Subscribe Us



സ്ഫോടക വസ്തുശേഖരം: പാലായിലും അന്വേഷണം വേണമെന്ന് ബിനു പുളിയ്ക്കക്കണ്ടം

പാലാ: സ്ഫോടക വസ്തുക്കളുമായി തേനി സ്വദേശിയേയും ഈരാറ്റുപേട്ട സ്വദേശികളെയും അറസ്റ്റുചെയ്ത സംഭവവുമായി ബന്ധപ്പെട്ടു അന്വേഷണം പാലായിലേക്ക് വ്യാപിപ്പിക്കണമെന്ന ആവശ്യവുമായി നഗരസഭ കൗൺസിലർ അഡ്വ ബിനു പുളിക്കകണ്ടം രഗത്തു വന്നു.

സ്ഫോടക വസ്തു കടത്ത് സംഭവത്തിൽ പാലായിലെ ഒരു ജനപ്രതിനിധി ഉൾപ്പെട്ട  അനധികൃത പാറമടലോബിക്ക് വ്യക്തമായ ബന്ധമുണ്ടെന്നും ബിനു ആരോപിച്ചു. അന്വേഷണ പരിധിയിൽ അവരുടെയും അവരെ സംരക്ഷിക്കുന്ന രാഷ്ട്രിയ നേത്യത്വത്തിൻ്റെ ഇടപെടലും ഉൾപ്പെടുത്തണമെന്നും ബിനു പുളിക്കകണ്ടം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച്  മുഖ്യമന്ത്രി റവന്യുമന്ത്രി, സംസ്ഥാന പോലീസ് മേധാവി, ജില്ലാ കളക്ടർ,, ജില്ലാ പോലീസ് സൂപ്രണ്ട്,  എന്നിവർക്ക് പരാതി നല്കുമെന്നും ബിനു അറിയിച്ചു.

 പാലാ നഗരസഭയിലെ ഒരു ഭരണപക്ഷ കൗൺസിലറുടെ നിയന്ത്രണത്തിലാണ് ഈ പ്രദേശത്ത് ഏറ്റവും അധികം അനധികൃത പാറമടകൾ പ്രവർത്തിക്കുന്നതെന്നു ബിനു ആരോപിച്ചു. ഈ നിയമവിരുദ്ധ പ്രവർത്തനത്തിന് ഉന്നത രാഷ്ട്രീയ നേതൃത്വത്തിന്റെ സംരക്ഷണവും ഉണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.  വൻതോതിൽ സ്ഫോടക വസ്തുക്കൾ ഉൾപ്പെടെ ഇതിനായി സമാഹരിക്കപ്പെടുകയും സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.  ഇത് യഥാർത്ഥത്തിൽ ദേശദ്രോഹ കുറ്റമാണ് എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞ് ഗൗരവപൂർവ്വം കാര്യങ്ങളെ സമീപിച്ച് പോലീസ് അന്വേഷണം നടത്തണം എന്നാണ് തന്റെ ആവശ്യമെന്നും ബിനു ആവർത്തിച്ചു.വിഷയത്തിൻ്റെ ഗൗരവം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെ ധരിപ്പിക്കാൻ നേരിൽ കാണുന്നതിന് അവസരം തേടിയിട്ടുണ്ട് എന്നും ബിനു അറിയിച്ചു.

Post a Comment

0 Comments