Subscribe Us



ഉപഭോക്താവിനെ മദ്യവിൽപ്പനശാലയിൽ കയ്യേറ്റം ചെയ്ത സംഭവത്തിൽ ജീവനക്കാർക്ക് വീഴ്ച പറ്റിയതായി അന്വേഷണ സംഘം; സ്ഥലം മാറ്റമടക്കമുള്ള നടപടിക്കു സാധ്യത. അപകീർത്തിപ്പെടുത്തി സന്ദേശം പ്രചരിപ്പിച്ചെന്നു ഉപഭോക്താവ്



പാലാ: നെല്ലിയാനിയിലെ സർക്കാർ വിൽപ്പനശാലയിൽ ഉപഭോക്താവിനെ കയ്യേറ്റം ചെയ്യുകയും പൂട്ടിയിടുകയും ചെയ്ത സംഭവത്തിൽ ജീവനക്കാർക്കു പറ്റിയെന്നു കണ്ടെത്തിയതായി സൂചന. ഉപഭോക്താവിൻ്റെ പരാതിയെത്തുടർന്നു അന്വേഷണത്തിനായി എത്തിയ ഉദ്യോഗസ്ഥർക്കു ജീവനക്കാരുടെ വീഴ്ച ബോധ്യപ്പെട്ടതായി അറിയു ന്നു. 

സ്ഥാപനത്തിൽ സിസിടിവി ക്യാമറ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവർത്തന രഹിതമായി കിടക്കുകയാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഉപഭോക്താവിനെ കയ്യേറ്റം ചെയ്ത സെക്യൂരിറ്റി ജീവനക്കാരനെതിരെ മുമ്പും പരാതികൾ ഉയർന്നിട്ടുള്ളതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. 

ഈ സ്ഥാപനത്തിൽ ഇപ്പോൾ ജോലി ചെയ്യുന്നവരിൽ പി എസ് സി വഴി നിയമനം ലഭിച്ചത് മാനേജർക്ക് മാത്രമാണത്രെ. ബാക്കിയുള്ളവരിൽ ചിലർക്ക് ഷാപ്പുകളും മറ്റും നിർത്തലാക്കിയപ്പോൾ ലഭിച്ച ജോലിയാണ്. സെക്യൂരിറ്റി ജീവനക്കാർ താത്കാലിക നിയമനമാണെന്നും പറയപ്പെടുന്നു.

നെല്ലിയാനിയിലെ മദ്യവിൽപ്പന കേന്ദ്രത്തിൽ ഉപഭോക്താവിനെ കയ്യേറ്റം ചെയ്ത ദിവസം മദ്യം വാങ്ങാനായി 142 ഓളം ടോക്കണുകൾ എടുത്തിട്ടുണ്ടായിരുന്നുന്നെങ്കിലും 70തോളം ആളുകൾ മാത്രമാണ് അന്നേ ദിവസം മദ്യം വാങ്ങിയിട്ടുള്ളൂവെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കോവിഡിൻ്റെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിക്കുന്നതു ലക്ഷൃമിട്ടാണ് ടോക്കൺ സമ്പ്രദായം ഏർപ്പെടുത്തിയത്. എന്നാൽ ഒരേ സമയത്തിനുള്ളിൽ പത്തോളം ടോക്കണുകൾ പല ഉപഭോക്താക്കൾക്കു ലഭിക്കുന്നത്  സോഫ്റ്റ്വെയർ പ്രശ്നമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനാൽ ടോക്കൺ എടുക്കുന്നവർ തിരക്കില്ലാത്ത സമയം എത്തിയാലും മദ്യം കൊടുക്കാറുണ്ട്. എന്നാൽ പാലായിലെ സ്ഥാപനം മൂന്നരയോടു കൂടി കച്ചവടം അവസാനിപ്പിക്കുന്നതായി ഉപഭോക്താക്കളുടെ പരാതിയിൽ കഴമ്പുണ്ടെന്നു അന്വേഷണ സംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. പരാതി ഉയർന്ന ദിവസം നേരത്തെ അടച്ചതു സംബന്ധിച്ചു കൃത്യമായ മറുപടി നൽകാൻ ജീവനക്കാർക്കു സാധിച്ചിട്ടില്ലെന്നും അറിയുന്നു.

കോവിഡിനു മുമ്പ് പ്രതിദിനം പത്തുലക്ഷത്തോളം രൂപയുടെ കച്ചവടമാണ് ഇവിടെ നടന്നിരുന്നത്.  ഇപ്പോഴാകട്ടെ രണ്ടു ലക്ഷത്തിൽ താഴെ മാത്രമാണ് കച്ചവടം. 

സെക്യൂരിറ്റി ജീവനക്കാരൻ ക്യാഷ് കൗണ്ടർ കൈകാര്യം ചെയ്തുവെന്ന ഉപഭോക്താവിൻ്റെ പരാതി അന്വേഷണ സംഘം ഗൗരവകരമായി എടുത്തിട്ടുണ്ട്. ഇവരുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടിയുണ്ടാവുമെന്ന സൂചനയാണ് ലഭിക്കുന്നത്. സ്ഥലം മാറ്റമടക്കമുള്ള അച്ചടക്ക നടപടികളും ഉണ്ടായേക്കും.  ജീവനക്കാരിൽനിന്നും ഉപഭോക്താവിൻ്റെ പക്കൽ നിന്നും അന്വേഷണസംഘം മൊഴിയെടുത്തു. 

കയ്യേറ്റം ചെയ്ത സംഭവത്തിൽ പോലീസിൽ നൽകിയ പരാതി ഒത്തുതീർത്തിരുന്നു. തൊഴിലിനെ ബാധിക്കുമെന്നതിനാൽ ഇക്കാര്യത്തിൽ ഉപഭോക്താവ്  ഒത്തുതീർപ്പിനു സമ്മതിക്കുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരനെ താക്കീതു ചെയ്തു സ്റ്റേഷനിൽ എഴുതിവയ്പ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ഉപഭോക്താവ് സെക്യൂരിറ്റി ജീവനക്കാരനെ കൈയ്യേറ്റം ചെയ്തു എന്നാരോപിച്ചു ഉപഭോക്താവിൻ്റെ ചിത്രം സഹിതം വാട്ട്സ്ആപ്പിൽ പ്രചരിപ്പിച്ച സംഭവത്തിൽ ഉപഭോക്താവ് പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ഒരു ജീവനക്കാരനാണ് ഇതു പ്രചരിപ്പിച്ചതെന്നും പേര് സഹിതം പരാതി നൽകുമെന്നും ഉപഭോക്താവായ പി ബി സൈമൺ പറഞ്ഞു. ജീവനക്കാരുടെ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച വ്യാജസന്ദേശം പുറത്തേയ്ക്കും പ്രചരിപ്പിക്കുകയായിരുന്നു. ഇതിനിടെ ജീവനക്കാർക്കെതിരെ മറ്റൊരാൾ കൂടി എക്സൈസ് മന്ത്രിക്കു പരാതി നൽകി.

Post a Comment

0 Comments