പാലാ: കേരളാ ബിവറേജസ് കോർപ്പറേഷൻ്റെ നെല്ലിയാനിയിലെ മദ്യവിൽപ്പനശാലക്കെതിരെ വീണ്ടും മന്ത്രിക്ക് പരാതി. ചെത്തിമറ്റം സ്വദേശി നിബിൻ കുമാറാണ് മന്ത്രിക്ക് പരാതി അയച്ചത്. ഇക്കഴിഞ്ഞ ജൂലൈ 25 ന് ഇവിടുത്തെ ജീവനക്കാരിൽ നിന്നുണ്ടായ ദുരനുഭവം ചൂണ്ടിക്കാട്ടിയാണ് നിബിൻ കമാർ മന്ത്രിക്ക് പരാതി അയച്ചത്.
ലഭ്യമായ ടോക്കണമായി അന്നേ ദിവസം 3:20 നു മദ്യവിതരണശാലയിൽ എത്തി. 5900 രൂപയുടെ മദ്യം വാങ്ങി ബില്ലു ചെയ്തതായി നിബിൻകുമാർ മന്ത്രിക്കു നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി. പേമെൻ്റിനായി കാർഡ് നൽകിയപ്പോൾ സൈപ്പിംഗ് മെഷ്യൻ പ്രവർത്തിക്കുന്നില്ലെന്നു ജീവനക്കാർ അറിയിച്ചു. ഇവരുടെ നിർദ്ദേശപ്രകാരം സമീപത്തെ എടിഎമ്മിൽ പോയി പണവുമായി 3:35 ന് തിരിച്ചെത്തിയപ്പോൾ പ്രവേശന കവാടം അടച്ചിട്ട നിലയിൽ ആയിരുന്നു. അവിടെയുണ്ടായിരുന്ന ജീവനക്കാരനോട് ബില്ലു ചെയ്ത ശേഷം കാർഡ് സൈപ്പ് ചെയ്യാൻ സാധിക്കാതെ വന്നപ്പോൾ എടിഎമ്മിൽ പണമെടുക്കാൻ പോയതാണെന്നു പറഞ്ഞിട്ടും മദ്യം തന്നില്ലെന്നും ഇതേത്തുടർന്നു മടങ്ങിപ്പോന്നതായും നിബിൻ്റെ പരാതിയിൽ പറയുന്നു. സ്ഥാപനത്തിലെ ജീവനക്കാരുടെ പെരുമാറ്റം മോശമാണെന്നും ഉപഭോക്താക്കൾ പരാതി പറയാത്തതിനാൽ നയം തുടർന്നു പോരുന്നതായും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം മദ്യം വാങ്ങാനെത്തിയ ഉപഭോക്താവിനെ കയ്യേറ്റം ചെയ്യുകയും ഷട്ടർ പൂട്ടിയിടുകയും ചെയ്തിരുന്നു. തുടർന്നു ഉപഭോക്താവിൻ്റെ പരാതിയെത്തുടർന്നു പോലീസെത്തിയാണ് ഇവിടെ നിന്നും പുറത്തിറക്കിയത്. സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനെതിരെ ഉപഭോക്താവ് പരാതി നൽകിയതിനെത്തുടർന്ന് ജീവനക്കാരെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. തുടർന്നു ജീവനക്കാരൻ്റെ നടപടി തെറ്റാണെന്നു കണ്ടെത്തിയ പോലീസ് ഉപഭോക്താവിൻ്റെ സമ്മതത്തെത്തുടർന്നു നടപടിയെടുക്കാതെ സെക്യൂരിറ്റി ജീവനക്കാരനെ താക്കീത് ചെയ്തു പ്രശ്നം ഒത്തുതീർക്കുകയായിരുന്നു. പിന്നീട് പരാതിക്കാരൻ്റെ ഫോട്ടോ ഉൾപ്പെടെ സ്ഥാപനവുമായി ബന്ധപ്പെട്ട ചിലർ അപകീർത്തിപരമായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനെത്തുടർന്നു പരാതിയിൽ ഉറച്ചു നിൽക്കാൻ ഉപഭോക്താവ് തീരുമാനിക്കുകയായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ തെളിവെടുപ്പു നടത്തിയ കോർപ്പറേഷൻ ഉദ്യോഗസ്ഥർ ജീവനക്കാരുടെ ഭാഗത്തെ വീഴ്ച കണ്ടെത്തിയതായി അറിയുന്നു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സ്ഥലംമാറ്റമുൾപ്പെടെയുള്ള നടപടി ഉണ്ടായേക്കുമെന്ന് അറിയുന്നു. ഇതിനിടെയാണ് മറ്റൊരു ഉപഭോക്താവ് പരാതിയുമായി രംഗത്തുവന്നത്. ഈ ഉപഭോക്താവിൻ്റെ മൊഴിയും ഉദ്യോഗസ്ഥർ ഇന്നലെ ശേഖരിച്ചിട്ടുണ്ട്.
ഇതിനിടെ ആദ്യം ധാർഷ്‌ട്യത്തോടെ പെരുമാറിയ ജീവനക്കാർ വിഷയം കൈവിട്ടു പോയെന്നു മനസിലാക്കിയതോടെ നടപടി ഒഴിവാക്കാനായി വിവിധ കേന്ദ്രങ്ങൾവഴി ഉപഭോക്താവിനെ സ്വാധീനിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി അറിയുന്നു. പോലീസ് സ്റ്റേഷനിൽ വച്ചു ഉപഭോക്താവ് വിട്ടുവീഴ്ചയ്ക്കു തയ്യാറായതോടെ പ്രശ്നം ഒത്തുതീർപ്പിലെത്തിയത് വഷളാക്കിയത് ഉപഭോക്താവിൻ്റെ ചിത്രം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു അപകീർത്തിപ്പെടുത്തിയതോടെയാണെന്നു പുറത്തു വന്നതോടെ ജീവനക്കാർക്കിടയിലും ഭിന്നിപ്പ് രൂപപ്പെട്ടു. പ്രശ്നം രൂക്ഷമായതോടെ വകുപ്പുതല നടപടിയും ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ദിനംപ്രതി പത്തുലക്ഷത്തോളം വിറ്റുവരവുള്ള സ്ഥാപനം രണ്ടു ലക്ഷത്തിൽ താഴെയ്ക്ക് കൂപ്പുകുത്തിയത് ജീവനക്കാരുടെ വീഴ്ചയാണെന്ന നിഗമനത്തിലാണ് കോർപ്പറേഷൻ അധികാരികളെന്നാണ് സൂചന.
അടിതെറ്റിയതോടെ രാഷ്ട്രീയ - യൂണിയൻ ബന്ധം മുതലെടുക്കാനുള്ള ശ്രമവും ജീവനക്കാർ ആരംഭിച്ചിട്ടുള്ളതായി അറിയുന്നു. സ്ഥാപനത്തിലെ ജീവനക്കാരെക്കുറിച്ച് പരാതി വ്യാപകമാകുകയും വരുമാനം കുറക്കുകയും ചെയ്ത സാഹചര്യത്തിൽ ഇവർക്കൊപ്പം നിൽക്കാൻ പറ്റാത്ത സാഹചര്യം ഉടലെടുത്തതായി സൂചന ലഭിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ പരാതികൾ ഉയരാൻ ഇടയുണ്ടെന്നു അറിയുന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.