Subscribe Us



ഹോട്ടൽ ഉദ്ഘാടനവുമായി ബന്ധപ്പെട്ടു പാലായിലെ മതസൗഹാർദ്ദം തകർക്കാൻ ആസൂത്രിതശ്രമം; നടപടി ആവശ്യപ്പെട്ടു പാലായിലെ പൊതുസമൂഹം

പാലാ: മതസൗഹാർദ്ദത്തിന് പേരുകേട്ട പാലായിൽ വർഗീയ ചേരിതിരിവുണ്ടാക്കാൻ ആസൂത്രിത ശ്രമം. പാലായിൽ ഇന്ന് ആരംഭിച്ച ഒരു ഭക്ഷണശാലയുമായി ബന്ധപ്പെട്ടു സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിലാണ് മതസ്പർദ്ധക്കിടയാക്കുന്ന വാചകങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് .

ആഷിഖ് ലത്തീഫ് തിരൂർ എന്നയാളുടേതെന്ന പേരിലുള്ള ഫേസ്ബുക്ക് സ്ക്രീൻ ഷോട്ടാണ് വ്യാപകമായി പ്രചരിക്കുന്നത്. എന്നാൽ ഫേസ്ബുക്കിൽ ഇങ്ങനെ ഒരാളുടെ പേരിലുള്ള പ്രൊഫൈലോ പേജോ കണ്ടെത്താനായിട്ടില്ല. പോസ്റ്റ് തയ്യാറാക്കി ഒരു മിനിറ്റിന് ശേഷം എടുത്ത സ്ക്രീൻ ഷോട്ടാണ് പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇത് ദുരൂഹത ഉയർത്തുന്നുണ്ട്. വ്യാജ പ്രചാരണം നടത്താൻ വേണ്ടി മാത്രം തയ്യാറാക്കിയതാണിതെന്നും സംശയിക്കുന്നു. പാലായിൽ ആരംഭിച്ച സ്ഥാപനവുമായി ബന്ധപ്പെട്ടു തിരൂരിൽ നിന്നും സന്ദേശം വന്നതും സംശയാസ്പദമായി നിലകൊള്ളുന്നു.

പാലായുടെ മതസൗഹാർദ്ദത്തിൻ്റെ സാമൂഹികാന്തരീക്ഷം തകർക്കാൻ കരുതിക്കൂട്ടി നടത്തിയ ശ്രമമാണിതിന് പിന്നിലെന്നു സംശയിക്കേണ്ടിയിരിക്കുന്നു. 

അതേ സ്ഥാപനവുമായി ബന്ധപ്പെട്ടു തെറ്റായ കാര്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിനെതിരെ പോലീസിൽ പരാതി നൽകിയതായി സ്ഥാപനമുടമ ഷെമീർ 'പാലാ ടൈംസി'നോട് പറഞ്ഞു. ഭക്ഷണത്തിൽ താൻ വേർതിരിവ് കാണിക്കാറില്ലെന്നും കാഞ്ഞിരപ്പള്ളി,ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ സ്ഥാപനം നടത്തുന്നുണ്ടെന്നും ഷെമീർ പറഞ്ഞു. കെട്ടിടമുടമയുടെ മകൻ്റെ പരിചയക്കാരൻ വഴിയാണ്  കെട്ടിടം ഒഴിവുണ്ടെന്നറിഞ്ഞു വന്ന് പാലായിൽ സ്ഥാപനം തുടങ്ങിയതെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം മാർക്കറ്റിംഗിനായി വിഷയം ഉപയോഗിച്ചതാകാമെന്ന സംശയവും ചിലർ ഉയർന്നിട്ടുണ്ട്. ഉദ്ഘാടനത്തിന് കട തയ്യാറായത് ഇന്നലെയാണ്. ഇന്നലെ രാത്രിയിലെ ദീപാലങ്കാരത്തോടുകൂടിയ ചിത്രവും വിദ്വേഷ പോസ്റ്റിൽ ചേർത്തിട്ടുണ്ട്. കൃത്യമായി കട കാണാനാകുംവിധമാണ് ചിത്രം എടുത്തിട്ടുള്ളത്. V17 Al Quad Camera യിൽ ചിത്രീകരിച്ചിരിക്കുന്നതാണ് ചിത്രമെന്ന് എഴുതി വച്ചിട്ടുണ്ട്. സമീപത്തെ കടകളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചാൽ ചിത്രം എടുത്തയാളെ കണ്ടെത്താൻ എളുപ്പം സാധിക്കും. കട ഉദ്ഘാടനത്തിന് അന്നു തന്നെ വിവാദം ഉടലെടുത്തുവെന്ന സംശയവും ഉയർന്നിട്ടുണ്ട്.

പാലായുടെ മതേതരത്വം സംരക്ഷിക്കാൻ ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് മണ്ഡലം പ്രസിഡൻ്റ് തോമസ് ആർ വി ജോസ് പറഞ്ഞു. വ്യാജപ്രചരണങ്ങൾ തടയുവാനും, സാമൂഹ്യ അവബോധം സൃഷ്ടിക്കുവാനും ആയി യൂത്ത് കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ വരുംദിവസങ്ങളിൽ വിപുലമായ ബോധവൽക്കരണം നടത്തുവാൻ തീരുമാനിച്ചിട്ടുണ്ടെന്നും തോമസ് ആർ വി ജോസ് അറിയിച്ചു.

സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നിജസ്ഥിതി വെളിച്ചത്തു കൊണ്ടുവരണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും മതസൗഹാർദ്ദം തകർക്കാൻ അനുവദിക്കരുതെന്നും പാലാക്കാർ ആവശ്യപ്പെട്ടു.

Post a Comment

0 Comments