ചിത്രം: എ ഐ
പാലാ: വൈദ്യുതി വകുപ്പ് ജീവനക്കാർ കൂട്ടത്തോടെ പണിമുടക്കിനെ പിന്തുണച്ചു ജോലിയിൽ വിട്ടു നിന്നപ്പോൾ പൊട്ടിവീണ വൈദ്യുതി ലൈൻമൂലം ഉണ്ടാകുമായിരുന്ന വൻ ദുരന്തം വഴി മാറിയത് തലനാരിഴയ്ക്ക്. പോണാട് അമ്പലത്തിനു സമീപം ഇന്നലെയാണ് വൈദ്യുതി ലൈൻ പൊട്ടിവീണത്. പൊട്ടിവീണ വൈദ്യുതി ലൈനിൽ തട്ടി വേണു എന്നയാളുടെ പശു ചത്തുപോകുകയും ചെയ്തു. പിന്നീട് പശു വൈദ്യുതി ലൈനിൽ തട്ടി ചത്തത് കണ്ടെത്തിയതിനെത്തുടർന്നു അപകട വിവരം അറിയിച്ച് വൈദ്യുതി ലൈൻ ഓഫാക്കാനായി പാലാ വൈദ്യുതി ഭവനിൽ വിളിച്ചെങ്കിലും ഫോൺ എടുക്കാൻ പോലും ആരും ഉണ്ടായില്ലെന്നു പറയപ്പെടുന്നു. നിരവധി തവണ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെത്തുടർന്നു തിരുവനന്തപുരത്ത് വൈദ്യുതി ഉപഭോകൃത സംവീധാനത്തിൽ വിളിച്ചാണത്രെ വൈദ്യുതി ലൈൻ പൊട്ടിവീണ അപകടവിവരം അറിയിച്ചതും പിന്നീട് വൈദ്യുതി പ്രവാഹം നിർത്തിവയ്പ്പിച്ചതും. ഇതോടെയാണ് ഉണ്ടായേക്കാവുന്ന വൻ ദുരന്തം തലനാരിഴയ്ക്ക് വഴിമാറിയത്.
സുരക്ഷാ പരിഗണനയുള്ള വൈദ്യുതി വിതരണ ശൃംഖലയിലെ പാലാ സെക്ഷനിൽ ഇന്നലെ ഒറ്റ ജീവനക്കാർ പോലും ജോലിയ്ക്ക് ഹാജരായിട്ടില്ലെന്നു പറയപ്പെടുന്നു. ഒന്നോ രണ്ടോ പേർ മാത്രം അനൗദ്യോഗികമായി എത്തിയതേ ഉള്ളത്രെ. കനത്ത മഴയും കാറ്റും ഉള്ള കാലാവസ്ഥയിൽ വൈദ്യുതിയുമായി ബന്ധപ്പെട്ടു തടസ്സങ്ങൾക്കും അപകടങ്ങൾക്കും ഏറെ സാധ്യത നിലനിൽക്കുമ്പോഴാണ് ഇവയൊന്നും പരിഗണിക്കാതെ ജീവനക്കാർ ഒന്നടക്കം പണിമുടക്കിൽ പങ്കെടുത്തു ഗുരുതരമായ സുരക്ഷാവീഴ്ച വരുത്തിയതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സാധാരണഗതിയിൽ സുരക്ഷാ പ്രശ്നങ്ങൾക്കു അതീവ പരിഗണന നൽകുന്ന വൈദ്യുതി മേഖല പോലുള്ളയിടങ്ങളിൽ അത്യാവശ്യകാര്യങ്ങൾക്കു ഏതു പ്രശ്നം വന്നാലും ജീവനക്കാരെ നിയോഗിക്കാറുണ്ടെങ്കിലും ഇന്നലെ പാലായിൽ ഒരാൾ പോലും ജോലിയിൽ പ്രവേശിക്കാതെ പണിമുടക്കിൽ പങ്കെടുക്കുകയായിരുന്നു. മേലുദ്യോഗസ്ഥർ ഇത്തരം മേഖലകളിൽ സുരക്ഷയെ മുൻനിർത്തി അത്യാവശ്യഘട്ടങ്ങൾ കൈകാര്യം ചെയ്യാൻ ജീവനക്കാരെ നിയോഗിക്കാറുണ്ട്.
പണിമുടക്കുമായി ബന്ധപ്പെട്ടു ഗുരുതരമായ സുരക്ഷാവീഴ്ചയാണ് ഇന്നലെ ഉണ്ടായിരിക്കുന്നത്. പശുവിനു പകരം മനുഷ്യനു സംഭവിക്കാമായിരുന്നു ദുരന്തമാണ് തലനാരിഴയ്ക്ക് വഴിമാറിപ്പോയത്. പണിമുടക്ക് വിജയിപ്പിക്കാനുള്ള ആവേശത്തിൽ സുരക്ഷാ പ്രാധാന്യമുള്ള കാര്യങ്ങൾക്കു പരിഗണന നൽകാതിരുന്ന നടപടി ഗുരുതരമായ സുരക്ഷാ പാളിച്ചയിലേയ്ക്കാണ് വിരൾ ചൂണ്ടുന്നത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.