കുവൈറ്റ്സിറ്റി: കുവൈറ്റിൽ ദേശീയ പതാകയുടെ ഉപയോഗവുമായി ബന്ധപ്പെട്ട 1961-ലെ 26-ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ ഭേദഗതി ചെയ്ത് സമർപ്പിച്ച കരട് നിയമത്തിന് മന്ത്രി സഭായോഗം അംഗീകാരം നൽകി. വിദേശ രാജ്യങ്ങളുടെ ദേശീയ ആഘോഷങ്ങൾ മറ്റ് പ്രത്യേക പരിപാടികളിലും സ്വകാര്യ പരിപാടികളിലും ദേശീയ പതാകകൾ ഉയർത്തുകയോ ഉപയോഗിക്കുകയോ ചെയ്യുന്നത് ഇതുപ്രകാരം ഇനി മുതൽ കുറ്റകരമായിരിക്കും.
മത, സാമൂഹിക, രാഷ്ട്രീയ, ഗോത്ര സംഘടനകളെ പ്രതിനിധാനം ചെയ്യുന്ന പതാകകൾ ഉപയോഗിക്കുന്നതിനും മുദ്രാവാക്യങ്ങൾ ഉയർത്തുന്നതിനും നിരോധനം ബാധകമാണ്. എന്നാൽ കുവൈറ്റിൽ നടക്കുന്ന പ്രാദേശിക, അന്തർദേശീയ കായിക മത്സരങ്ങളിൽ വിദേശ രാജ്യങ്ങളുടെ പതാകകൾ ഉപയോഗിക്കുവാൻ നിയമത്തിൽ അനുമതിയുണ്ട്.
രാജ്യത്തിന് അകത്ത് വിദേശ രാജ്യങ്ങളുടെയോ ഏതെങ്കിലും സംഘടനകളുടെയോ പതാകകൾ ഉയർത്തുന്നവർക്കും ഉപയോഗിക്കുന്നവർക്കും എതിരെ ആറ് മാസത്തിൽ കൂടാത്ത തടവ് ശിക്ഷയും ആയിരം മുതൽ രണ്ടായിരം ദിനാർ പിഴയും കരട് നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. മത, സാമൂഹിക, രാഷ്ട്രീയ, ഗോത്ര സംഘടനകളെ പ്രതിനിധാനം ചെയ്യുന്ന പതാകകൾ ഉപയോഗിക്കുന്നവർക്ക് എതിരെ മൂന്ന് വർഷം കൂടാത്ത തടവും രണ്ടായിരം ദിനാർ മുതൽ പതിനായിരം ദിനാർ വരെ പിഴ ശിക്ഷയും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.
നാട്ടിലെ തെരഞ്ഞെടുപ്പ് വിജയങ്ങൾ ആഘോഷിക്കുന്നതിനും മത, രാഷ്ട്രീയ വിഷയങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി കുവൈറ്റിൽ വിവിധ സംഘടനകൾ അതത് രാഷ്ട്രീയ, മത സംഘടനകൾ കൊടികൾ ഏന്തി പ്രകടനം നടത്തുന്നത് പതിവാണ്. പുതിയ നിയമപ്രകാരം ഇത്തരം പ്രവർത്തനങ്ങൾക്ക് ശിക്ഷാർഹമായിരിക്കും.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.