Subscribe Us



കോവിഡ് പരിശോധനയ്ക്ക് ശേഷം കുറുമണ്ണ്, മെഡിക്കൽ കോളജ്, ഈരാറ്റുപേട്ട, പയസ്മൗണ്ട് ഭാഗങ്ങളിൽ കറങ്ങിയ ആളുടെ ഫലം പോസിറ്റീവ്; വില്ലനായ 55 കാരനെ പിടികൂടി ചികിത്സാകേന്ദ്രത്തിലേക്ക് അയച്ചു

എലിവാലി: കോവിഡ് പരിശോധനയ്ക്ക് വിധേയനായ ആൾ നാട്ടിലാകെ കറങ്ങി നടന്ന് തിരികെ വന്നപ്പോൾ പരിശോധനാഫലം പോസിറ്റീവ്. ഇതേത്തുടർന്ന് കടനാട് പഞ്ചായത്ത് അധികൃതരും ആരോഗ്യ പ്രവർത്തകരും ചേർന്ന് വഴിയിൽ വച്ചു പിടികൂടി ചികിത്സാ കേന്ദ്രത്തിലേയ്ക്ക് അയച്ചു.

വണ്ണപ്പുറം സ്വദേശിയായ 55 കാരനാണ് നേരം ഇരുട്ടിവെളുത്തപ്പോൾ നാട്ടുകാരുടെ വില്ലനായത്. തൊടുപുഴയിൽ കോവിഡ് പരിശോധന നടത്തിയ ശേഷം കടനാട് പഞ്ചായത്തിലെ ഏഴാം വാർഡിൽപ്പെട്ട കുറുമണ്ണ് ഭാഗത്തുള്ള ബന്ധുവിൻ്റെ വീട്ടിലാണ് ഇയാൾ എത്തിയത്. ആൾ താമസമില്ലാത്ത വീടിൻ്റെ തിണ്ണയിലാണ് ഇയാൾ കിടന്നിരുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ഒരാൾ ഈ വീടിൻ്റെ തിണ്ണയിൽ മരിച്ചു കിടക്കുന്നതായി നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ജയിസൺ പുത്തൻകണ്ടത്തിൻ്റെ നേതൃത്വത്തിൽ അധികൃതർ എത്തിയെങ്കിലും കാണാൻ കഴിഞ്ഞില്ല. തുടർന്നു സമീപപ്രദേശത്തും തിരഞ്ഞുവെങ്കിലും ഫലം കണ്ടില്ല. അതിനിടെ ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി വിവരം ലഭിച്ചതായി പ്രസിഡൻ്റ് പറഞ്ഞു.

വൈകിട്ട് 5 മണിയോടെ മേലുകാവ് പഞ്ചായത്തിലെ പൈകടപീടിക ഭാഗത്ത് ഇയാൾ എത്തിയ വിവരം നാട്ടുകാർ അറിയിച്ചതിനെത്തുടർന്നു കടനാട് പഞ്ചായത്ത് മെമ്പർ വി ജി സോമൻ, ഡോ യശോദരൻ ഗോപാലൻ എന്നിവരുടെ നേതൃത്വത്തിൽ മേലുകാവ് പോലീസിൻ്റെ സഹായത്തോടെ ഇയാളെ പിടികൂടുകയായിരുന്നു. ഇയാളിൽ നിന്നും ലഭ്യമായ വിവരമനുസരിച്ചു കോട്ടയം മെഡിക്കൽ കോളജ്, ഈരാറ്റുപേട്ട, പയസ്മൗണ്ട് ഭാഗങ്ങളിൽ ഇയാൾ എത്തിയിട്ടുണ്ട്. ബസ്സിലായിരുന്നു സഞ്ചാരമെന്നും ബോധ്യപ്പെട്ടതായി ജയിസൺ പുത്തൻകണ്ടം പറഞ്ഞു. ഇയാളുടെ സമ്പർക്കപ്പട്ടിക വിപുലമാകാൻ ഇടയുണ്ടെന്നു അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ആരോഗ്യവകുപ്പുമായി ചേർന്നു നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു.

Post a Comment

0 Comments