Subscribe Us



എസ് എച്ച് ആശുപത്രി അധികൃതരുടെ അനാസ്ഥ ചക്കാമ്പുഴയിൽ മഞ്ഞപ്പിത്തം വ്യാപകമാക്കി; ആശുപത്രിയുടെ പ്രവർത്തനം അധികൃതർ തടഞ്ഞു

 പാലാ: ചക്കാമ്പുഴയിലും സമീപ പ്രദേശങ്ങളിലും മഞ്ഞപ്പിത്തം വ്യാപിക്കാൻ ഇടയാക്കിയത്  ചക്കാമ്പുഴ സേക്രട്ട് ഹാർട്ട് ആശുപത്രി അധികൃതരുടെ ഗുരുതരമായ അനാസ്ഥ. മഞ്ഞപ്പിത്തം വ്യാപകമായതിനെത്തുടർന്നു രാമപുരം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ആശുപത്രിയുമായി ബന്ധപ്പെട്ടുള്ള കിണറ്റിലെ ജലത്തിൽ കോളിഫോം ബാക്റ്റീരിയായുടെ വൻ തോതിലുള്ള സാന്നിദ്ധ്യം കണ്ടെത്തി. ഇതേത്തുടർന്നു അധികൃതരുടെ നിർദ്ദേശത്തെത്തുടർന്ന് ആശുപത്രിയുടെ പ്രവർത്തനം നിർത്തിവച്ചു.

ആശുപത്രിയിലെ ജീവനക്കാർക്കും ഡോക്ടർമാർക്കും മഞ്ഞപ്പിത്ത ബാധ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിലെ കക്കൂസ് മാലിന്യം ഇതിനടുത്തുള്ള കിണറ്റിലേക്ക് ലീക്കായതാണ് കോളിഫോം ബാക്റ്റീരിയായുടെ സാന്നിദ്ധ്യം വർദ്ധിക്കാൻ ഇടയാക്കിയത്. പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശത്തെത്തുടർന്നു നടത്തിയ പരിശോധനയിലാണ് ലീക്കേജ് കണ്ടെത്തിയതെന്ന് പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതർ 'പാലാ ടൈംസി'നോട് പറഞ്ഞു. ആശുപത്രിയിലെ പത്തോളം ജീവനക്കാർക്കും ആശുപത്രി അധികൃതർക്കും ഡോക്ടർമാർക്കും മഞ്ഞപ്പിത്തം റിപ്പോർട്ടു ചെയ്തിട്ടുള്ളതായും അധികൃതർ വ്യക്തമാക്കി.

സമീപത്തെ പള്ളിയിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്കു കോളീഫോം ബാക്റ്റീരിയായുടെ വൻ സാന്നിദ്ധ്യം കണ്ടെത്തിയ കിണറ്റിലെ ജലം ഉപയോഗിച്ച് പാനീയം നൽകിയതിനെത്തുടർന്നാണ് ചക്കാമ്പുഴയിലും പരിസര പ്രദേശങ്ങളിലും മഞ്ഞപ്പിത്തം വ്യാപകമായി പടരാൻ ഇടയാക്കിയതെന്നും പഞ്ചായത്ത് ആരോഗ്യ വിഭാഗം അധികൃതർ പറഞ്ഞു. ആശുപത്രിയിലുള്ളവർക്കു മഞ്ഞപ്പിത്ത ബാധ വ്യാപകമായിട്ടും ആശുപത്രി അധികൃതർ രഹസ്യമാക്കി വച്ചതാണ് അസുഖം വ്യാപകമാകാൻ കാരണമായതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. ഡിസംബർ - ജനുവരി മാസത്തിലാണ് മഞ്ഞപ്പിത്ത ബാധ വ്യാപകമായത്. നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നുവെങ്കിൽ കിണറ്റിലെ ബാക്റ്റീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തുകയും ആ ജലം ഉപയോഗിക്കുന്നത് തടയുകയും ചെയ്യാമായിരുന്നു. 

കിണറ്റിലെ ജലം ഉപയോഗിച്ചവരെ കണ്ടെത്താൻ പഞ്ചായത്ത് ആരോഗ്യ വിഭാഗം വാർഡുകൾ കയറി പരിശോധന നടത്തുന്നുണ്ട്. ഇന്നലെയും മഞ്ഞപ്പിത്തം ബാധിച്ച രണ്ടുപേരെ കണ്ടെത്തിയിട്ടുണ്ട്. ഇന്ന് മരണമടഞ്ഞ ഒൻപതാം ക്ലാസുകാരൻ്റെ മരണത്തിനിടയാക്കിയതും ഈ കിണറ്റിലെ വെള്ളം ഉപയോഗിച്ചതാണെന്നു സൂചനയുണ്ട്.

Post a Comment

0 Comments