Subscribe Us



മഴക്കെടുതി: ദുരന്തനിവാരണ പ്ലാൻ തയ്യാറാക്കാൻ എം എൽ എ നിർദ്ദേശം നൽകി


മഴക്കെടുതികൾ നേരിടുന്നതിൻ്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ മാണി സി കാപ്പൻ എം എൽ എ യുടെ നേതൃത്വത്തിൽ ചേർന്ന യോഗം


പാലാ: മഴക്കാലത്തോടനുബന്ധിച്ചു പേമാരി, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം മുതലായവയ്ക്കു സാധ്യതയുള്ളതിനാൽ ദുരന്തനിവാരണ പ്ലാൻ തയ്യാറാക്കാൻ മാണി സി കാപ്പൻ എം എൽ എ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നിർദ്ദേശം നൽകി. മഴക്കെടുതികൾ നേരിടുന്നതിനായുള്ള ക്രമീകരണങ്ങൾ വിലയിരുത്താൻ എം എൽ എ വിളിച്ചു ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെടുതികൾ നേരിട്ടറിയിക്കാൻ പൊതു ജനങ്ങൾക്കായി ഹെൽപ്പ് ലൈൻ നമ്പർ ഏർപ്പെടുത്തും. തോടുകളും കനാലുകളും വൃത്തിയാക്കും. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാനും ഓടകൾ വൃത്തിയാക്കാനും നടപടിയെടുക്കും. നടപ്പാതകളിൽ അപകടാവസ്ഥയിലുള്ള സ്ലാബുകൾ മാറ്റി സ്ഥാപിക്കും. അപകടാവസ്ഥയിലുള്ള വൈദ്യുതി പോസ്റ്റുകൾ മാറ്റി സ്ഥാപിക്കാൻ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മാലിന്യ സംസ്ക്കരണത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നടപടിയെടുക്കണം. കൊതുക് - എലി - പ്രാണി - ജല ജന്യ രോഗങ്ങൾക്കെതിരെയുള്ള നടപടികളുടെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങൾ നടപ്പാക്കും. പോലീസിനെയും ഫയർഫോഴ്‌സിനെയും സഹായിക്കുന്നതിനായി എമർജൻസി റെസ്പോൺഡ് ടീം രൂപീകരിക്കും.

പോലീസിൻ്റെ ആവശ്യപ്രകാരം ബാരിക്കേഡുകൾ തയ്യാറാക്കി നൽകാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു നിർദ്ദേശം നൽകി. ഫയർഫോഴ്സിൻ്റെ ആവശ്യപ്രകാരം ലൈഫ് ജാക്കറ്റുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും. കൊറോണയുടെ പശ്ചാത്തലത്തിൽ കൂടുതൽ ദുരിതാശ്വാസ ക്യാമ്പുകൾ കണ്ടെത്താനും അവിടെ ആസ്ഥാന സൗകര്യങ്ങൾ ഉറപ്പു വരുത്താനും ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു.

പാലാ ആർ ഡി ഒ എം റ്റി അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പ്രേംജി ആർ, പഞ്ചായത്ത് പ്രസിഡൻ്റുമാരായ ജയ്സൺ പുത്തൻകണ്ടം, ബൈജു പുതിയിടത്തുചാലിൽ, രാജൻ മുണ്ടമറ്റം, സാബു എ തോമസ്, എം പി സുമഗലാദേവി, പാലാ സി ഐ വി എ സുരേഷ്, മീനച്ചിൽ തഹസീൽദാർ, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, റവന്യൂ, പോലീസ്, ഫയർ, പൊതുമരാമത്ത്, ആരോഗ്യം, ജലവിഭവം, വൈദ്യുതി, കൃഷി, സാമൂഹ്യനീതി, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥർ, മുനിസിപ്പൽ,പഞ്ചായത്ത് സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments