Subscribe Us



പാലായിലെ സൂപ്പർമാർക്കറ്റിൽ യുവതിയുടെ പണം മോഷ്ടിച്ചയാൾ വാങ്ങിയ സാധനങ്ങളുടെ പണവും നൽകാതെ കടന്നു കളഞ്ഞു

 


പാലാ: സൂപ്പർമാർക്കറ്റിൽ എത്തിയ യുവതിയുടെ രൂപ അടിച്ചുമാറ്റി മധ്യവയസ്കൻ കടന്നു കളഞ്ഞു. പാലാ കുരിശുപള്ളിക്കവലയിലുള്ള ജോർജോസ് സൂപ്പർ മാർക്കറ്റിൽ ഓണത്തോടനുബന്ധിച്ചു കച്ചവടം നടക്കുന്നതിനിടെ കഴിഞ്ഞ 28നാണ് സംഭവം.

സാധനങ്ങൾ എടുക്കാനായുള്ള ട്രോളിയുടെ സൈഡിൽ പണമടങ്ങിയ പേഴ്സ് വച്ച ശേഷം സാധനം തിരയുന്നതിനിടെയാണ് മോഷണം നടന്നതെന്ന് കടയിലെ സിസിടിവി ദൃശ്യങ്ങളിൽ കാണാം. യുവതി ട്രോളിയിൽ പണമടങ്ങിയ പേഴ്സ് വയ്ക്കുന്നത് ശ്രദ്ധിച്ച മോഷ്ടാവ് യുവതി ട്രോളിയുടെ സമീപത്തു നിന്നും മാറിയ തക്കം നോക്കി ട്രോളി മറ്റൊരു സൈഡിലേയ്ക്ക് തള്ളിമാറ്റി വച്ച ശേഷം പണം അപഹരിക്കുകയായിരുന്നു. മാസ്ക് ധരിച്ച നിലയിലായിരുന്നതിനാൽ മോഷ്ടാവിനെ പെട്ടെന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഫോൺ ചെയ്യുന്നതായി അഭിനയിച്ചു കൊണ്ടാണ് മോഷ്ടാവ് കടയിൽ നിന്നിരുന്നത്.  തുടർന്നു കടയിൽ നിന്നും വാങ്ങിയ സാധനങ്ങളുടെ ബില്ലു കരസ്ഥമാക്കി പണം അടയ്ക്കാതെ തന്ത്രത്തിൽ വെളിയിൽ ഇറങ്ങി കാറിൽ കയറി പോകുകയായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം കടയിലെ സസിടിവിയിൽ പതിഞ്ഞിട്ടുണ്ട്‌. എഴായിരം രൂപയോളം നഷ്ടപ്പെട്ടതായി  യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

പണം നഷ്ടപ്പെട്ട യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൻ്റെ ഭാഗമായി മോഷ്ടാവിൻ്റെ ചിത്രവും പോലീസ് പുറത്തുവിട്ടു.

Post a Comment

0 Comments