പാലാ: പാലാ നഗരവും പരിസരപ്രദേശങ്ങളും മഴക്കാലത്ത് വെള്ളപ്പൊക്ക ഭീഷണിയിൽ. മുൻകാലങ്ങളെ അപേക്ഷിച്ച് ഒരു ദിവസം ശക്തിയായും തുടർച്ചയായും മഴ പെയ്താൽ നഗരത്തിൽ വെള്ളം കയറുന്ന അവസ്ഥയാണിന്നുള്ളത്. കിഴക്ക് ഉരുൾപൊട്ടിയാൽ അപ്രതീക്ഷിതമായ വെള്ളപ്പൊക്കത്തിനും പാലാ സാക്ഷ്യം വഹിക്കും.
കാലാവസ്ഥ പ്രവചനമടക്കം നിരവധി സാങ്കേതിക മികവ് സംവീധാനങ്ങൾ സംസ്ഥാനത്തു പ്രവർത്തിക്കുന്നുണ്ടെങ്കിലും അക്കാര്യങ്ങൾ ഉപയോഗപ്പെടുത്താൻ സാധിച്ചിട്ടില്ല.
മെയ് അവസാനവാരത്തിൽ മഴ ശക്തിപ്പെടുമെന്ന അറിയിപ്പ് ഉണ്ടായിട്ടും കാര്യമായ മുൻകരുതലുകൾ ഒന്നും അധികൃതർ സ്വീകരിച്ചിട്ടില്ല. ഉദ്യോഗസ്ഥരെ വിളിച്ചുകൂട്ടി നിർദ്ദേശങ്ങൾ നൽകുന്നതല്ലാതെ ഫലപ്രദമായ നടപടികൾ ഉണ്ടാവാറില്ലെന്നതാണ് പ്രധാന പരാതി. മീനച്ചിലാറ്റിലും കൈവരി തോടുകളിലും അടഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങൾ, മരക്കൊമ്പുകൾ, മൺതിട്ടകൾ ഒക്കെ വേനൽ തീരുന്നതിനു മുമ്പ് ശുചീകരണം നടത്തിയിരുന്നെങ്കിൽ വെള്ളത്തിനു കടന്നു പോകാൻ സാധിക്കുമായിരുന്നു. ഇങ്ങനെയുള്ള മൺതിട്ടകളും തീരമിടിത്തുള്ള മണ്ണും പുല്ലും മരങ്ങളുമെല്ലാം ആറ്റിലും തോട്ടിലും ഉള്ളതിനാൽ ആഴം കുറയുകയും വെള്ളം പരന്നൊഴുകുകയും ചെയ്യുന്ന അവസ്ഥയാണിന്നുള്ളത്.
എല്ലാ വർഷവും മഴക്കെടുതികൾ ഉറപ്പായിട്ടും ഇതിനെതിരെ ജാഗ്രതയോടെ മുന്നൊരുക്കങ്ങൾ നടത്തുവാൻ ഇത്തവണയും തയ്യാറായിട്ടില്ല എന്നതാണ് പാലായുടെ ദുരുയോഗം. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും താലൂക്ക്, വില്ലേജ് അധികൃതരും നേരത്തെ ഉന്നർന്നു പ്രവർത്തിച്ചിച്ചാൽ നഗരത്തിലെ വെള്ളപ്പൊക്കം നിയന്ത്രണ വിധേയമാക്കാൻ സാധിക്കുന്നതേ ഉള്ളൂ.
സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി മുന്നൊരുക്കങ്ങൾ ഉണ്ടെങ്കിലും ഇത്തവണ മഴ തുടങ്ങിക്കഴിഞ്ഞശേഷമാണ് യോഗം തന്നെ നടത്തിയത്. മഴ കാരണം മാഞ്ഞ സീബ്രാലൈൻ പോലും തെളിക്കാൻ പറ്റാത്ത അവസ്ഥയിലാണ് യോഗങ്ങൾ തകൃതിയായി ചേർന്നു പിരിയുന്നത്.
മെയ് മാസം പിന്നിടുന്നതിനു മുമ്പേ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കി അവലോകനം യോഗം ചേർന്ന് ക്രമീകരണങ്ങൾ പൂർത്തീകരിക്കേണ്ടതിന് പകരം മഴയത്ത് യോഗം ചേർന്നു ഉദ്യോഗസ്ഥരും അധികൃതരും പൊടി തട്ടിപ്പോകുകയാണ്. വർഷാവർഷം ചെയ്യേണ്ട ഏർപ്പാടായതിനാൽ മൺസൂൺ മുന്നൊരുക്ക കലണ്ടർ മുൻകൂട്ടി തയ്യാറാക്കി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു നടത്തുകയാണ് വേണ്ടത്. മുൻകാലങ്ങളിലെ പിഴവുകൾ എന്താന്നെന്നു പോലും പരിശോധിക്കാനും തയ്യാറാകാതെ യോഗങ്ങളിൽ മാത്രം മുന്നൊരുക്കം അവസാനിപ്പിക്കുന്നതിനാൽ പാലായിൽ വെള്ളപ്പൊക്ക ഭീഷണി തുടരുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിൻ്റെ നഷ്ടം വ്യാപാരികൾക്കും ജനങ്ങൾക്കും മാത്രമായി മാറും.
പാലായിൽ മൺസൂൺ മുന്നൊരുക്ക കലണ്ടർ തയ്യാറാക്കണമെന്നും എല്ലാ വർഷവും കലണ്ടർ പ്രകാരം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്നും മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. എബി ജെ ജോസ് അധ്യക്ഷത വഹിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.