പാലാ: തലകറക്കം അഭിനയിച്ച് വീട്ടിൽ കയറിപ്പറ്റി സ്വർണ്ണവും പണവും അടിച്ചുമാറ്റിയ സ്ത്രീകളിൽ ഒരാൾ പിടിയിൽ. ചേർത്തല സന്ധ്യഭവനിൽ രാധാമണി (65) ആണ് പിടിയിലായതെന്ന് പാലാ പോലീസ് അറിയിച്ചു. ഇവർ ഇപ്പോൾ കൊല്ലം ശൂരനാട് വടക്കുംകര ഇരുകണ്ടംവിള വീട്ടിൽ വാടകയ്ക്ക് താമസിക്കുകയാണ്. മോഷണത്തിന് സഹായിച്ച സുഹൃത്ത് തുളസിക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു.
2019 ഡിസംബർ 4ന് പാലാ വള്ളിച്ചിറയിലായിരുന്നു സംഭവം. വേളാങ്കണ്ണിക്ക് നേർച്ച കൊണ്ടും പോകാം, കൈ നോക്കാം എന്നു പറഞ്ഞ് വള്ളിച്ചിറ ചാലാടിയിൽ പ്രിയ മഹേഷിൻ്റെ വീട്ടിലെത്തിയ രാധാമണിയും തുളസിയും പ്രിയയുമായി സൗഹൃദത്തിലായതായി പോലീസ് പറഞ്ഞു. ഇതേക്കുറിച്ചു പാലാ പോലീസ് പറയുന്നത് ഇപ്രകാരം: കുടുംബകാര്യങ്ങൾ സംസാരിച്ച് ജ്യോതിഷത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് പറഞ്ഞ് 250 രൂപ തട്ടിയെടുത്തു. തുടർന്ന് തുളസി തലകറക്കം അഭിനയിച്ച് വീഴുകയായിരുന്നു. വെള്ളവും മരുന്നമെടുക്കാൻ അകത്തേക്ക് പ്രിയ അടുക്കള ഭാഗത്തേക്ക് പോയതോടെ രാധാമണി വീടിനുള്ളിൽ കയറി അലമാരിയിൽ നിന്നും മാലയും വളയും ഉൾപ്പെട്ടെ 7 പവൻ്റെ ആഭരണങ്ങളും 3000 രൂപയും മോഷ്ടിക്കുകയായിരുന്നു. വെള്ളവും മറ്റും കുടിച്ച് ഏറെ നേരത്തിന് ശേഷമാണ് ഇവർ വീട്ടിൽ നിന്നും പോയത്. പിന്നീടാണ് ആഭരണങ്ങളും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഇതോടെ പോലീസിൽ പരാതിപ്പെടുകയായിരുന്നു. അന്വേഷണം ഊർജിതമായി നടന്നെങ്കിലും തുമ്പൊന്നും ലഭിച്ചിരുന്നില്ല.
കഴിഞ്ഞദിവസം ഇതേ തട്ടിപ്പുമായി പ്രതികൾ കരൂർ ഭാഗത്ത് എത്തിയിരുന്നു. സംഭവം അറിഞ്ഞ പോലീസ് ഇവരെ വളഞ്ഞു പിടിച്ചെങ്കിലും തുളസി രക്ഷപെടുകയായിരുന്നു. പാലാ ഡിവൈഎസ്പി കെ ബൈജുകുമാറിൻ്റെ നേതൃത്വത്തിൽ എസ്എച്ച്ഒ അനൂപ് ജോസ്, എസ്ഐമാരായ സിദ്ദിഖ് അബ്ദുൾ ഖാദർ, സാജു കുര്യാക്കോസ്, തോമസ് സേവ്യർ, എഎസ്ഐ ബിജു, ലക്ഷ്മി എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻ്റിയായ പ്രതിയെ തൃശൂരിലെ കേന്ദ്രത്തിൽ ക്വാറൻ്റെെനിൽ പാർപ്പിച്ചിരിക്കുകയാണ്.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.