തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഈ വർഷം നടത്തുന്ന പൊതു തിരഞ്ഞെടുപ്പിനുളള അന്തിമ വോർട്ടർപട്ടിക പ്രസിദ്ധീകരിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.
സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിലെയും 86 മുനിസിപ്പാലിറ്റികളിലെയും 6 മുനിസിപ്പൽ കോർപ്പറേഷനുകളിലെയും വോട്ടർപട്ടികയാണ് അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ ഇന്ന് (17.06.2020) അന്തിമമാക്കി പ്രസിദ്ധീകരിച്ചത്. അന്തിമ വോട്ടർ പട്ടികയിൽ ആകെ 2,62,24,501 വോട്ടർമാരാണ് ഉൾപ്പെട്ടിട്ടുള്ളത്. 1,25,40,302 പുരുഷൻമാർ, 1,36,84,019 സ്ത്രീകൾ, 180 ട്രാൻസ്‌ജെണ്ടർമാർ എന്നിങ്ങനെയാണ് അന്തിമപട്ടികയിലെ വോട്ടർമാർ.
പുതിയതായി 6,78,147 പുരുഷന്മാർ, 8,01,328 സ്ത്രീകൾ 66 ട്രാൻസ്‌ജെണ്ടർമാർ എന്നിങ്ങനെ 14,79,541 വോട്ടർമാരെ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് അന്തിമവോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്. മരണപ്പെട്ടവർ, സ്ഥിരതാമസമില്ലാത്തവർ തുടങ്ങിയ 4,34,317 വോട്ടർമാരെ കരട് പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
വോട്ടർപട്ടിക പുതുക്കുന്ന ആവശ്യത്തിലെയ്ക്ക് തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലുണ്ടായിരുന്ന പട്ടിക കരടായി ജനുവരി 20 ന് പ്രസിദ്ധീകരിച്ചിരുന്നു. കരട് പട്ടികയിൽ ആകെ 2,51,58,230 വോട്ടർമാരുണ്ടായിരുന്നു. മാർച്ച് 16 വരെ ലഭിച്ച അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ചാണ് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത്.
941 ഗ്രാമപഞ്ചായത്തുകൾ 152 ബ്ലോക്ക് പഞ്ചായത്തുകൾ 14 ജില്ലാ പഞ്ചായത്തുകൾ 86 മുനിസിപ്പാലിറ്റികൾ 6 മുനിസിപ്പൽ കോർപ്പറേഷനുകൾ എന്നിവിടങ്ങളിലാണ് ഈ വർഷം പൊതുതിരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇപ്പോൾ പ്രസിദ്ധീകരിച്ച വോട്ടർപട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് പേര് ചേർക്കുന്നതിന് തിരഞ്ഞെടുപ്പിനു മുമ്പ് തന്നെ രണ്ട് അവസരങ്ങൾ കൂടി നൽകും.
മലപ്പുറം ജില്ലയിലെ എടയൂർ, എടപ്പാൾ എന്നീ ഗ്രാമ പഞ്ചായത്തുകൾ കോവിഡ് പ്രോട്ടോകോൾമൂലം അടച്ചിട്ടിരിക്കുന്നതിനാൽ അവ തുറക്കുന്ന മുറയ്ക്ക് വോട്ടർപട്ടിക പരിധോധനയ്ക്ക് ലഭ്യമാക്കുന്നതാണ്.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.