Subscribe Us



അത്യപൂർവ്വമായ ഫിയോക്രോമോസൈറ്റോമ ട്യൂമർ വിജയകരമായി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത്പാലാ മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടർമാർ

ചേർപ്പുങ്കൽ: അത്യപൂർവ്വമായ ഫിയോക്രോമോസൈറ്റോമ ട്യൂമർ വിജയകരമായി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് മാർ സ്ലീവാ മെഡിസിറ്റിയിലെ ഡോക്ടർമാർ. ഉയർന്ന രക്തസമ്മർദം, തലവേദന, വയറുവേദന, ക്രമരഹിതമായ ഹൃദയമിടിപ്പ് എന്നി രോഗലക്ഷണങ്ങളുമായി സെപ്റ്റംബർ 9 നു ഔട്ട്പേഷ്യന്റ് വിഭാഗത്തിൽ ഫിസിഷ്യൻ ഡോ. ഷിജു സ്ലീബായെ കാണാനെത്തിയ 26 വയസുള്ള കോട്ടയം മീനടം സ്വദേശിയായ ചെറുപ്പക്കാരനെ വിശദപരിശോധനക്ക് വിധേയമാക്കുകയും സി റ്റി സ്കാനെ തുടർന്ന് രോഗകാരണം അഡ്രിനൽ ഗ്രന്ധികളെ ബാധിക്കുന്ന ഫിയോക്രോമോസൈറ്റോമ എന്ന അത്യപൂർവ്വമായ ട്യൂമർ ആണെന്ന് കണ്ടെത്തുകയും ചെയ്യുകയായിരുന്നു. 

രണ്ടു വൃക്കകളുടെയും മുകൾഭാഗത്ത് ത്രികോണാകൃതിയിൽ കാണപ്പെടുകയും മനുഷ്യശരീരത്തിന്റെ പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ അഡ്രിനാലിൻ, കോർട്ടിസോൾ, ആൽഡോസ്റ്റിറോൺ എന്നീ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്ന ഗ്രന്ഥിയാണ് അഡ്രിനൽ ഗ്രന്ഥി. 

ഹൈപ്പർടെൻഷൻ (ഉയർന്ന രക്തസമ്മർദ്ദം), ടാക്കിക്കാർഡിയ (വേഗത്തിലുള്ള ഹൃദയമിടിപ്പ്), ഡയഫോറെസിസ് (അമിതമായ വിയർപ്പ്) എന്നിവ സാധാരണയായി കാണുന്ന ലക്ഷണങ്ങളാണ്. പാരോക്സിസ്മൽ അറ്റാക്കുകൾ ഉണ്ടാകുന്നതും ഇതിന്റെ പ്രത്യേകതയാണ്. ഉയർന്ന രക്തസമ്മർദ്ദത്തിന്റെ വിട്ടുമാറാത്ത എപ്പിസോഡുകളാണ് പാരോക്സിസ്മൽ അറ്റാക്കുകൾ. ഇത് പലപ്പോഴും തലവേദന, ക്രമരഹിതമായ ഹൃദയമിടിപ്പ്, അമിതമായ വിയർപ്പ് എന്നിവയ്ക്ക് കാരണമാകുന്നു. ഈ എപ്പിസോഡുകളുടെ ആവൃത്തി ദിവസത്തിൽ പല തവണ മുതൽ മാസത്തിൽ രണ്ട് തവണ വരെ ഉണ്ടായേക്കാം. നെഞ്ചിലോ വയറിലോ ഉള്ള വേദന, ഓക്കാനം, ഛർദ്ദി, വയറിളക്കം, മലബന്ധം, വിളർച്ച, ബലഹീനത, ശരീരഭാരം കുറയൽ എന്നിവക്ക് പുറമെ ഉത്കണ്ഠ അല്ലെങ്കിൽ ഭയം എന്നിവയും ഫിയോക്രോമോസൈറ്റോമയുടെ ലക്ഷണങ്ങളാണ്. വിദഗ്‌ധപരിശോധനയിൽ രോഗിയുടെ ഇടത്തെ അഡ്രിനൽ ഗ്രന്ഥിയിൽ കണ്ടെത്തിയ ട്യൂമർ ഡോ. മഞ്ജുരാജ് കെ പിയുടെ നേതൃത്വത്തിൽ മണിക്കൂറുകൾ നീണ്ടുനിന്ന അതിസങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ശസ്ത്രക്രിയക്കു ശേഷം ഒരാഴ്ചക്കുള്ളിൽ തന്നെ രോഗി പൂർണ്ണമായും സുഖപ്പെടും ആശുപത്രി വിടുകയും ചെയ്തത് നേട്ടമായി. 

സീനിയർ അനസ്തറ്റിസ്റ് ഡോ. എബി ജോൺ, ഡോ. ജെയിംസ് സിറിയക്, ഡോ. ശിവാനി ബക്ഷി, റേഡിയോളജി കൺസൽട്ടൻറ് ഡോ. രാജേഷ് ആന്റണി, ഡോ. രചന ജോർജ്, ജനറൽ ആൻഡ് ലാപ്പറോസ്കോപിക് സർജറി കൺസൽട്ടൻറ് ഡോ. ജിബിൻ കെ തോമസ്, എൻഡോക്രിനോളജിസ്റ് ഡോ. ഗീതു ആന്റണി, കാർഡിയോളജിസ്റ് ഡോ. സന്ദീപ് ആർ, പാത്തോളജിസ്റ് ആയ ഡോ. റോസമ്മ തോമസ്, ഡോ. മിനു റീബ തോമസ് എന്നിവർ ഉൾപ്പെടുന്ന വിദഗ്ദ്ധ സംഘത്തിന്റെ കൂട്ടായ പ്രവർത്തന ഫലമായാണ് ഇത്തരം ഒരു ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതെന്നു ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ മോൺ. എബ്രഹാം കൊല്ലിത്താനത്തുമലയിൽ പറഞ്ഞു. 

Post a Comment

0 Comments