Subscribe Us



വാറണ്ടി കാലയളവിൽ സേവനം നിഷേധിച്ച വൺപ്ലസ് കമ്പനിക്ക് പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ

പാലാ: വാറണ്ടി കാലയളവിൽ കേടായ ടി വി നന്നാക്കി നൽകാതിരുന്നതിന് വൺപ്ലസ് കമ്പനിക്ക് പിഴ ചുമത്തി കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ.

പാലാ സ്വദേശിനി ആഷ്മി ജോസ് കുരിശിങ്കൽ നൽകിയ പരാതിയിലാണ് ഉത്തരവ്. 30 ദിവസത്തിനുള്ളിൽ ടി വി പ്രവർത്തനക്ഷമമാക്കി നൽകുകയും സേവന വീഴ്ചയ്ക്ക് നഷ്ടപരിഹാരമായി  10,000 രൂപ നൽകുകയും ചെയ്യണം. ടെലിവിഷൻ പ്രവർത്തനക്ഷമമാക്കുവാൻ കാലതാമസം വരുത്തിയാൽ ഉത്തരവ് ഇറങ്ങിയ തീയതി മുതൽ ടെലിവിഷൻ പ്രവർത്തനക്ഷമമാക്കി നൽകുന്നതുവരെ പ്രതിവർഷം 15,000 രൂപ ഒൻപത് ശതമാനം പലിശയോടുകൂടി പരാതിക്കാരിക്ക് നൽകണം. നഷ്ടപരിഹാര തുക നൽകുന്നതിൽ കാലതാമസം വരുത്തിയാൽ പ്രതിവർഷം തുകയുടെ ഒൻപത് ശതമാനം പലിശയോടുകൂടി പരാതിക്കാരിക്ക് നൽകണമെന്ന് കമ്മീഷൻ കമ്പനിയോട് നിർദ്ദേശിച്ച് ഉത്തരവായി. പരാതിക്കാരിക്ക് വേണ്ടി അഡ്വ മാണി ജോസ് മുണ്ടത്താനവും അഡ്വ ക്രിസ്റ്റി തോമസ് പുളിക്കിയിലും ഹാജരായി.

2022 സെപ്റ്റംബർ 26ന് ആമസോൺ ഓൺലൈനിൽ നിന്ന് 30,000 രൂപയ്ക്ക് രണ്ടുവർഷ വാറണ്ടിയുള്ള വൺപ്ലസ് കമ്പനിയുടെ ടി.വി. വാങ്ങിയത്.  2024 ൽ വാറണ്ടി നിലനിൽക്കെ ടിവി തകരാറിലായി. ഇത് കമ്പനിയെ അറിയിച്ചെങ്കിലും കമ്പനി തകരാർ പരിഹരിച്ച് നൽകാത്തതിനെ തുടർന്നാണ് വക്കീൽ മുഖേന കോട്ടയം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷന്റെ പാലാ ക്യാമ്പ് സിറ്റിങ്ങിൽ പരാതി നൽകിയത്. പരാതി വിശദമായി പരിശോധിച്ച മനുലാൽ വി എസ് പ്രസിഡന്റും ബിന്ദു ആർ, കെ എം ആന്റോ എന്നിവർ അംഗങ്ങളുമായിട്ടുള്ള കോട്ടയം ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ വാറണ്ടി പീരിയഡിൽ നൽകേണ്ട സേവനം വൺപ്ലസ് കമ്പനി നൽകിയിട്ടില്ലെന്ന് കണ്ടെത്തി ഉത്തരവിടുകയായിരുന്നു.

Post a Comment

0 Comments