Subscribe Us



ജനകീയ ഡോക്ടറായി പേരെടുത്ത പൈക പുതിയിടം ആശുപത്രി ഉടമ ഡോ. ജോർജ് മാത്യു പുതിയിടം (വർക്കിച്ചൻ -73) ഓർമ്മയായി.

പാലാ: ജനകീയ ഡോക്ടറായി പേരെടുത്ത പൈക പുതിയിടം ആശുപത്രി ഉടമ ഡോ. ജോർജ് മാത്യു പുതിയിടം (വർക്കിച്ചൻ -73) ഓർമ്മയായി. ചികിത്സയിലിരിക്കെ കാരിത്താസ് ആശുപത്രിയിൽ ഇന്ന് പുലർച്ചെ 3 മണിയോടെ ആയിരുന്നു അന്ത്യം.

 സാധാരണക്കാർക്ക് ഏറെ പ്രിയങ്കരനായ ഡോ ജോർജ് മാത്യുവിൻ്റെ നിര്യാണം നാടിനു തീരാനഷ്ടമായി. ഭൗതികശരീരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് പൈകയിലെ വസതിയിൽ കൊണ്ടുവരുന്നതും തുടർന്നു ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് പൈക പള്ളിയിൽ സംസ്കാരം നടക്കുന്നതുമാണ്.

വോളിബോൾ പാലായ്ക്ക് ഹരമാണെങ്കിലും ഇന്ത്യൻ വോളിബോൾ ടീമിലിടം നേടിയ പാലാക്കാരൻ എന്ന ബഹുമതി ഡോ. ജോർജ്ജ് മാത്യുവിന് മാത്രം സ്വന്തമായിരുന്നു. പാലാ സിക്‌സസിനുവേണ്ടി കളിച്ചിട്ടുള്ള ഇദ്ദേഹം സെൻ്റ് തോമസ് കോളേജ് ടീമിലുള്ള കേരളാ യൂണിവേഴ്‌സിറ്റി താരമായി. ഇദ്ദേഹം അംഗമായ ടീമാണ് നാലുവർഷം അഖിലേന്ത്യാ കിരീടം നേടിയത്.

വിഖ്യാത വോളിബോൾ താരം ജിമ്മി ജോർജ്, ജോസ് ജോർജ്, എസ്. ഗോപിനാഥ്, ബ്ലസ്സൻ ജോർജ് എന്നിവർക്കൊപ്പവും കോർട്ടിലിറങ്ങി. 1978-ൽ ജയ്‌പ്പൂരിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്‌സിറ്റി ടൂർണ്ണമെൻ്റിൽ കിരീടം നേടിയ കേരളാ യൂണിവേഴ്‌സിറ്റി ടീമിൻ്റെ ക്യാപ്റ്റനും മറ്റാരുമായിരുന്നില്ല. കേരളാ സ്റ്റേറ്റിനുവേണ്ടി ഏഴുവർഷം കളിച്ച ജോർജ്ജ് മാത്യു 1980-ൽ തിരുപ്പൂരിൽ നടന്ന ഓൾ ഇന്ത്യ വോളിബോൾ ടൂർണ്ണമെൻ്റിൽ ക്യാപ്റ്റൻ പദവിയും വഹിച്ചു. ഇന്ത്യൻ വോളിബോളിൽ ആദ്യമായി 'ഇടപ്പള്ളി" എന്ന ശൈലി പരീക്ഷിച്ചു വിജയിച്ചത് ഡോ. ജോർജ് മാത്യു ആയിരുന്നു. ഒട്ടേറെ മത്സരങ്ങളിൽ ബസ്റ്റ് പ്ലയർ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.  ജോർജ്ജ് മാത്യുവാണ് പാലായിൽ നടന്ന സ്റ്റേറ്റ് സീനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ സെലക്ടർമാരിൽ ഒരാളുമായിരുന്നു. നല്ലൊരു മിമിക്രി കലാകാരനും കൂടിയായിരുന്നു ജോർജ് മാത്യു. ലയൺസ് ക്ലബ്ബിൽ ഉന്നത സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഇദ്ദേഹം പാലായിലെ സാമൂഹ്യ സാംസ്കാരിക കലാകായിക രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു.

