Subscribe Us



കോവിഡ് മാനദണ്ഡലംഘനം: ഓക്സിജനെതിരെ പാലായിൽ പോലീസ് കേസെടുത്തു

പാലാ: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ഉദ്ഘാടന ദിവസം തന്നെ ഓക്സിജൻ ഡിജിറ്റൽ ഷോപ്പിനെതിരെ പോലീസ് കേസെടുത്തു. സ്ഥാപനത്തിൻ്റെ പാലായിൽ ഉദ്ഘാടനം ചെയ്ത ബ്രാഞ്ചിനെതിരെയാണ് പാലാ പോലീസ് കേസെടുത്തത്.

കോവിഡ് മാനദണ്ഡം ലംഘിച്ചു ആൾക്കൂട്ടം ഉണ്ടാക്കിയതിൻ്റെ പേരിലാണ് കേസെടുത്തതെന്ന് പാലാ പോലീസ് അറിയിച്ചു. എന്നാൽ കേസെടുത്തിട്ടും ആൾക്കൂട്ടത്തിന് കുറവ് ഉണ്ടായിട്ടില്ലെന്ന പരാതിയും നിലനിൽക്കുന്നുണ്ട്. അതേ സമയം കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന നിലപാടിലാണ് ഓക്സിജൻ അധികൃതർ. 

മലയാള വർഷാരംഭത്തോടനുബന്ധിച്ച് 17 നാണ് പാലായിൽ പ്രവർത്തനം ആരംഭിച്ചത്. ഇതോടനുബന്ധിച്ചു വലിയ ആൾക്കൂട്ടമാണ് രൂപം കൊണ്ടത്. ഇതിൻ്റെ സമീപത്തുള്ള കിഴതടിയൂർ ബൈപാസിൻ്റെ ഇരുവശത്തും ഗതാഗത നിയമം ലംഘിച്ചു വ്യാപകമായി വാഹനങ്ങൾ പാർക്കു ചെയ്തിരുന്നു. ഇന്നും ഇന്നലെയും വരെ അനധികൃത വാഹന പാർക്കിംഗ് വ്യാപകമാണ്. എന്നാൽ നടപടിയില്ലെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്‌.

പാലായിൽ ഏഴു മണിക്ക് കടകൾ അടയ്ക്കണമെന്ന നിർദ്ദേശമാണ് വ്യാപാരികൾക്കു പോലീസ് നൽകിയിട്ടുള്ളത്. എന്നാൽ ഉദ്ഘാടന ദിവസം മുതൽ ഓക്സിജൻ ഈ നിർദ്ദേശം ലംഘിക്കുകയാണെന്ന് വ്യാപകമായ ആക്ഷേപം ഉയർന്നിട്ടുണ്ട്. എന്നാൽ ഇതിനെതിരെ നടപടി ഉണ്ടാവാത്തതിൽ നാട്ടുകാർക്കും നിർദ്ദേശം പാലിക്കുന്ന വ്യാപാരികൾക്കും അമർഷം ഉയർന്നിട്ടുണ്ട്. മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയൻസ് സ്മാർട്ടും ആദിത്യ ബിർള ഗ്രൂപ്പിൻ്റെ മോറും ഉൾപ്പെടെ കോവിഡ് മാനദണ്ഡം കൃത്യമായി പാലിക്കുന്നുണ്ടെന്നിരിക്കെയാണ് ഈ നിയമ ലംഘനം. ഇതിന് അധികൃതരുടെ ഒത്താശയുണ്ടെന്നും ആക്ഷേപം നിലനിൽക്കുന്നു.

വലിയ ഓഫർ നൽകിയിട്ടുള്ളതിനാൽ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂർ മേഖലകളിൽ നിന്നുമുള്ള ആളുകളും ഇവിടെ എത്തുന്നുണ്ട്. ഈ മേഖലകളിലൊക്കെത്തന്നെയും കണ്ടെൻമെൻ്റ് സോണുകൾ നിലവിലുണ്ട്. 

കോട്ടയം ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായ സമയത്താണ് ആൾക്കൂട്ടം രൂപപ്പെടാൻ ഇടയാകുന്ന വിധമുള്ള നടപടിയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

കോട്ടയം ജില്ലയിൽ ഇന്ന് 136 പേർക്കാണ് ഔദ്യോഗികമായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സമ്പർക്കം മൂലമാണ് കൂടുതൽ കോവിഡ് പകരുന്നതെന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. പാലായ്ക്ക് പുറമേ ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, കിടങ്ങൂർ തുടങ്ങിയ മേഖലകളിലെല്ലാം സമ്പർക്കം മൂലമുള്ള കോവിഡ് റിപ്പോർട്ടു ചെയ്തിട്ടുണ്ട്.

കോട്ടയത്തെ 136 ഉൾപ്പെടെ കേരളത്തിൽ ഇന്ന് 1983 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 

Post a Comment

0 Comments