പാലാ: സമൂഹത്തെ ഔന്നത്യത്തിലേക്ക് നയിച്ച സാഹിത്യരത്നമായിരുന്നു ഇടമറ്റം രത്നപ്പനെന്ന് ഗാന്ധിജി യൂണിവേഴ്‌സിറ്റി മുൻ വൈസ് ചാൻസലർ ഡോക്ടർ ബാബു സെബാസ്റ്റ്യൻ അഭിപ്രായപ്പെട്ടു. പാലാ കിഴതടിയൂർ ബാങ്ക് ആഡിറ്റോറിയത്തിൽ ഇടമറ്റം രത്നപ്പൻ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരിക്കൽ കോട്ടയത്ത് നടന്ന ഒരു സാഹിത്യ സമ്മേളനത്തിൽ സാഹിത്യകാരൻ മധുസൂദനൻ നായർ തന്നോട് പറയുകയുണ്ടായി ഇടമറ്റം രത്നപ്പന്റെ സാഹിത്യ സൃഷ്ടികൾ എത്രയോ ആഴത്തിലുള്ളതാണെന്ന്. സാമൂഹ്യ പ്രതിബദ്ധതയായിരുന്നു അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികളിലെല്ലാം നിറഞ്ഞു നിന്നത്. ചിന്തേരിട്ട് മിനുക്കിയ വാചക ശൈലിയിൽ ഉടനീളം തെളിഞ്ഞു നിന്നതു മനുഷ്യ സ്നേഹമായിരുന്നു.
മൂർച്ചയുള്ള വാക്കുകൾ കൊണ്ട് തിന്മകളെ അദ്ദേഹം കീറി മുറിച്ചിരുന്നു. അദ്ദേഹത്തിന്റെ സാഹിത്യ സൃഷ്ടികൾ മുഴുവനും ഇതിഹാസങ്ങളിലേക്കും വേദങ്ങളിലേക്കും ഇറങ്ങി ചെല്ലുന്നതായിരുന്നു. മലയാള പദങ്ങളുടെ വിശുദ്ധി കാത്ത് സൂക്ഷിച്ച അദ്ദേഹം ആഴത്തിലുള്ള വായനയുടെയും അറിവിന്റെയും നിറകുടമായിരുന്നു. നവഭാരത വേദിയിലൂടെ സുകുമാർ അഴീക്കോടുമായി ചേർന്ന് കൊണ്ട് കേരളമാകെ നടത്തിയ പ്രസംഗങ്ങളിലൂടെ സമൂഹനന്മ ലാക്കായുള്ള ഒരു സാഹിത്യ കാരന്റെ പോരാട്ടമായിരുന്നു കണ്ടതെന്ന് ഡോക്ടർ ബാബു സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി.
ഇടമറ്റം രത്നപ്പന്റെ സമ്പൂർണ്ണ കൃതികളുടെ രണ്ടാം വാല്യം പ്രകാശനം ഉണ്ണികൃഷ്ണൻ കിടങ്ങൂർ ജോഷി ജോണിനു നൽകി നിർവഹിച്ചു. ജോസ് മംഗലശേരി, ചാക്കോ സി പൊരിയത്ത്, ഡി ശ്രീദേവി, ഡോ കെ കെ ബാലകൃഷ്ണൻ, ജി ബാബുരാജ് എന്നിവർ പ്രസംഗിച്ചു.
രവി പുലിയന്നൂർ സ്വാഗതവും വി എം അബ്ദുല്ല ഖാൻ കൃതജ്ഞതയും രേഖപ്പെടുത്തി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.