എലിക്കുളം: കുർബാനയിൽ പങ്കെടുത്ത ഒരാൾക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു പൊതുജന പങ്കാളിത്തത്തോടെയുള്ള വിശുദ്ധ കുർബാന തുടർന്നൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ വേണ്ടെന്നു വച്ചു. എലിക്കുളം ഉണ്ണിമിശിഹാ പള്ളിയിൽ കഴിഞ്ഞ ദിവസം കുർബാനയിൽ പങ്കെടുത്ത കാരക്കുളം സ്വദേശിയായ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. സെപ്തംബർ 3 മുതൽ 8 വരെ പള്ളിയിൽ കുർബാനയിൽ പങ്കെടുത്ത ആൾക്കാണ് കോവിഡ്. ഇദ്ദേഹത്തിൻ്റെ അടുത്ത് നിന്ന് കുർബാനയിൽ പങ്കെടുത്തവരിൽ ശാരീരിക അസ്വസ്തതയുള്ളവർ ആരോഗ്യവകുപ്പിൻ്റെ 8848815290 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് അറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇയാൾ സഞ്ചരിച്ച വഴികൾ ആരോഗ്യവകുപ്പിൻ്റെയും എലിക്കുളം ഗ്രാമപഞ്ചായത്തിൻ്റെയും നേതൃത്വത്തിൽ അണുമുക്തമാക്കി. മലനാട് മിൽക്ക് സൊസൈറ്റി, എലിക്കുളം നാട്ടുചന്ത, കുരുവിക്കൂട് ഉള്ള ഒരു വ്യാപാര സ്ഥാപനം എന്നിവിടങ്ങളിലാണ് അണുനശീകരണം നടത്തിയത്. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാടിൻ്റെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ സിജു മോൻ കെ.എം., ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ബിന്ദു എം.സി. എന്നിവർ അണു നശീകരണത്തിന് നേതൃത്വം നല്കി. ഈ ആഴ്ച അവസാനം എലിക്കുളം ഉണ്ണിമിശിഹാ പള്ളി പാരീഷ് ഹാളിൽ കോവിഡ് പരിശോധന ഉണ്ടായിരിക്കുന്നതാണെന്നും എതെങ്കിലും തരത്തിൽ ശാരീരിക അസ്വസ്ഥകൾ ഉള്ളവർക്ക് പരിശോധന നടത്താവുന്നതാണെന്നും പരിശോധനാ തീയതിയും മറ്റും പിന്നീട് അറിയിക്കുന്നതാണെന്നും അറിയിപ്പിൽ പറയുന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.