായി അനുഭവിച്ചുവരുന്ന ഭൂസ്വത്തുക്കൾ ക്രയവിക്രയം നടത്താനോ വായ്പ‌ എടുക്കാനോ മക്കളുടെ വിവാഹം, വിദ്യാഭ്യാസം എന്നിവ നടത്താനോ സാധിക്കാതെ പ്രയാസപ്പെടുന്ന ജനതയ്ക്ക് എത്രയും വേഗം ശാശ്വതപരിഹാരമുണ്ടാക്കിക്കൊടുക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ നിയമഭേദഗതികളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കണം. 
മുനമ്പം വിഷയം കൂടാതെ ക്രൈസ്തവരുടെ സാമൂഹിക സാമ്പത്തിക വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പഠിക്കാൻ  കേരള സർക്കാർ നിയോഗിച്ച ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കാത്തതിലും ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യേണ്ട വിഷയങ്ങൾ ന്യൂനപക്ഷ വകുപ്പിലേക്ക് കൈമാറിയതിലും യോഗാംഗങ്ങൾ അതൃപ്തി രേഖപ്പെടുത്തി. വൈദികരെയും  വൈദികവസ്ത്രത്തെയും ആക്ഷേപിച്ചു സംസാരിച്ച ന്യൂനപക്ഷവകുപ്പ് മന്ത്രിയുടെ പ്രസ്താവനയെ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ ആശങ്കയോടെയാണ് കാണുന്നത്. 
മതസ്വാതന്ത്ര്യം മൗലികാവകാശമായുള്ള ജനാധിപത്യ - മതേതര രാജ്യമായ ഇന്ത്യയിൽ വിശേഷിച്ച് കേരളത്തിൽ ക്രൈസ്തവരുടെ ഉൾപ്പെടെ വിശ്വാസത്തെയും വിശ്വാസപ്രതീകങ്ങളെയും അവഹേളിക്കുന്ന പ്രവണതകൾ രാഷ്ട്രീയ - മാധ്യമ - സാമൂഹിക മാധ്യമ - കലാ - സാംസ്കാരിക - മേഖലകളിൽ വർദ്ധിച്ചു വരുന്നതിനെ സഭകൾ ജാഗ്രതയോടെ കാണുന്നു. ക്രൈസ്തവർ ആരാധന, വിദ്യാഭ്യാസം, ആതുരസേവനം, കാരുണ്യ പ്രവൃത്തികൾ തുടങ്ങിയവയിലെല്ലാം ജാതി മത രാഷ്ട്രീയ ഭേദമന്യേയുള്ള  നിഷ്പക്ഷ സമീപനമാണ് എപ്പോഴും സ്വീകരിക്കുന്നത്. 
പാമ്പാടി മാർ കുര്യാക്കോസ് ദയറായിൽ ചേർന്ന നിലയ്ക്കൽ എക്യൂമെനിക്കൽ കമ്മിറ്റി യോഗത്തിൽ ട്രസ്റ്റ് വൈസ് ചെയർമാൻ ഡോ. ജോഷ്വ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത (സീറോ മലങ്കര കത്തോലിക്കാ സഭ) അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ (സിഎസ് ഐ സഭ), ആർച്ച്ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത  (ക്നാനായ യാക്കോബായ സുറിയാനി സഭ), ഡോ യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത(മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ), ഡോ തോമസ് മാർ തിമോത്തിയോസ് (മാർത്തോമാ സുറിയാനി സഭ) ബിഷപ് ഡോ സിൽവസ്റ്റർ പൊന്നുമുത്തൻ (ലത്തീൻ കത്തോലിക്കാ സഭ), ബിഷപ് ഗീവർഗീസ് മാർ അപ്രേം(സീറോ മലബാർ സഭ), ട്രഷറർ ഏബ്രഹാം ഇട്ടിച്ചെറിയ, ഷെവ. വി സി സെബാസ്റ്റ്യൻ, റൂബി ജൂബിലി പ്രോഗ്രാം കോ-ഓർഡി നേറ്റർ ഫാ ജോർജ് തേക്കടയിൽ, ഏബ്രഹാം മാത്യു, അഡ്മിനിസ്ട്രേറ്റർ ഫാ ഷൈജു മാത്യു ഒഐസി, റവ തോമസ് കോശി പനച്ചിമൂട്ടിൽ, റവ സോജി ജോൺ വർഗീസ്, വർഗീസ് മാമ്മൻ കൊണ്ടൂർ, ബിനു വാഴമുട്ടം, ഷെവ. ബിബി ഏബ്രഹാം കടവുംഭാഗം എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ എല്ലാ എപിസ്കോപ്പൽ സഭകളിൽ നിന്നും പ്രതിനിധികൾ പങ്കെടുത്തു.

Post a Comment

0 Comments