പാലാ: പാലാ നഗരസഭ മുൻ ചെയർമാനും പ്രമുഖ വ്യവസായിയുമായ ബാബു മണർകാട് (78)അന്തരിച്ചു. സംസ്കാരം 13 ന് ബുധനാഴ്ച നടക്കും. ഇന്ന് രാവിലെ 7 മണിക്ക് പാലായിലെ വസതിയിൽ ആയിരുന്നു അന്ത്യം. അസുഖബാധിതനായതിനെത്തുടർന്നു നാളുകളായി ചികിത്സയിലായിരുന്നു.
പ്ലാൻ്റർ, വ്യവസായി, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചയാളായിരുന്നു ബാബു മണർകാട്. പാലാ നഗരസഭയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിനിധിയായി അവസാനം ചെയർമാനായ വ്യക്തിയായിരുന്നു ഇദ്ദേഹം. അബ്കാരി പ്രമുഖൻ മണർകാട് പാപ്പൻ്റെ ഇളയ സഹോദരനാണ് ബാബു മണർകാട്.
ഭാര്യ ത്രേസ്യാമ്മ കാഞ്ചിയാർ ഇരുപ്പക്കാട്ട് കുടുംബാംഗമാണ്. മക്കൾ: രാജേഷ്, സുമേഷ്, മികേഷ്, രോഷ്‌നി. മരുമക്കൾ : മേരി ജോസഫ്, കുഞ്ഞുമേരി, മീനു, പോൾ. കെപിസിസി ട്രഷററായിരുന്ന മണർകാട്ട് പാപ്പനൊപ്പം ചേർന്ന് പാലായിലും മീനച്ചിൽ താലൂക്കിലും കോൺഗ്രസിന്റെ മുന്നേറ്റത്തിന് നിർണായക പങ്ക് വഹിച്ചയാളാണ് ബാബു മണർകാട്ട്.
പാലായിൽ ഒട്ടേറെ വികസനപദ്ധതികൾ ഇദ്ദേഹത്തിൻ്റെ കാലത്ത് നടപ്പാക്കിയിട്ടുണ്ട്. ബാബു മണർകാടിൻ്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, എം പി മാരായ ജോസ് കെ മാണി, കെ ഫ്രാൻസീസ് ജോർജ്, എം എൽ എമാരായ മാണി സി കാപ്പൻ, മോൻസ് ജോസഫ്, പാലാ നഗരസഭ ചെയർമാൻ ഷാജു തുരുത്തേൽ, മുൻ എം എൽ എ പി സി ജോർജ്, പ്രൊഫ വി ജെ ജോസഫ്, മുനിസിപ്പൽ മുൻ ചെയർമാൻ കുര്യാക്കോസ് പടവൻ, പ്രൊഫ സതീഷ് ചൊള്ളാനി തുടങ്ങിയവർ അനുശോചിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.