പാലാ : നഗരത്തിൽ ആശങ്ക സൃഷ്ടിച്ച് കോവിഡ് വാർത്ത പരന്നു. ഇതേത്തുടർന്നു മുരിക്കുംപുഴയിലെ കടകൾ അടപ്പിച്ചു. പിന്നാലെ പരിശോധനാ ഫലം നെഗറ്റീവായത് പാലായ്ക്ക് ആശ്വാസമായി. എന്നാൽ അഞ്ചു ദിവസത്തിനു ശേഷം വീണ്ടും പരിശോധനയ്ക്കു വിധേയമാക്കും. അതിനു ശേഷമേ രോഗബാധ ഉണ്ടായിരുന്നുവോ ഉണ്ടോ എന്നു പറയാൻ സാധിക്കൂവെന്ന് അധികൃതർ വ്യക്തമാക്കി.
മീനച്ചിൽ പഞ്ചായത്തിലെ പാലാക്കാട് സ്വദേശിയായ യുവാവിനാണ് ആദ്യപരിശോധനാ ഫലം പോസിറ്റീവായി റിപ്പോർട്ടു ചെയ്യപ്പെട്ടത്.
മുരിക്കുംപുഴയിലെ ഒരു സ്ഥാാപനത്തിലെ ജീവനക്കാരനും ഡ്രൈവറുമായി ജോലി ചെയ്യുകയാണ് ഇയാൾ. കഴിഞ്ഞ ദിവസം യുവാവ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു. ഇതേത്തുടർന്ന് കോവിഡ് പരിശോധനക്ക് ഇയാളെ വിധേയനാക്കിയിരുന്നു. വീട്ടിൽ മടങ്ങിയെത്തിയ ഇയാൾ വേദന കലശലായതോടെ സുഹൃത്തുക്കളുടെ അകമ്പടിയോടെ ചേർപ്പുങ്കൽ മെഡിസിറ്റിയിൽ ചികിത്സസ തേടി. ഇവിടെയും കോവിഡ് പരിശോധന നടത്തി. ഇതിനിടെയാണ് തിങ്കളാഴ്ച വൈകിട്ടോടെ കോട്ടയം മെഡിക്കൽ കോളേജിലെ പരിശോധനാ ഫലം പോസിറ്റീവായി റിപ്പോർട്ടുവന്നു.
തുടർന്ന് നിരീക്ഷണത്തിലാക്കാനുള്ള നടപടികൾ പുരോഗമിക്കവേ മെഡിസിറ്റിയിലെ ഫലവും പുറത്തുവന്നു. ഇതിൽ യുവാവ് നെഗറ്റീവായിരുന്നു. എങ്കിലും ആരോഗ്യപ്രവർത്തകരും പോലീസും പഞ്ചായത്ത് അധികൃതരും മുൻകരുതലുകൾ സ്വീകരിച്ചു. പാലാക്കാട് ഭാഗത്ത് യുവാവുമായി സമ്പർക്കത്തിൽ വന്നവരെ നിരീക്ഷണത്തിന് നിർദ്ദേശം നൽകി. മുരിക്കുംപുഴ ഭാഗത്ത് യുവാവ് ജോലിയുമായി ബന്ധപ്പെട്ട സമ്പർക്കത്തിൽ വന്നവരെ പരിശോധനക്ക് വിധേയരാക്കി. വ്യാപാരസ്ഥാപനങ്ങളും മറ്റും അടപ്പിക്കുകയും ചെയ്തു. ഇതോടെ ആശങ്ക ഉണർന്നു.
പിന്നീട് യുവാവിനെ ആരോഗ്യവകുപ്പ് ജില്ലാ ആശുപത്രിയിലെത്തിച്ച് വീണ്ടും പരിശോധനക്ക് വിധേയനാക്കി. ഇതിൻ്റെ അടിസ്ഥാനത്തിൽ യുവാവിനെ തിരികെ വീട്ടിലേക്ക് പറഞ്ഞയച്ചു. 14 ദിവസത്തെ ഹോം ക്വോറന്റൈനും നിർദ്ദേശിച്ചിട്ടുണ്ട്. യുവാവുമായി ബന്ധപ്പെട്ടവരെ ആന്റിജൻ പരിശോധനക്ക് വിധേയമാക്കി.


0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.