പാലാ: ചാവറ പബ്ളിക് സ്കൂൾ പ്രിൻസിപ്പലായി ഫാ സാബു കൂടപ്പാട്ട് ചുമതലയേറ്റു. പ്രിൻസിപ്പലായിരുന്ന ഫാ മാത്യു കരീത്തറ കൂത്താട്ടുകുളം മേരിഗിരി സ്കൂളിലേയ്ക്ക് സ്ഥലം മാറിപ്പോയതിനെത്തുടർന്നാണ് പുതിയ നിയമനം.
ചാവറ പബ്ളിക് സ്കൂളിലെ അന്താരാഷ്ട്രാനിലവാരത്തിലേയ്ക്ക് ഉയർത്തിയത് ഫാ സാബു കൂടപ്പാട്ടും ഫാ മാത്യു കരീത്തറയും ചേർന്ന കൂട്ടുകെട്ടായിരുന്നു. ഇരുവരും ചേർന്നു സമാനതകളില്ലാത്ത ഉന്നതിയിലേയ്ക്ക് സ്കൂളിനെ എത്തിക്കുകയായിരുന്നു.
മണിമല സ്വദേശിയായ ഫാ സാബുവിൻ്റെ സ്കൂൾ പഠനം കറിക്കാട്ടൂർ സി സി എം എച്ച് എസ് എസിലായിരുന്നു. തുടർന്നു 1987 ൽ സെമിനാരിയിൽ ചേർന്നു. ബാംഗ്ലൂർ ധർമ്മാരം കോളജിൽ നിന്നും ഫിലോസഫി, പൂനെ പേപ്പൽ സെമിനാരിയിൽ നിന്നും തിയോളജി, ബാംഗ്ലൂർ ക്രൈസ്റ്റ് കോളജിൽ നിന്നും ബിരുദം എന്നിവ നേടി. ബാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്നും ബിഎഡും എം ബി എ യും കരസ്ഥമാക്കി. മദ്രാസ് സർവ്വകലാശാലയിൽ നിന്നും സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
സൗമ്യ വ്യക്തിത്വത്തിൻ്റെ ഉടമയായിട്ടാണ് ഫാ സാബു കൂടപ്പാട്ട് അറിയപ്പെടുന്നത്. ഉറച്ച തീരുമാനങ്ങളും കൃത്യതയും കാര്യങ്ങൾ നടപ്പാക്കുന്നതിലെ വേഗതയും അദ്ദേഹത്തെ വേറിട്ടു നിർത്തുന്നു.
ചാവറ സ്കൂളിൻ്റെ വളർച്ചയുടെ പ്രധാന കാലഘട്ടങ്ങളിൽ ഫാ സാബുവിൻ്റെ സാമീപ്യം നിർണ്ണായകമായിരുന്നുവെന്ന് പ്രിൻസിപ്പൽ സ്ഥാനം ഒഴിഞ്ഞ ഫാ മാത്യു കരീത്തറ തന്നെ സാക്ഷൃപ്പെടുത്തുന്നുണ്ട്. ഒരേ മനസ്സോടെ പരസ്പര ബഹുമാനത്തോടെ ഒരുമിച്ചുള്ള പ്രവർത്തനമായിരുന്നു ഇരുവരുടേതും.
ചാവറ കാമ്പസിലെ കുട്ടികളുടെ ഏറെ പ്രിയപ്പെട്ടയാളാണ് ഫാ സാബു. കാമ്പസിലെ ഓരോ മണൽതരികളിലും ഫാ സാബുവിൻ്റെ പാദസ്പർശനം ഏറ്റിട്ടുള്ളതിനാൽ മുന്നോട്ടുള്ള പ്രയാണം സുഗമമായിരിക്കും.
ഫാ സാബു കൂടപ്പാട്ട് കഴിഞ്ഞ ദിവസം പ്രിൻസിപ്പലായി ചുമതലയേറ്റെടുത്തു. സ്കൂളിൻ്റെ പുരോഗതിക്കായി നടന്നു കൊണ്ടിരിക്കുന്ന പദ്ധതികൾ വിജയകരമായി പൂർത്തിയാക്കുമെന്ന് അദ്ദേഹം പറഞ്ഞു.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.