Subscribe Us



പാലായിലെ സൗകര്യം കുറഞ്ഞ ചില ആശുപത്രികളെക്കുറിച്ച് പരാതികൾ വ്യാപകം; ചികിത്സാ പിഴവും ഇതേത്തുടർന്നു മരണങ്ങളും സംഭവിക്കുന്നതായി ആക്ഷേപം

പാലാ: പാലായിലെ സൗകര്യങ്ങൾ കുറഞ്ഞ ചില ആശുപത്രികളെക്കുറിച്ച് പരാതികൾ വ്യാപകമായി. ഇവിടെങ്ങളിൽ ഗുരുതരമായ ചികിത്സാ പിഴവും ഇതേത്തുടർന്നു മരണങ്ങളും സംഭവിക്കുന്നുണ്ടെന്നാണ് ആക്ഷേപം. പരാതികൾ ഉന്നയിക്കാൻ ആളുകൾ മടിക്കുന്ന സാഹചര്യമാണ് പലപ്പോഴും നടപടികൾക്കു തടസ്സമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ഇക്കഴിഞ്ഞ ദിവസം മൂന്നാനിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒരാൾ അസ്വസ്തത തോന്നിയപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിൽ പോയി. അസ്വസ്തത വയറിന് എരിച്ചിലാണെന്ന ധാരണയിലാണ് ആശുപത്രിയിൽ എത്തിയത്. ഏതായാലും കുത്തിവയ്പ്പൊക്കെ എടുത്തു കഴിഞ്ഞ് അധികം താമസിക്കാതെ ആൾ മരണത്തിന് കീഴടങ്ങി. ആശുപത്രിയിലേയ്ക്ക് നടന്നു കയറിപ്പോയ ആളാണ് മരിച്ചത്. പക്ഷേ ആശുപത്രി അധികൃതർ പോലീസിനു നൽകിയ കത്തിൽ ആളെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചെതെന്നാണ് എഴുതി നൽകിയതെന്നു ആക്ഷേപം ഉയരുകയും തുടർന്നു മരിച്ചയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രശ്നം ഉണ്ടാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇവരും ഇതുവരെ പരാതി നൽകിയിട്ടില്ല.

ഏതാനും മാസം മുമ്പ് പാലായിൽ ഒരു ഓട്ടോ ഡ്രൈവറെ അപകടത്തിൽപ്പെട്ട് സർക്കാർ ഉടമസ്ഥതയിലുള്ള ആശുപത്രിയിൽ എത്തിച്ചു. അപകടത്തെത്തുടർന്ന് ബോധം പോയത് മദ്യപിച്ചിരുന്നത് മൂലമാണെന്നു വിലയിരുത്തി കാര്യമായ ചികിത്സയോ പരിശോധനയോ നൽകിയില്ലെത്രെ. ഇയാളും താമസിക്കാതെ മരണപ്പെട്ടു. ആദ്യം മരണപ്പെട്ടയാളുടെ സഹപ്രവർത്തകർ പരാതി ഉയർത്തിയെങ്കിലും വീട്ടുകാർ പരാതി പറയാൻ വിസമ്മതിക്കുകയായിരുന്നു.

ഇതേ ആശുപത്രിയിൽ കൈയ്ക്കു പരുക്കു പറ്റി ചെന്ന പന്ത്രണ്ടാം മൈൽ സ്വദേശിയായ യുവതിയുടെ കൈ പരിശോധന കൂടാതെ പ്ലാസ്റ്റർ ഇട്ടു വിട്ടു. ഏതാനും ദിവസം കഴിഞ്ഞ് വേദന അസഹ്യമായതോടെ യുവതി സ്വകാര്യ ആശുപത്രിയെ സമീപിച്ചപ്പോൾ കൈയ്യിലെ അസ്ഥി പൊട്ടിയതായും പ്ലാസ്റ്ററിട്ടതിനാൽ കൈ അപകടത്തിലാകുകയും ചെയ്തിരുന്നു. ഇവരും പരാതി പറഞ്ഞിട്ടില്ല.

അടുത്ത കാലത്ത് പരാതി നൽകിയത് പാലായിലെ കാർമ്മൽ ആശുപത്രിക്കെതിരെ മാത്രമാണ്. രാമപുരത്തുള്ള ഒരു കൊച്ചു കുട്ടിയെ രാത്രിയിൽ ഗുരുതരാവസ്ഥയിൽ എത്തിച്ചിട്ടും ചികിത്സ ആവശ്യമില്ലെന്നു പററഞ്ഞു തീർത്തും ജൂനിയറായ ഡോക്ടർ കുട്ടിയെ വീട്ടിലേയ്ക്ക് മടക്കി അയച്ചതിനെത്തുടർന്നു കുട്ടിയ്ക്ക് രോഗം മൂർച്ഛിച്ച് മരിക്കുകയുമായിരുന്നുവെന്നാണ് മാതാപിതാക്കൾ പരാതി നൽകിയത്. 

പുറത്തു വന്നിട്ടുള്ള ഈ സംഭവങ്ങളല്ലാതെ മറ്റു ചികിത്സാ പിഴവുകളും പാലായിൽ  സംഭവിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. പരാതിയില്ല എന്ന ഒറ്റ കാരണത്താൽ അധികൃതരും ഇത്തരം പ്രശ്നങ്ങൾക്കെതിരെ നടപടിയെടുക്കാറില്ല എന്നതും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ ഇടയാക്കുന്നു. ഗുരുതരമായ അശ്രദ്ധയാണ് പലപ്പോഴും ആളുകളുടെ ജീവനെടുക്കുന്ന തലം വരെ എത്തിക്കുന്നത്.

എതെങ്കിലും വിധത്തിൽ പ്രതികരിച്ചാൽ കിരാതമായ ആശുപത്രി സംരക്ഷണ നിയമം പ്രയോഗിച്ചു പരാതിക്കാരെ പീഢിപ്പിക്കാനും ഇടയാകും. നടന്നു ആശുപത്രിയിൽ ചെന്നയാളെ മരിച്ചാണ് കൊണ്ടുചെന്നതെന്നു എഴുതിയതിനു ആക്ഷേപം ഉയർത്തിയവർക്കെതിരെ ഈ കിരാത നിയമം പ്രയോഗിക്കാൻ നീക്കം നടത്തിയതായും പരാതിയുണ്ട്.

അശ്രദ്ധയ്ക്ക് പുറമെ എം ബി ബി എസ് പാസായ പ്രവർത്തി പരിചയം ഒട്ടും ഇല്ലാത്തവരെ രാത്രി കാലങ്ങളിൽ ഡ്യൂട്ടിക്കു നിയോഗിക്കുന്നതും രോഗികളെ പ്രതികൂലമായി ബാധിക്കാറുണ്ട്. ജനപ്രതിനിധികളടക്കമുള്ളവരിൽ ചിലർ ഇത്തരം വിഷയങ്ങളിൽ കുഴപ്പക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നതെന്നും പരാതിയുണ്ട്.


Post a Comment

0 Comments