പാലാ: പാലാ നഗരത്തിൽ വ്യാപാരികൾ നേരിടുന്ന ലൈസൻസ് പ്രശ്നങ്ങളും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചുയർന്ന പരാതികളും ചർച്ച ചെയ്യുന്നതിനായി മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ഉദ്യോഗസ്ഥരുടെയും സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളുടെയും അടിയന്തിര യോഗം വിളിച്ചു. രാവിലെ 10.30 നാണ് യോഗം വിളിച്ചിരിക്കുന്നത്.
"ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്ക് പാലാ പറുദീസ; ലൈസൻസ് എടുത്തവരെ വട്ടംചുറ്റിച്ച് നട്ടം തിരിച്ച് നഗരസഭ" എന്ന തലക്കെട്ടിൽ പാലാ നഗരസഭയിൽ വ്യാപകമായി അനധികൃത സ്ഥാപനങ്ങൾ കെട്ടിട നികുതിയും ജി എസ് ടി യും നൽകാതെയും കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ചും പ്രവർത്തിക്കുന്നതു സംബന്ധിച്ചു 'പാലാ ടൈംസ്' വാർത്ത പ്രസിദ്ധീകരിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് ചെയർമാൻ തോമസ് പീറ്റർ അടിയന്തിര യോഗം വിളിച്ചത്.
അനധികൃത സ്ഥാപനങ്ങൾക്കും കെട്ടിടങ്ങൾക്കുമെതിരെ കർശന നടപടികളും ലൈസൻസ് എടുത്തു നിയമാനുസൃതമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കു പരമാവധി സഹായങ്ങൾ നൽകണമെന്ന നിർദ്ദേശം ഉണ്ടായേക്കുമെന്ന സൂചനയുണ്ട്. എന്നാൽ അനധികൃത സ്ഥാപനങ്ങൾക്കും കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ചു പ്രവർത്തനം നടത്തി നഗരസഭയ്ക്കു വരുമാന നഷ്ടം വരുത്തുകയും ചെയ്യുന്നവർക്കു അനുകൂലമായി രാഷ്ട്രീയ കക്ഷികളും പോഷക സംഘടനകളും നിലകൊള്ളുമ്പോൾ ഇക്കാര്യത്തിൽ നഗരസഭാ ഭരണ നേതൃത്വം ശക്തമായ നിലപാട് സ്വീകരിക്കുന്നതിനെ ആശ്രയിച്ചായിരിക്കും നടപടികൾ ഉണ്ടാവുക.
നഗരസഭയുമായി ബന്ധപ്പെട്ട കാര്യങ്ങൾ അപ്പോഴപ്പോൾ വ്യാപാരികളെ അറിയിക്കുന്നതിനും പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനുമായി വാർഡു തിരിച്ചു വ്യാപാര സ്ഥാപനങ്ങൾക്കായി വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ സജ്ജമാക്കി കാര്യക്ഷമമാക്കാൻ ആലോചനയുള്ളതായും സൂചനയുണ്ട്.
അനധികൃത സ്ഥാപനങ്ങൾക്കും കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ചു പ്രവർത്തിക്കുന്ന കെട്ടിടങ്ങൾക്കുമെതിരെ കർശന നടപടിയും നിയമാനുസൃതമായി വ്യാപാരം നടത്തുന്നവർക്കു സഹായകമായ നിലപാടും മുഖം നോക്കാതെ സ്വീകരിക്കാൻ അധികൃതർ തയ്യാറാകണമെന്നാണാവശ്യം.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.