കോട്ടയം: ക്രൈസ്തവസമൂഹത്തിന് മതിയായ പ്രാതിനിധ്യം ന്യൂനപക്ഷ കമ്മീഷനിൽ ലഭിക്കണമെന്നും അത് ക്രൈസ്തവ സമൂഹത്തിൻ്റെ പ്രശ്നങ്ങൾ മനസ്സിലാക്കി ചെയ്യുന്നവർക്ക് ആയിരിക്കണമെന്നും പേരിനു വേണ്ടി നടത്തുന്ന നിയമനങ്ങൾ ഗുണകരമാകില്ലെന്നും സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. ചർച്ച് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കോട്ടയം വിമലഗിരി പാസ്റ്ററൽ സെൻററിൽ നടന്ന നാഷണൽ ക്രിസ്ത്യൻ ലീഡേഴ്സ് കോൺക്ലേവിൽ മുഖ്യ സന്ദേശം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിസൂഷ്മ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പ്രത്യേക സംരക്ഷണം ഉറപ്പ് വരുത്തണമെന്നും കേന്ദ്രസർക്കാരിൻ്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ നേരിട്ട് നടപ്പാക്കിയെങ്കിൽ മാത്രമേ വിതരണത്തിലെ തുല്യത ഉറപ്പാക്കാൻ കഴിയുകയുള്ളൂവെന്നും ദളിത് ക്രൈസ്തവ സമൂഹം അനുഭവിക്കുന്ന നീതിനിഷേധം പരിഹരിക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകണമെന്നും സേവനത്തിന്റെ പാതയിൽ ചരിക്കുന്ന ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയുവാൻ നടപടി ഉണ്ടാകണമെന്നും ആർച്ച് ബിഷപ്പ് ആവശ്യപ്പെട്ടു.
പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇഖ്ബാൽ സിംഗ് ലാൽപ്പുര അധ്യക്ഷത വഹിച്ചു. രാജ്യത്തിൻ്റെ വിദ്യാഭ്യാസ ആതുര ശുശ്രൂഷ രംഗങ്ങളിലെ പ്രധാന സംഭാവനകളെല്ലാം ക്രൈസ്തവ സമൂഹത്തിന്റേതാണെന്നും സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഉള്ളതിനേക്കാൾ ന്യൂനപക്ഷ സമൂഹത്തിലെ ജനങ്ങളുടെ ശതമാനം വർദ്ധിച്ചത് ഭാരതത്തിൻറെ പ്രത്യേകതയാണെന്നും അയൽ രാജ്യങ്ങളിൽ ഇതിന് വിപരീതമായ പ്രവർത്തനങ്ങളാണ് നടക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ പ്രധാന സന്ദേശം നൽകി. നിഖ്യാ വിശ്വാസപ്രമാണത്തിൽ അടങ്ങിയ സാർവത്രിക സ്നേഹം സഭകൾ തമ്മിലുള്ള ഐക്യം ശക്തമാക്കുന്നതിന് കാരണമാകണമെന്നും അത് ദേശീയോദ്ഗ്രഥനത്തിലേക്ക് നയിക്കണമെന്നും ബാവ ഓർമിപ്പിച്ചു.
ഗോവ സംസ്ഥാന വ്യവസായ മന്ത്രി മൗവിൻ ഗോഡിൻഹോ, മോറോൻ മോർ സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്ത, സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ, ബിഷപ്പ് സില്‍വാന്‍സ് ക്രിസ്ത്യൻ, ബിഷപ്പ് തിമോത്തി രവീന്ദർ, ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, ചർച്ച് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, അസോസിയേറ്റ് സെക്രട്ടറി ഫാ.സിറിൽ തോമസ് തയ്യിൽ, ട്രഷറർ ഡോ. സസ്മിത് പത്ര എം.പി. എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ:ചർച്ച് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ കോട്ടയം വിമലഗിരി പാസ്റ്ററൽ സെൻററിൽ നടന്ന നാഷണൽ ക്രിസ്ത്യൻ ലീഡേഴ്സ് കോൺക്ലേവ് പശ്ചിമബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് ഉദ്ഘാടനം ചെയ്യുന്നു. ബിഷപ്പ് സില്‍വാന്‍സ് ക്രിസ്ത്യൻ, ഡോ. പ്രകാശ് പി തോമസ്, മൗവിൻ ഗോഡിൻഹോ, തോമസ് മാർ തിമോത്തിയോസ് എപ്പിസ്കോപ്പ, മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്കാബാവ , ഇഖ്ബാൽ സിംഗ് ലാൽപ്പുര, മോറോൻ മോർ സാമുവേൽ തെയോഫിലോസ് മെത്രാപ്പോലീത്ത, സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലീത്ത, ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, ഡോ. ഔഗിൻ കുര്യാക്കോസ് മെത്രാപ്പോലീത്ത, ഡോ. സസ്മിത് പത്ര എം.പി., ബിഷപ്പ് തിമോത്തി രവീന്ദർ, ഡോ.ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത, ഡോ.യൂഹാനോൻ മാർ ദിയസ്കോറസ് മെത്രാപ്പോലീത്ത, റവ.ടി. ഓസ്റ്റിൻ എന്നിവർ സമീപം
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.