Subscribe Us



'ഓക്സിജനി'ൽ ചെന്ന് കൂട്ടം കൂടിയാൽ കൊറോണയെ ചെറുക്കാനുള്ള ഓക്സിജൻ കിട്ടില്ല !!!


പാലാ: കോവിഡിൻ്റെ പശ്ചാത്തലത്തിൽ സർക്കാർ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും പാലായിൽ പ്രവർത്തനമാരംഭിച്ച പുതിയ സ്ഥാപനത്തിന് ഇത് ബാധകമല്ലെന്നാക്ഷേപം. സിവിൽ സ്‌റ്റേഷൻ ജംഗ്ഷനിൽ ആരംഭിച്ച ഓക്സിജൻ ഡിജിറ്റൽ ഷോപ്പിനെതിരെയാണ് ആക്ഷേപം.

ഇന്നലെ ഉദ്ഘാടനത്തോടനുബന്ധിച്ചു ഓഫർ പ്രഖ്യാപിച്ചതിനാൽ സ്ഥാപനത്തിൽ വൻ തിരക്കായിരുന്നു അനുഭവപ്പെട്ടത്.  ഗതാഗതം നിയന്ത്രിക്കാൻ പോലീസ് പാടുപെട്ടു. ഇന്നും സ്ഥിതി ഇതുപോലെയാണെന്നും അധികൃതർ കണ്ണടച്ചിരിക്കുകയാണെന്നും വ്യാപക പരാതി ഉയർന്നിട്ടുണ്ട്. മരണവീടുകളിലും കല്യാണ വീടുകളിലും വരെ എത്താവുന്ന ആളുകളുടെ എണ്ണം കൃത്യമായി സർക്കാർ പറഞ്ഞിട്ടുള്ള സാഹചര്യമാണ് നിലനിൽക്കുന്നത്. ഈ സ്ഥാപനത്തിൻ്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടു വൺവേ സംവീധാനം ഏർപ്പെടുത്തി യാത്രക്കാരെ ബുദ്ധിമുട്ടിച്ചതായും ആക്ഷേപമുയർന്നിട്ടുണ്ട്.


സിവിൽ സ്‌റ്റേഷനിൽ നിന്നും കിഴതടിയൂർ ഭാഗത്തേയ്ക്കുള്ള ബൈപാസിൻ്റെ ഇരുവശത്തും റോഡ് കൈയ്യേറി വാഹനങ്ങൾ പാർക്കു ചെയ്തിട്ടും നടപടിയുണ്ടായില്ലെന്നു ആക്ഷേപമുണ്ട്. 

ഇന്നലെ മുതൽ ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ ബാങ്കുകളിൽ അക്കൗണ്ട് നമ്പർ അനുസരിച്ചു ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. 1700 മുകളിൽ വീതം പുതിയ കോവിഡ് രോഗബാധയാണ് ഇന്നലെയും ഇന്നുമായി റിപ്പോർട്ടു ചെയ്തിരിക്കുന്നത്. 

പാലായിലാകട്ടെ വ്യാപാര സ്ഥാപനങ്ങൾ ഏഴു മണിയോടെ അടയ്ക്കണമെന്ന നിർദ്ദേശവും നിലനിൽക്കുന്നു. 

ബാങ്കുകളിലടക്കം ഇടപാടുകാരുടെ എണ്ണം കർശനമായി നിയന്ത്രിച്ചു മുന്നോട്ടു പോകുന്ന സാഹചര്യത്തിലാണ്  ഈ രീതിയിലുള്ള ആൾക്കൂട്ടത്തെ പ്രോൽസാഹിപ്പിക്കുന്ന നടപടിയെന്നും ആക്ഷേപമുണ്ട്.

സെപ്‌തംബറോടെ കോവിഡ്‌ രോഗികൾ ദിവസം 10,000 മുതൽ 20,000 വരെയാകാമെന്ന്‌  മന്ത്രി കെ കെ ശൈലജ പറഞ്ഞത് കഴിഞ്ഞ ദിവസമാണ്. സംസ്ഥാന സർക്കാർ നിയോഗിച്ച കോവിഡ്‌ വിദഗ്‌ധ സമിതിയുടേതാണ്‌ ഈ നിഗമനം. ആരോഗ്യ സംവിധാനങ്ങൾക്ക് താങ്ങാൻ കഴിയാത്ത വിധം വൈറസ് വ്യാപനം ഉണ്ടായാൽ മരണനിരക്ക് കൂടുമെന്നും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.  വ്യാപനം പരമാവധി തടയാനുള്ള പ്രവർത്തനം ആരോഗ്യ വകുപ്പ്‌ ശക്തമാക്കിയിട്ടുണ്ടെന്നു ആണയിടുമ്പോഴാണ് ആൾക്കൂട്ടം രൂപപ്പെടുത്താൻ വഴിയൊരുക്കിയിരിക്കുന്നത്.


സമീപത്തെ ഏറ്റുമാനൂരടക്കം മറ്റു സ്ഥലങ്ങളിൽ വലിയ തോതിൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും നിലവിൽ പാലായിൽ സ്ഥിതി ഏറെക്കുറെ ഭേദമായ നിലയിലാണ്. ഇത്തരം നടപടികൾ ഇതിനെ തകിടം മറിക്കുമെന്ന ഭീതി ആളുകളിൽ ഉയർന്നു കഴിഞ്ഞു.

കഴിഞ്ഞ ദിവസം കോവിഡ് ചികിത്സാ സഹായം വാഗ്ദാനം ചെയ്തു നന്ദിലത്ത് ജിമാർട്ട് കച്ചവടം പ്രഖ്യാപിച്ചപ്പോഴും വലിയ തോതിൽ തിക്കും തിരക്കുമുണ്ടാകുകയും നഗരസഭാ കൗൺസിലർ ബിനു പുളിയ്ക്കക്കണ്ടത്തിൻ്റെ പരാതിയിൽ നടപടിയെടുക്കുകയുമായിരുന്നു. 

ആൾക്കൂട്ടം ഒഴിവാക്കാൻ നടപടിയെടുക്കണമെന്നും റോഡ് കയ്യേറി പാർക്കിംഗ് നടത്തുന്ന വാഹനങ്ങൾക്കു പിഴ ഈടാക്കണമെന്നും ആവശ്യമുയർന്നു കഴിഞ്ഞു. അതേ സമയം ഇന്ന് രാത്രി 7.45 കഴിഞ്ഞും സ്ഥാപനം അടച്ചില്ലെന്ന പരാതിയും ഉയർന്നു.

Post a Comment

0 Comments