ന്യൂഡൽഹി: 12, 28 ശതമാനം സ്ലാബുകൾ ഒഴിവാക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം അംഗീകരിച്ചു. ഇനി മുതൽ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകൾ മാത്രമായിരിക്കും ജിഎസ്‌ടിക്ക് ഉണ്ടാകുക. ഇതിന് ജിഎസ്‌ടി കൗൺസിലിൽ ഇനി അംഗീകാരം ലഭിക്കേണ്ടതുണ്ട്. ഈ മാറ്റത്തിലൂടെ, 12% നികുതിയുണ്ടായിരുന്ന ഏകദേശം 99% ഉത്പന്നങ്ങളും 5% സ്ലാബിലേക്ക് മാറും. അതുപോലെ, 28% സ്ലാബിലുള്ള 90% ഉത്പന്നങ്ങൾ 18% സ്ലാബിലേക്ക് മാറും. അതേസമയം, പുകയില ഉത്പന്നങ്ങൾ, ആഡംബര വസ്തുക്കൾ എന്നിവക്ക് 40% ഉയർന്ന നികുതി തുടരും. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ചെങ്കോട്ടയിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ജി.എസ്.ടി ഇളവുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.
പുതിയ നികുതി ഘടന കുടുംബങ്ങൾക്കും കർഷകർക്കും സാധാരണക്കാർക്കും വലിയ ആശ്വാസം നൽകുമെന്നാണ് മന്ത്രിതല സമിതിയുടെ വിലയിരുത്തൽ. മരുന്നുകൾ, പാക്കേജ്ഡ് ഭക്ഷണ പദാർത്ഥങ്ങൾ, വസ്ത്രങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവയുടെ വില കുറയാൻ ഇത് സഹായിക്കും. ഈ ശുപാർശകൾ അന്തിമ അംഗീകാരത്തിനായി ജി.എസ്.ടി. കൗൺസിലിന് അയച്ചിട്ടുണ്ട്. ജി.എസ്.ടി. 2.0 എന്ന് വിശേഷിപ്പിക്കുന്ന ഈ നീക്കം, 2017-ൽ ജി.എസ്.ടി. നടപ്പാക്കിയതിന് ശേഷമുള്ള ഏറ്റവും വലിയ പരിഷ്കാരങ്ങളിലൊന്നായിരിക്കും.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.