Subscribe Us



മീനച്ചിൽ സൊസൈറ്റി : കൺസോർഷ്യം പ്രവർത്തനം പ്രവർത്തനമാരംഭിച്ചു


പാലാ: റബ്ബർ കർഷകരുടെ താത്പര്യം സംരക്ഷിക്കാൻ  പ്രതിജ്ഞാബദ്ധനാണെന്നു മാണി സി കാപ്പൻ എം എൽ എ. പൂട്ടിക്കിടക്കുന്ന മീനച്ചിൽ റബ്ബർ മാർക്കറ്റിംഗ് ആൻ്റ് പ്രോസസിംഗ് സഹകരണം പുനരുജ്ജീവിപ്പിക്കുന്നതിനും നിക്ഷേപകരുടെയും റബ്ബർ കർഷകരുടെയും താത്പര്യം സംരക്ഷിക്കുന്നതിനും രൂപീകരിച്ച കൺസോർഷ്യത്തിൻ്റെ പ്രഥമ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാക്ടറി ലാഭകരമായി പ്രവർത്തിപ്പിക്കാനും റബ്ബർ ഉത്പാദകർക്കും നിക്ഷേപകർക്കും നൽകാനുള്ള പണം നൽകാനുമായി സർജിക്കൽ ഗ്ലൗസ് ഉൾപ്പെടെ വിവിധ ഗ്ലൗസുകൾ നിർമ്മിക്കുന്നതിനുള്ള യന്ത്രസാമഗ്രികൾ സ്ഥാപിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. സംഘത്തിൻ്റെ കരൂരിലെയും കൂടല്ലൂരിലെയും ഫാക്ടറികൾ പ്രവർത്തനക്ഷമമാക്കുന്നതിന് റബ്ബർ ബോർഡിലെ സാങ്കേതിക വിദഗ്ദരുടെ സഹായത്തോടെ വിശദമായ പ്രോജക്ട് തയ്യാറാക്കാൻ തീരുമാനിച്ചു. നിക്ഷേപകർ, റബ്ബർ പാലുല്പാദകർ, തൊഴിലാളികൾ എന്നിവരുടെ യോഗം വിളിച്ചു ചേർത്ത് ഭാവി പ്രവർത്തനങ്ങൾക്ക് അന്തിമരൂപം നൽകും. ഇതോടൊപ്പം സംഘത്തിൻ്റെ പിരിഞ്ഞു കിട്ടാനുള്ള തുക പിരിച്ചെടുക്കുന്നതിനും നിക്ഷേപയ്‌ക്ക് നിക്ഷേപം തിരിച്ചു നൽകുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തും.

കൺസോർഷ്യത്തിൻ്റെ ലീഡ് ബാങ്കായി കിഴതടിയൂർ സർവ്വീസ് കോ- ഓപ്പറേറ്റീവ് ബാങ്കിനെ തെരഞ്ഞെടുത്തു. പ്രവർത്തനഫണ്ട് കണ്ടെത്തുന്നതിനായി ഓരോ പ്രാഥമിക സഹകരണ സംഘവും 20 ലക്ഷം രൂപ വീതം നൽകുന്നതിന് തീരുമാനിച്ചു. മീനച്ചിൽ താലൂക്കിലെ 30 പ്രാഥമിക സഹകരണ സംഘങ്ങളുടെ പ്രസിഡൻ്റുമാർ യോഗത്തിൽ പങ്കെടുത്തു. ജില്ലാ ജോയിൻ്റ് രജിസ്ട്രാർ പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു.

നാളുകളായി പൂട്ടിക്കിടക്കുകയായിരുന്ന സൊസൈറ്റിയുടെ പ്രവർത്തനം പുനരാരംഭിക്കാൻ മാണി സി കാപ്പൻ എം എൽ എ മുൻകൈയെടുത്തതോടെയാണ് കൺസോർഷ്യം രൂപീകരിക്കാൻ തീരുമാനമായത്.

യാതൊരു പ്രതീക്ഷയുമില്ലാതിരുന്ന സ്ഥാപനം തുറക്കാൻ നടപടിക്കു തുടക്കംകുറിച്ച മാണി സി കാപ്പൻ എം എൽ എയെ വിവിധ കർഷക സംഘടനകൾ അഭിനന്ദിച്ചു.

Post a Comment

0 Comments