പാലാ: സുരേഷ്ഗോപിക്ക് തൃശൂർ എടുക്കാമെങ്കിൽ ഞങ്ങൾ പൊതുനിരത്തും ഇങ്ങെടുത്തുവെന്ന് പാലായിലെ കെട്ടിട നിർമ്മാണസാമിഗ്രികൾ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനം. ചെത്തിമറ്റത്തുള്ള സ്ഥാപനമാണ് വർഷങ്ങളായി പൊതുനിരത്തിൻ്റെ ഭാഗമായുള്ള ഭാഗം കൈയ്യേറി ഉപയോഗിച്ചു വരുന്നത്. ഈ സ്ഥാപനത്തിൻ്റെ ന്നമീപ പ്രദേശത്തുള്ള പൊതു ഇടങ്ങളെല്ലാം ഇവർ കയ്യേറ്റം നടത്തി ഉപയോഗിക്കുകയാണ്.
സിമൻ്റ് മിക്സ് ചെയ്യുന്ന
ഉപകരണങ്ങളടക്കം വിവിധ നിർമ്മാണ സാമിഗ്രികളാണ് പൊതു ഇടം കൈയ്യേറിയ സ്ഥലത്ത് കൊണ്ടുവന്നിറക്കിയിരിക്കുന്നത്. ഇതുമൂലം ഈ റൂട്ടിൽ യാത്ര ചെയ്യുന്ന വാഹനങ്ങൾക്ക് ഈ മേഖലയിൽ നിർത്താൻ കഴിയാത്ത അവസ്ഥയാണ്. റോഡിൻ്റെ ഇരുവശത്തുകൂടിയും വാഹനങ്ങൾ വേഗതയിലാണ് പോകാറുള്ളത്. ഇവിടെ പെട്ടെന്നൊരു അപകട സാഹചര്യം രൂപപ്പെട്ടാൽ ഓടി മാറാൻ പോലും കാൽനടക്കാർക്കു സാധിക്കില്ല.
ഈ ഭാഗത്ത് നിരവധി സ്ഥാപനങ്ങൾ ഉള്ളതിനാൽ കാൽനടക്കാരും ഏറെയുണ്ട്. രാത്രിയിൽ ഇരുചക്രവാഹനങ്ങളടക്കം അപകടത്തിൽപ്പെടാനുള്ള സാധ്യതയും ഏറെയാണ്. സാധനങ്ങൾ വാടകയ്ക്ക് കൊടുക്കുന്ന സ്ഥാപനം തങ്ങളുടെ സാധനങ്ങൾ വാടക നൽകി സൂക്ഷിക്കാൻ ഏൽപ്പിക്കാതെ പൊതുനിരത്ത് കൈയ്യേറുന്നത് വിരോധാഭാസമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനു തൊട്ടടുത്താണ് മോട്ടോർ വാഹന വകുപ്പിൻ്റെ ഓഫീസെങ്കിലും ഇവരൊന്നും ഈ കൈയ്യേറ്റം കാണുന്നില്ല. പൊതുമരാമത്ത് വകുപ്പ് അധികൃതരും കണ്ണ് അടച്ചു തന്നെ പിടിച്ചിരിക്കുകയാണ്. ഇവരുടെയൊക്കെ ഒത്താശയോടെയാണ് ഈ കൈയ്യേറ്റമെന്നും ആക്ഷേപമുണ്ട്. സ്വന്തം പാർക്കിംഗ് ഏരിയായിൽ സാധനങ്ങൾ കൊണ്ടിടുന്ന ലാഘവത്തോടെ പൊതുനിരത്ത് കൈയ്യേറി സാധനങ്ങൾ കൊണ്ടിടുന്ന കാഴ്ചയും നിത്യസംഭവമാണ്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.