Subscribe Us



ലൈസൻസില്ലാത്ത സ്ഥാപനങ്ങൾക്ക് പാലാ പറുദീസ; ലൈസൻസ് എടുത്തവരെ വട്ടംചുറ്റിച്ച് നട്ടം തിരിച്ച് നഗരസഭ

പാലാ: ലൈസൻസ് എടുക്കാതെ സ്ഥാപനങ്ങൾ നടത്തേണ്ടവർക്കു പാലാ പറുദീസയാവുന്നു. ഇനി ലൈസൽസ് എടുക്കാനാണ് തീരുമാനമെങ്കിൽ വട്ടം കറക്കി നട്ടം തിരിക്കും. അതാണ് പാലാ നഗരസഭ. സംശയമുണ്ടേൽ പാലായിൽ ലൈസൻസ് എടുത്ത് കച്ചവടം നടത്തി വരുന്ന കച്ചവടക്കാരോട് രഹസ്യമായി ചോദിക്കൂ. അവർ പറയും ദുരിതത്തിൻ്റെ കഥകൾ. 

പുതിയ ലൈസൻസിനും ലൈസൻസ് പുതുക്കുന്നതിനുമായി ഓൺലൈൻ വഴിയാണ് അപേക്ഷ നൽകേണ്ടത്. ആവശ്യമായ എല്ലാ രേഖകളും സഹിതം കഴിഞ്ഞ മാർച്ചിൽ ആളുകൾ അപേക്ഷ സമർപ്പിച്ചു. അതിൻ്റെ ഫീസും അടച്ചു. സാധാരണ ഏറെ നാളുകൾക്കു ശേഷമാണ് ലൈസൻസ് രേഖകൾ നൽകാറുള്ളത്. മാസങ്ങൾക്കു ശേഷം ലൈസൻസ് കാര്യം ഓൺലൈനിൽ തിരക്കിയപ്പോഴാണ് ജീവനക്കാരുടെ പ്രൊഫഷൺ ടാക്സ് അടച്ചിട്ടില്ലെന്ന കാരണം പറഞ്ഞ് അപേക്ഷ നിരസിച്ച വിവരം വ്യാപാരികൾ അറിയുന്നത്. 

നിലവിൽ ഇല്ലാതിരുന്ന സംവീധാനമായിരുന്നു ജീവനക്കാരുടെ പ്രൊഫഷൺ ടാക്സ് സംവീധാനം.  അപേക്ഷ സ്വീകരിക്കുന്ന സമയത്ത് ഇക്കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല. അപേക്ഷ സ്വീകരിച്ച് പണം കൈപ്പറ്റിയ ശേഷം രേഖകൾ ഉണ്ടായിരുന്നില്ലെന്ന കാരണം പറഞ്ഞ് അപേക്ഷകൾ നിരസിച്ചത് അധികൃതരുടെ വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പാലായിൽ കൂട്ടത്തോടെയാണ് അപേക്ഷകൾ നിരസിച്ചിരിക്കുന്നത്. ഇതോടെ വ്യാപാരികൾ ഒന്നടങ്കം പ്രതിസന്ധിയിലായിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി മൂലം ആളുകൾ വൻതുക ടാക്സ് അടയ്ക്കണമെന്ന ആവശ്യം ആളുകളെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
അതേ സമയം പാലായിൽ നഗരസഭയിലെ ഉദ്യോഗസ്ഥർ തലങ്ങും വിലങ്ങും പായുന്നുണ്ടെങ്കിലും നിരവധി സ്ഥാപനങ്ങൾ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നുണ്ട്. ഇവ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനോ നഗരസഭയുടെ റവന്യൂ വരുമാനം വർദ്ധിപ്പിക്കുന്നതിനോ ഉദ്യോഗസ്ഥർ തയ്യാറാകുന്നില്ല. ഒട്ടേറെ കെട്ടിട ഉടമക ൾ പെർമിറ്റ് ഇല്ലാത്ത കെട്ടിടങ്ങളുടെ ഭാഗങ്ങൾ അനധികൃതമായി വാടകയ്ക്ക് നൽകി വരുമാനം നേടുമ്പോൾ ഉദ്യോഗസ്ഥർക്കു ഇതൊന്നും ശ്രദ്ധിക്കാൻ നേരമില്ല. തട്ടുകടകൾ മുതൽ പാലായിൽ നിരവധി അനധികൃത സ്ഥാപനങ്ങൾ വ്യാപകമായി പ്രവർത്തിച്ചു വരികയാണ്. പരാതികൾ ഉയരുമ്പോൾ ചില സ്ഥാപനങ്ങൾക്കു നോട്ടീസ് നൽകിയെന്നു വരുത്തി തീർക്കുന്ന നടപടി മാത്രമാണ് ഉദ്യോഗസ്ഥർ ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്. പണിമുടക്കിൽ പങ്കെടുക്കാൻ കാണിക്കുന്ന ആവേശത്തിൻ്റെ നാലിലൊന്ന് താത്പര്യം അനധികൃത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കാൻ കാണുന്നില്ലെന്ന പരാതിയും വ്യാപകമാണ്. 

മലിനീകരണം, പ്രൊഫഷണൽ ടാക്സ് പിരിവ് തുടങ്ങിയ കാര്യങ്ങൾക്കായി എല്ലാ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥർ വർഷത്തിൽ പല തവണ വരാറുണ്ടെങ്കിലും ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാറില്ല. കെട്ടിട നിർമ്മാണ പെർമിറ്റില്ലാത്തതും കെട്ടിട നിർമ്മാണ ചട്ടം ലംഘിച്ചതുമായ ഒട്ടേറെ കെട്ടിടങ്ങൾ പാലായിൽ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ പ്രവർത്തിച്ചു വരുന്നുണ്ടെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

Post a Comment

0 Comments