പാലാ: മാണി സി കാപ്പൻ്റെ കരുതലിൽ മീനച്ചിൽ റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി തുറക്കുന്നുമീനച്ചിൽ റബ്ബർ മാർക്കറ്റിംഗ് ആൻ്റ് പ്രോസസിംഗ് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ ഓണത്തോടുകൂടി പുന:രാരംഭിക്കാൻ സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനിച്ചു. മൂന്നു ഘട്ടമായിട്ടാവും പ്രവർത്തനങ്ങൾ ആരംഭിക്കുക. ആദ്യഘട്ടത്തിൽ റബ്ബർ കർഷകരിൽനിന്നും മാർക്കറ്റ് വിലയേക്കാൾ അഞ്ച് ശതമാനം ഉയർന്ന വിലയ്ക്ക് റബ്ബർപാൽ, ഒട്ടുപാൽ, ചിരട്ടപ്പാൽ എന്നിവ സംഭരിക്കും. കോവിഡ് പ്രതിസന്ധിയിൽ കർഷകർക്കു ആശ്വാസം പകരാനാണ് ഉയർന്ന തുകയ്ക്ക് സംഭരണം നടത്തുന്നത്. തുടർന്നു രണ്ടാം ഘട്ടമായി കൂടല്ലൂരിലെ ക്രംബ് റബ്ബർ ഫാക്ടറി പ്രവർത്തനമാരംഭിക്കും. മൂന്നാം ഘട്ടത്തിൽ കരൂർ ലാറ്റക്സ് ഫാക്ടറിയും സർജിക്കൽ ഗ്ലൗസ് ഉൾപ്പെടെയുള്ള ഗ്ലൗസുകൾ നിർമ്മിക്കുന്നതിനുള്ള പുതിയ നിർമ്മാണ യൂണിറ്റ് ആരംഭിക്കും. ഇതുവഴി കൂടുതൽ തൊഴിൽ അവസരം സൃഷ്ടിക്കപ്പെടുമെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. സഹകരണ മേഖലയിൽ നിലവിൽ സർജിക്കൽ ഗ്ലൗസ് നിർമ്മാണ യൂണിറ്റുകൾ ഇല്ലാത്ത സാഹചര്യത്തിൽ ഈ തീരുമാനം ഗുണം ചെയ്യുമെന്ന് കമ്മിറ്റി വിലയിരുത്തി.
കൺസോർഷ്യം തുകയ്ക്കു പുറമേ സർക്കാർ സഹായവും ലഭ്യമാക്കുന്നതോടെ ആവശ്യമായ തുക സമാഹരിക്കാനാവുമെന്ന് കണക്കുകൂട്ടുന്നു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് 7ന് വെള്ളിയാഴ്ച 10 മണിക്കു കിഴതടിയൂർ ബാങ്ക് ഓഡിറ്റോറിയത്തിൽ നിക്ഷേപകരുടെ യോഗവും തുടർന്നു മൂന്നു മണിക്കു തൊഴിലാളികളുടെ യോഗവും ചേരും.
മാണി സി കാപ്പൻ എം എൽ എ, സഹകരണ ജോയിൻ്റ് രജിസ്ട്രാർ എൻ പ്രദീപ്കുമാർ, അഡ്വ ജോർജ് സി കാപ്പൻ, എം എം തോമസ്, വി ജി വിജയകുമാർ, ഡാർളിംഗ് ചെറിയാൻ ജോസഫ് എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
മാണി സി കാപ്പൻ എം എൽ എ മുൻകൈയ്യെടുത്തതോടെയാണ് മീനച്ചിൽ സൊസൈറ്റിയുടെ പുനർജീവനത്തിന് കളമൊരുങ്ങിയത്. എൽ ഡി എഫും യു ഡി എഫും ചേർന്ന പൊതുവേദിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.