Subscribe Us



പ്രവാസികൾക്കായി പോരാടുന്ന പാലാക്കാരനെ റിയാദിലെ ഇന്ത്യൻ എംബസി കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചതായി ആക്ഷേപം; ഡൊമിനിക് സൈമൺ 12 ദിവസമായി സൗദി ജയിലിൽ


പാലാ: റിയാദിലെ ഇന്ത്യൻ എംബസിയിൽ അഴിമതിയും ക്രമക്കേടുകളും ഉണ്ടെന്ന ആരോപണമുയർത്തിയ പാലാക്കാരനായ യുവാവിനെ കള്ളക്കേസിൽ കുടുക്കി സൗദി ജയിലിൽ അടപ്പിച്ചതായി പരാതി. പാലക്കാട്ടുമല പുത്തൻപുരയിൽ ഡൊമിനിക് സൈമൺ എന്നയാളാണ് ഇന്ത്യൻ എംബസിയുടെ ക്രൂരതയെത്തുടർന്ന് സൗദി ജയിലിൽ ആയത്.

റിയാദിലെ ഇന്ത്യൻ എംബസി നൽകിയ കള്ള പരാതിയെത്തുടർന്നാണ് ഡൊമിനിക് സൈമണിനെ സൗദി പോലീസ് ജയിലിലടച്ചതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു. ഇക്കഴിഞ്ഞ എട്ടിനാണ് സൗദി പോലീസ് ഡൊമിനിക്കിനെ അറസ്റ്റ് ചെയ്തു അൽ ഹെയർ ജയിലിൽ അടച്ചത്.

കഴിഞ്ഞ 13 വർഷമായി കുടുംബസമേതം റിയാദിലാണ് താമസം. ഐടി പ്രൊഫഷണലായ ഇദ്ദേഹം റിയാദ് എംബസിയിൽ നിരവധി വിവരാവകാശ അപേക്ഷകൾ സമർപ്പിക്കുകയും ഇതു പ്രകാരം എംബസിയിലെ ക്രമക്കേടുകൾക്കെതിരെ പോരാടുകയും ചെയ്തു വരികയായിരുന്നുവെന്ന് സുഹൃത്തുക്കൾ വ്യക്തമാക്കി.

കോവിഡിൻ്റെ പശ്ചാത്തലത്തിൽ സൗദിയിൽ കുടുങ്ങിയവർക്കു ഇന്ത്യയിൽ എത്തുന്നതിനും ഭക്ഷണം കിട്ടാതെ വലയുന്നവർക്കും വേണ്ടി എംബസിയുടെ ഇടപെടൽ സംബന്ധിച്ചു ഏതാനും വിവരാവകാശ അപേക്ഷകൾ സമർപ്പിച്ചിരുന്നതായി പറയപ്പെടുന്നു. എംബസിയുടെ പിടിപ്പുകേടുകൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊതു സമൂഹത്തിനു മുന്നിൽ എത്തിക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ മെയ് 22-ന് എംബസി യിലെ ഉദ്യോഗസ്ഥൻ ഇവ പിൻവലിക്കണമെന്നാവശ്യപ്പെട്ടു ഡൊമിനിക്കിൻ്റെ ഭാര്യയെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. തുടർന്ന് ഇതിനെതിരെ പരാതിയും ഭീഷണി വന്ന ടെലിഫോൺ നമ്പർ സംബന്ധിച്ച വിവരാവകാശ അപേക്ഷയും നൽകി.


തുടർന്ന് ജൂൺ 3-ന് ഇൻഡ്യൻ എംബസി സാമൂഹ്യ മാധ്യമങ്ങളിലെ എംബസിക്കെതിരെയുള്ള  ഡൊമിനിക്കിൻ്റെ ഇടപെടലിനെതിരെ നോട്ടീസ് അയച്ചു. അഴിമതി സംബന്ധിച്ച തെളിവ് കൈമാറണമെന്നും അല്ലാത്തപക്ഷം നടപടിയെടുക്കുമെന്നുമായിരുന്നു കത്തിൻ്റെ ഉള്ളടക്കം.


എന്നാൽ കോവിഡ് പോസിറ്റീവായ ആളുമായി സമ്പർക്കത്തിലായതിനാൽ കോറൈൻ്റയിനിൽ ഴിയുന്നതിനാൽ എത്താൻ സാധിക്കില്ലെന്നു കാട്ടി ഡൊമിനിക് എംബസിക്ക് ഇമെയിൽ സന്ദേശം അയച്ചു.

ഇതേത്തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ എംബസിയെ അപകീർത്തിപ്പെടുത്തിയെന്നു കാട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡൊമിനിക്കിനെ സൗദി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്.

ഇതു സംബന്ധിച്ചു പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, കേന്ദ്രമന്ത്രി വി മുരളീധരൻ, സംസ്ഥാന മുഖ്യമന്ത്രി എന്നിവർക്കു ഭാര്യയും ബന്ധുക്കളും പരാതി നൽകിയിട്ടുണ്ട്. ജോസ് കെ മാണി എം പി ഇതു സംബന്ധിച്ചു റിയാദിലെ ഇന്ത്യൻ അംബാസിഡർക്കു കത്തയയ്ക്കുകയും ചെയ്തിട്ടുണ്ട്‌.

പന്ത്രണ്ടു ദിവസമായി ഡൊമിനിക് ജയിലിലാണെങ്കിലും ഇദ്ദേഹത്തിനുമേൽ ചുമത്തിയിട്ടുള്ള കുറ്റം എന്താണെന്ന്  അറിയാൻ സാധിച്ചിട്ടില്ലെന്നു വിവരാവകാശ പ്രവർത്തകനായ മഹേഷ് വിജയൻ പറഞ്ഞു.

Post a Comment

0 Comments