പാലാ: പാലാ മേഖലയിൽ മഞ്ഞപ്പിത്തടക്കമുള്ള രോഗം വ്യാപകമായി പടർന്നു പിടിച്ചിട്ടും അധികൃതർ നടപടിയെടുക്കാത്തതിനു പിന്നാലെ പാലാ സെൻ്റ് തോമസ് ഹൈസ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർത്ഥി ചക്കാമ്പുഴ അമ്പാട്ട് ടോമിയുടെ പുത്രൻ സെബിൻ ടോമി കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെ മരണമടഞ്ഞു. കുട്ടിയെ തുടർച്ചയയുള്ള ഡയാലിസിസിന് വിധേയനാക്കിയിരുന്നു. ജോസ്, കെ.മാണി എം.പിയുടെ നിർദ്ദേശാനുസരണം കോട്ടയത്തെ യൂത്ത്ഫ്രണ്ട് (എം) സമ്മേളനത്തിൽ പങ്കെടുത്തു കൊണ്ടിരുന്ന യുവജനങ്ങൾ ആശുപത്രിയിലെത്തി അവശ്യമായ രക്തം നൽകി കൊണ്ടിരുന്നുവെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല.
പാലായിലെ വിവിധ പ്രദേശങ്ങളിൽ നിരവധി പേർക്ക് മഞ്ഞപിത്തം പിടിപെട്ട് നിരവധിപ്പേർ ആഴ്ച്ചകളിലായി വിവിധ ആശുപത്രികളിൽ ചികിത്സയിലുമാണ്. മഞ്ഞപ്പിത്തത്തിനു പിന്നാലെ വയറിളക്കം, ശർദ്ദിൽ തുടങ്ങിയ അസുഖങ്ങളും വ്യാപകമാണ്. പേരിനു പോലും ഒരു പരിശോധന നടത്താൻ അധികൃതർ തയ്യാറായിട്ടില്ലെന്നതും യാഥാർത്ഥ്യമാണ്.
വൃത്തിഹീനമായ അന്തരീക്ഷത്തിൽ കൈകാര്യം ചെയ്യുന്ന തട്ടുകടകളും ഹോട്ടലുകളും നിരവധിയുണ്ടെങ്കിലും ആരോഗ്യവകുപ്പോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ആരോഗ്യ വിഭാഗമോ നടപടി എടുക്കാത്തത്തും രോഗബാധ വ്യാപകമാക്കാൻ ഇടയാക്കിയിട്ടുണ്ട്.
പാലാ ഇന്ത്യൻ കോഫി ഹൗസിലെ സപ്ലെയറായ ജീവനക്കാരൻ തന്നെ മേശ ക്ലീൻ ചെയ്യുന്നതും തുടർന്നു ഭക്ഷണപാത്രത്തിൽ വിരൽ മുക്കി ഭക്ഷണം നൽകുന്നതിൻ്റെ വീഡിയോയും കൊട്ടാരമറ്റത്തെ അനധികൃത തട്ടുകടയിൽ നിന്നും പരസ്യമായി മലിനജലം നടുറോഡിൽ ഒഴുക്കുന്നതും പാലാ ടൈംസ് റിപ്പോർട്ടു ചെയ്തിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ ആഹാരസാധനങ്ങൾ കൈകാര്യം ചെയ്യുന്നത് പുറത്ത് വന്നിട്ടും ലക്ഷങ്ങൾ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പാലായിലെ ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്ന ഒട്ടേറെ സ്ഥാപനങ്ങളിൽ ക്ലീനിംഗ് ജോലി ചെയ്യുന്നവർ തന്നെ വൃത്തിഹീനമായിട്ടാണ് സപ്ലൈയറായും പ്രവർത്തിക്കുന്നത്. ഭക്ഷണ സാധനങ്ങൾ തയ്യാറാക്കി വയ്ക്കുന്നതും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ്. അധികൃതരുടെ അനാസ്ഥയ്ക്ക് പാലാക്കാർ കനത്ത വിലയാണ് നൽകേണ്ടി വരുന്നത്.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.