ചികിത്സ ആവശ്യമായ പാലാ ജനറൽ ആശുപത്രി പരമ്പരയ്ക്ക് തുടക്കം. പരമ്പര - ഒന്ന്
പാലാ: പാലാ ജനറൽ ആശുപത്രിയെ ഉഗാണ്ടയായി കണക്കാക്കിയാൽ അവിടെ 'ഇദി അമീൻ' ഭരണമാണെന്നാക്ഷേപം.
ആശുപത്രി സൂപ്രണ്ടിൻ്റെ ഏകാധിപത്യത്തിനെതിരെ ജീവനക്കാർക്കിടയിൽ തന്നെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. സൂപ്രണ്ടിൻ്റെ തോന്നിവാസമാണ് ആശുപത്രിയിൽ നടക്കുന്നതെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. സംസ്ഥാനത്തെ ഒരു മന്ത്രിയുടെ ബന്ധുവാണെന്നാണ് പറയപ്പെടുന്നത്. ഈ സ്വാധീനമുപയോഗിച്ചാണ് തോന്നിവാസങ്ങളെല്ലാം അരങ്ങേറുന്നത്.
ജനറൽ ആശുപത്രിയിലെ പാർക്കിംഗ് ഏരിയായുടെ ചുമതല കുടുംബശ്രീക്കാർക്കാണ് കൊടുക്കാറുള്ളത്. സാധാരണഗതിയിൽ വർഷം തോറും ആളുകളെ മാറ്റിനിയമിക്കാറാണ് പതിവ്. എന്നാൽ നിലവിലുള്ളവർ ഒരു വർഷം പിന്നിട്ടും മാറിയിട്ടില്ല. സൂപ്രണ്ടിൻ്റെ സ്വാധീനമാണ് ഇതിനു പിന്നിലെന്നാണ് പരക്കെ ആക്ഷേപം.
ആശുപത്രിയിലെ പാർക്കിംഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ച് വ്യാപകമായ പരാതിയാണ് എപ്പോഴും ഉയർന്നിട്ടുള്ളത്. വാക്കേറ്റവും കയ്യേറ്റങ്ങളും വരെ ഇവിടെ എത്തുന്നവർക്കെതിരെ നടക്കാറുണ്ട്. ഇതേക്കുറിച്ച് പരാതികൾ ഉയരുന്നതെല്ലാം ഒതുക്കി തീർക്കുന്നതിനാൽ ഇത്തരം സംഭവങ്ങൾ നിരന്തരം ആവർത്തിക്കപ്പെടുകയാണ്.
ഇതിനിടെ ദിവസ വേതനക്കാർക്ക് അടുത്തിടെ ശമ്പളം വർദ്ധിപ്പിച്ചിരുന്നുവെത്രെ. അതും സൂപ്രണ്ടിൻ്റെ അടുപ്പക്കാർക്കായി മാത്രമാണ് ഇങ്ങനെ വർദ്ധിപ്പിച്ചതെന്നും പറയപ്പെടുന്നു. ഇതേക്കുറിച്ച് മറ്റുള്ള ജീവനക്കാർ ചോദിച്ചപ്പോൾ നിലവിലുള്ള ശമ്പളത്തിൽ ജോലി ചെയ്യാമെങ്കിൽ ചെയ്താൽ മതിയെന്ന നിലപാടാണ് സൂപ്രണ്ടെടുത്തതെന്നും ആക്ഷേപമുണ്ട്.
പാലാ ജനറൽ ആശുപത്രി റഫറൽ ആശുപത്രിയായതിനാൽ റഫർ ചെയ്യുകയാണ് പ്രധാന പരിപാടിയെന്നു നാട്ടുകാർ കുറ്റപ്പെടുത്തുന്നു. 24 മണിക്കൂറും പ്രവർത്തിച്ചിരുന്ന എക്സ്റേ എടുക്കൽ 12 മണിക്കൂറാക്കി ചുരുക്കിയാണ് കാര്യക്ഷമത വെളിവാക്കുന്നത്.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.