ജോർജ് മാത്യു മിന്നിത്തിളങ്ങിയ മറ്റൊരു മേഖല ആതുരശുശ്രൂഷാ രംഗമാണ്. പൈക, പൂവരണി, എലിക്കുളം, കൊഴുവനാൽ പഞ്ചായത്തുകളിലും പരിസര പ്രദേശങ്ങളിലും ഉള്ള ആളുകൾക്ക് എന്തെങ്കിലും അസുഖം ഉണ്ടായാൽ ആദ്യം ഓടിയെത്തുക പുതിയിടം ആശുപത്രിയിൽ ഡോ. ജോർജ് മാത്യുവിന്റെ അടുത്തേക്കായിരുന്നു. ജോർജ് ഡോക്‌ടർ നോക്കി മരുന്നു നൽകിയാൽ മാറാത്ത അസുഖങ്ങൾ ഇല്ലെന്നായിരുന്നു എന്നാണ് ഈ നാട്ടുകാർ വിശ്വസിച്ചിരുന്നത്. അതൊരു കൈപ്പുണ്യം കൂടിയായിരുന്നു. ഇവിടെ എത്തുന്ന രോഗികൾക്കെല്ലാം ഡോക്ട‌ർ പ്രിയ സുഹൃത്ത് കൂടിയായിരുന്നു.
2020ൽ കുറുപ്പന്തറ മറ്റത്തിൽ ജോമിയുടെ മകളായ രണ്ടു വയസുകാരി തെരേസ അമ്മ വീടായ മല്ലികശേരിയിലെ പുത്തൻപുരയ്ക്കൽ വീടിനു സമീപമുള്ള  പൊന്നൊഴുകുംതോട്ടിൽ അബദ്ധത്തിൽ കാൽവഴുതി വീണ് അപകടത്തിൽപ്പെട്ടപ്പോൾ നാട്ടുകാർ കുട്ടിയെ ഡോ ജോർജ് മാത്യുവിൻ്റെ അടുത്തെത്തിക്കുകയും ജോർജ് മാത്യു പ്രഥമ ശുശ്രൂഷ നൽകി ആവശ്യമായ നിർദ്ദേശങ്ങൾ നൽകി പാലാ മരിയൻ സെൻ്ററിലേയ്ക്ക് അയയ്ക്കുകയും ചെയ്തതിനെത്തുടർന്നു കുട്ടി രക്ഷപെടുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ  മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ മരിയൻ സെൻ്ററിൽ സംഘടിപ്പിച്ച സ്നേഹാദരവ് ചടങ്ങിൽ വച്ചു പാലായുടെ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ ഡോ ജോർജ് മാത്യുവിനെ ആദരിക്കുകയും ചെയ്തിരുന്നു.  

പതിറ്റാണ്ടുകൾ പൈകയിൽ പ്രവർത്തിച്ചിരുന്ന ജോർജ് മാത്യുവിൻ്റെ പുതിയിടം ആശുപത്രി പിന്നീട് കൂടുതൽ സൗകര്യങ്ങളോടെ വിളക്കുംമരുതിലേയ്ക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. 

ജോർജ് മാത്യുവിൻ്റെ മാതാവ് റോസമ്മ വൈദ്യരും ഇതേപോലെ തന്നെ നാട്ടുകാരുടെ പ്രിയ വൈദ്യയായിരുന്നു. തുടക്കകാലം മുതൽ തുശ്ചമായ തുക മാത്രമാണു ഫീസായി ജോർജ് മാത്യു വാങ്ങിയിരുന്നത്. ഒരു വൈറൽ പനി ആണെങ്കിലും പുതിയിടത്തു വന്നാൽ ഡോ ജോർജ് മാത്യു എന്ന ഡോ. വർക്കിച്ചനെയും കണ്ട് 200 രൂപ മുടക്കിയാൽ മരുന്നുമായി തിരികെ പോകാമായിരുന്നു. അഥവാ പണം ഒന്നുമില്ലെങ്കിലും ചികിത്സിക്കും. ഇന്നാട്ടിലെ പാവപ്പെട്ട ജനങ്ങൾക്കു ഏറെ ആശ്രയമായിരുന്നു അദ്ദേഹം. പൈകയിലെ ലയൺസ് കണ്ണാശുപത്രി ജോർജ് മാത്യുവിൻ്റെ ശ്രമഫലമായിട്ടാണ് സ്ഥാപിതമായത്.

രാവിലെ തന്നെ ആശുപത്രിയിൽ അദ്ദേഹം എത്തും. അപ്പോഴേയ്ക്കും രോഗികളുടെ വൻനിരതന്നെ ക്ലിനിക്കിനു മുന്നിൽ ഉണ്ടായിരിക്കും. ഒരു മടുപ്പും കൂടാതെ അദ്ദേഹം രോഗികളോട് കുശലം പറഞ്ഞും അവരുടെ വിശേഷങ്ങൾ തിരക്കിയും ചികിത്സിച്ച് മരുന്ന് നൽകും. രാവിലെ ചികിത്സ ആരംഭിക്കുന്ന അദ്ദേഹം പലപ്പോഴും മടങ്ങി വീട്ടിൽ പോയി ആഹാരം കഴിക്കുമ്പോൾ വൈകിട്ടു നാലുമണിയോട് അടുത്തിരിക്കും. ഇതിനിടെ കാപ്പി കുടിയും ഊണുമൊക്കെ സമയം തെറ്റി ആയിരിക്കും. പിന്നീട് വീണ്ടും മടങ്ങിയെത്തി രോഗികളെ പരിശോധിക്കും. അദ്ദേഹത്തിന്റെ ഈ ജീവിത രീതിയായിരുന്നു പിന്നീട് ഉദരസംബന്ധമായ അസുഖങ്ങൾ ബാധിക്കാൻ കാരണവും. സമയത്തു ഭക്ഷണമോ വിശ്രമവോ ഇല്ല. ആറുമാസം മുൻപാണു രോഗം ഗുരുതരമാകുന്നതും പിന്നീട് ഇപ്പോൾ വിയോഗം സംഭവിച്ചതും.

Post a Comment

0 Comments