Subscribe Us



പാലായിൽ കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രതിസന്ധി രൂക്ഷമാകുന്നു


പാലാ: കേരളാ കോൺഗ്രസ് രാഷ്ട്രീയത്തിൽ പ്രതിസന്ധി രൂക്ഷമായി. പ്രാദേശികതലത്തിൽ നേതാക്കൾ ജോസ് വിഭാഗത്തോടു കൂട്ടത്തോടെ വിട പറയാൻ തുടങ്ങിക്കഴിഞ്ഞു. എന്നാൽ ജോസഫ് വിഭാഗത്തിൽ നിന്നും ആരെയും കൂടെകൂട്ടാൻ ജോസ് വിഭാഗത്തിനായിട്ടില്ല.

കൊഴുവനാൽ പഞ്ചായത്തിലെ പ്രമുഖ നേതാവും ജില്ലാ പഞ്ചായത്ത് മുൻ അംഗവും പഞ്ചായത്ത് മുൻ പ്രസിഡൻറും ജില്ലാ സെക്രട്ടറിയുമായ ജോസ്മോൻ മുണ്ടയ്ക്കൽ ജോസ് വിഭാഗവുമായി യുള്ള ബന്ധം ഉപേക്ഷിച്ചു. അതേ സമയം ജോസ്‌മോൻ പാർട്ടിയിൽ ഇല്ലാത്തയാളാണെന്ന് ജോസ് വിഭാഗം അവകാശപ്പെട്ടു. എന്നാൽ തന്നെ ജില്ലാ സെക്രട്ടറിയായി നിയമിച്ച ഉത്തരവ് പുറത്തുവിട്ടു കൊണ്ടു ജോസ്മോൻ തിരിച്ചടിച്ചു.

പാലാ നഗരസഭാസ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടോണി തോട്ടം, കൗൺൺസിലർമാരായ ടോമി തറക്കുന്നേൽ, ജോബി വെള്ളാപ്പാണി തുടങ്ങിയവരും ജോസ് വിഭാഗത്തെ തള്ളിപ്പറഞ്ഞു. കൗൺസിലർമാരായ സെലിൻ റോയി, പി കെ മധു തുടങ്ങിയവരും യു ഡി എഫിൽ തുടരാനാണ് തീരുമാനമെന്ന് അറിയുന്നു.

നഗരസഭാ ചെയർപേഴ്സൺ മേരി ഡൊമിനിക് ഉൾപ്പെടെയുള്ളവർ ജോസ് കെ മാണിയെ പിന്തുണയ്ക്കുമെന്ന് മുനിസിപ്പൽ പാർലെമെൻ്ററി പാർട്ടി ലീഡർ ബിജു പാലൂപടവനും ജോസ് വിഭാഗം പാർട്ടി മണ്ഡലം പ്രസിഡൻ്റ് ആൻ്റോ പടിഞ്ഞാറെക്കരയും വ്യക്തമാക്കി.

വൈസ് ചെയർമാൻ കുര്യാക്കോസ് പടവനും നാലു കൗൺസിലർമാരും നഗരസഭയിൽ ഇടതുപക്ഷവുമായി സഹകരിച്ചു പ്രവർത്തിക്കുന്നതായി ഇവർ കുറ്റപ്പെടുത്തി. പാർട്ടി ജില്ലാ മുൻ പ്രസിഡൻ്റ് ഇ ജെ ആഗസ്തി ഐക്യജനാധിപത്യമുന്നണിക്കൊപ്പമാണെന്നു വ്യക്തമാക്കിക്കഴിഞ്ഞു.

Post a Comment

0 Comments