Subscribe Us



മഞ്ഞപ്പിത്തം വ്യാപകമാകുന്നു; പാലായിൽ വൃത്തിഹീനമായ തട്ടുകടകൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു

പാലാ: കൊട്ടാരമറ്റത്തെ വിവാദ തട്ടുകടയ്ക്കെതിരെ നഗരസഭാ അരോഗ്യവിഭാഗം അയഞ്ഞ സമീപനം തുടർന്നതാണ് പൊതുനിരത്തിലേയ്ക്ക് നിരന്തരം മലിനജലമൊഴുക്കാൻ ഇടയാക്കിയതെന്നു സൂചന. മലിനജലം പരസ്യമായി നഗരവീഥിയിലേയ്ക്ക് ഒഴുക്കുന്നതു സംബന്ധിച്ച വാർത്ത 'പാലാ ടൈംസ്' റിപ്പോർട്ടു ചെയ്തിരുന്നു. 

ഇതേത്തുടർന്ന് ഇതടക്കമുള്ള പാലായിലെ തട്ടുകടകൾക്കെതിരെ വ്യാപകമായ പരാതികൾ ഉയർന്നു.
കൊട്ടാരമറ്റത്തുള്ള മറ്റു തട്ടുകടകളിലെ മാലിന്യജലം ഓടകളിലേയ്ക്കാണ് തള്ളുന്നതെന്ന പരാതി കൃഷ്ണകുമാർ പി ബി ഉന്നയിച്ചു. എല്ലാ കടകൾക്കുമെതിരെ നടപടി വേണമെന്ന് അദ്ദേഹം പാലാ ടൈംസ് വാർത്തയ്ക്ക് പ്രതികരണമായി നൽകിയ കുറിപ്പിൽ ആവശ്യപ്പെട്ടു.
45 വർഷമായി തട്ടുകടയിൽ നിന്നും മറ്റും പാത്രം കഴുകുന്നതടക്കമുള്ള വെള്ളം ഓടിലേയ്ക്ക് ഒഴുക്കുന്നവരുണ്ടെന്നു ആകാശ് സന്തോഷ് കുറിച്ചു. പരാതി കൊടുത്തവർ ആദ്യം സ്വയം നന്നാവണമെന്നും അദ്ദേഹം പറഞ്ഞു.
പാലായിൽ എത്ര തട്ടുകടകൾ ഉണ്ടെന്നും അതിൽ എത്ര പേർ കൃത്യമായി ചെയ്യുന്നുണ്ടെന്നു ബിബിൻ സാലു രോഷാകുലനായി ചോദിച്ചു. കൈ കഴുകാൻ ഒരു ബക്കറ്റും കപ്പും കാണുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാർത്ത കൊടുത്തതിനെ തെറി വിളിച്ച് വിമർശിക്കാനും അദ്ദേഹം മറന്നില്ല.
അധികാരികൾക്കു ശ്രദ്ധിക്കാൻ സമയമില്ലെന്ന പരാതിയാണ് അഡ്വ ജോസ് ചന്ദ്രത്തിൽ ഉന്നയിച്ചത്.
പാവങ്ങൾ എങ്ങനെയെങ്കിലും ജീവിക്കട്ടെ എന്ന അഭിപ്രായമാണ് വിഷ്ണു എസ് തെക്കൻ പറയുന്നത്.
പാവങ്ങളുടെ വയറ്റത്ത് അടിച്ചോളാനാണ് നീതു ആൻ്റണിയുടെ അഭിപ്രായം. കൈ കഴുകുന്ന വെള്ളത്തിൽ എത്ര മാലിന്യം ഉണ്ടെന്നും അവർ ചോദിക്കുന്നു. സൂക്കേടുള്ളവർ മായം ചേർക്കുന്ന കറി പൗഡർ കമ്പനിയ്ക്കെതിരെ ചെന്ന് പൂട്ടിക്കണമെന്നും അവർ പറഞ്ഞു. 
ഓട പിന്നെന്തിനാണ് എന്ന ചോദ്യമാണ് സിജോ ആൻ്റണി ചോദിക്കുന്നത്.

അതേസമയം മലിനജലം പൊതുനിരത്തിലും ഓടയിലും ഒഴുക്കുന്നത് നിയമ വിരുദ്ധമാണെന്ന് നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥൻ ബിനു 'പാലാ ടൈംസി'നോടു പറഞ്ഞു. പാലായിലെ തട്ടുകടകളിൽ പരിശോധന നടത്തുമെന്നും നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ പാലായിൽ മഞ്ഞപ്പിത്തമടക്കമുള്ള ജലജന്യരോഗം വ്യാപകമായി. നിരവധിയാളുകൾ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കർശന നടപടികൾ അധികൃതർ സ്വീകരിച്ചില്ലെങ്കിൽ ആളുകളുടെ ആരോഗ്യവും പണവും നഷ്ടമാകുന്ന അവസ്ഥയാണ്.

Post a Comment

0 Comments