Subscribe Us



മദ്യലഹരിയിൽ മെയിൻ റോഡിന് കുറുകെ വണ്ടിയിട്ട് ഗതാഗതം തടഞ്ഞ് ആംബുലൻസ് ഡ്രൈവർ: ചോദ്യം ചെയ്തവർക്ക് നേരെ അസഭ്യവർഷം; കസ്റ്റഡിയിലെടുത്ത ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച് പോലീസും

പാലാ: രാമപുരം റോഡിൽ ബൈപ്പാസ് ജംഗ്ഷനു സമീപം മദ്യലഹരിയിൽ ആംബുലൻസ് ഡ്രൈവറുടെ അഭ്യാസപ്രകടനം. ഡ്യൂട്ടി സമയത്തായിരുന്നു ഇയാൾ കുടിച്ചു കൂത്താടി അപകടകരമായ രീതിയിൽ ആംബുലൻസ് ഓടിച്ചതും ചോദ്യം ചെയ്തവർക്ക് നേരെ അസഭ്യവർഷം നടത്തിയതെന്നും നാട്ടുകാർ പറഞ്ഞു. ഒടുവിൽ നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് ട്രാഫിക്ക് പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

KL 27B 1968 എന്ന നമ്പറിലുള്ള മിനി ആംബുലൻസ് ആണ് ഇയാൾ ഓടിച്ചിരുന്നത്. എന്നാൽ സ്റ്റേഷനിൽ എത്തിച്ച ഇയാളെ മദ്യലഹരിയിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ചു എന്ന  കുറ്റം മാത്രം ചുമത്തി സ്റ്റേഷൻ ജാമ്യം അനുവദിച്ച് വിട്ടയച്ചെന്നും പരാതിയുണ്ട്. കല്ലടിയിൽ വീട്ടിൽ സുബിൻ കെ എസ് എന്ന വ്യക്തിയാണ് സംഭവത്തിലെ കുറ്റക്കാരനെന്ന് പൊലീസ് അറിയിച്ചു.
വാഹനം ഓടിച്ച് പെരുവഴിയിൽ അസഭ്യവർഷവും ഗുണ്ടായിസവും കാണിച്ച വ്യക്തിയെ വാഹന പരിശോധനയ്ക്കിടയിൽ മദ്യപിച്ചു എന്ന് കണ്ടെത്തി കേസെടുക്കുകയായിരുന്നു എന്നാണ് പോലീസ് ഭാഷ്യം. സംഭവത്തിന്റെ വിശദാംശങ്ങൾ അറിയുവാൻ സ്റ്റേഷനിൽ വിളിച്ച പത്രമാധ്യമങ്ങളോട് ഇയാളുടെ പേര് വിവരങ്ങളും കാര്യങ്ങളും ശേഖരിക്കുന്നതേയുള്ളൂ എന്നാണ് പോലീസ് വ്യക്തമാക്കിയത്. എന്നാൽ യഥാർത്ഥത്തിൽ ഇയാൾ ആ സമയം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.

ലഹരി വിതരണക്കാരായ ആംബുലൻസ് ഡ്രൈവർമാർ

പാലാ കേന്ദ്രീകരിച്ച് ലഹരി വിതരണം നടത്തുന്നതിൽ ചില ആംബുലൻസ് ഡ്രൈവർമാർക്ക് പങ്കുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ആംബുലൻസിൽ ആയതുകൊണ്ട് തന്നെ പോലീസ് എക്സൈസ് വകുപ്പുകളുടെ പരിശോധനയെ ഭയക്കാതെ ലഹരി കടത്താനും സുരക്ഷിതമായി വിതരണം ചെയ്യുവാനും ഇവർക്ക് സാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പാലായുടെ പല പ്രദേശങ്ങളിലും ഇത്തരത്തിൽ ചില ആംബുലൻസ് ഡ്രൈവർമാർ ആംബുലൻസിലെത്തി ലഹരി വിതരണം ചെയ്യുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. 

Post a Comment

0 Comments