ഇടതുമുന്നണി എം എൽ എ ആയി മാണി സി കാപ്പൻ തെരഞ്ഞെടുക്കപ്പെട്ടശേഷം പാലായ്ക്ക് നാമമാത്രമായ പരിഗണന മാത്രമാണ് ലഭിച്ചതെന്നു കേരളാ കോൺഗ്രസ് ജോസ് വിഭാഗം നേതാവ് ആരോപിക്കുന്നു. പാലായ്ക്ക് ഇത്രയും ശുഷ്കമായ പരിഗണന ലഭിച്ചത് സംസ്ഥാനത്തിൻ്റെ ചരിത്രത്തിലാദ്യമാണെന്ന രൂക്ഷ വിമർശനവും സർക്കാരിനെതിരെ ജോസ് ടോം ഉയർത്തിയിട്ടുണ്ട്. പാലായ്ക്ക് അനുവദിക്കപ്പെട്ടതെന്ന് കൊട്ടിഘോഷിക്കുന്ന പദ്ധതികൾക്കു ടോക്കൺ മാത്രമാണ് സർക്കാർ നൽകിയതെന്ന ഗുരുതരമായ ആരോപണവും ജോസ് ടോം ഉന്നയിച്ചു.
സർക്കാർ അനുവദിച്ച പദ്ധതികളെക്കുറിച്ചു ദിനംതോറും പ്രഖ്യാപനങ്ങൾ നടത്തുകയായിരുന്നുവെന്നും പ്രഖ്യാപിച്ചവയൊന്നും പ്രാവർത്തികമാക്കിയിട്ടില്ലെന്നും ജോസ് കെ മാണിയുടെ വിശ്വസ്തൻ ആരോപിക്കുന്നു. തോട്ടം - പുരയിടം പ്രശ്നത്തിന് സർക്കാർ പരിഹാരമുണ്ടാക്കിയെന്ന് മാണി സി കാപ്പൻ പറയുമ്പോൾ വാദം അടിസ്ഥാന രഹിതമാണെന്നു ജോസ് ടോം പറയുന്നു. വർഷങ്ങളായി പൂട്ടിക്കിടന്നിരുന്ന റബർ സൊസൈറ്റികൾ പുനരുദ്ധരിക്കാൻ സർക്കാർ കൺസോർഷ്യം രൂപീകരിച്ചു നടപടികൾ നടക്കുന്നത് എം എൽ എ വ്യക്തമാക്കിയപ്പോൾ നടപടികൾ പുരോഗമിക്കുന്നില്ലെന്ന വാദമാണ് ജോസ് ടോം ഉന്നയിക്കുന്നത്.
പാലാ ബൈപ്പാസിന് അവശേഷിക്കുന്ന ഭാഗത്തെ സ്ഥലം ഏറ്റെടുക്കുന്നതിനും പൂർത്തീകരിക്കുന്നതിനുമായി സർക്കാർ നടപടി സ്വീകരിച്ചതിൻ്റെ ഭാഗമായി സർക്കാർ അനുവദിച്ച തുക ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ 2020 സെപ്റ്റംബറിൽ എത്തിച്ചുവെന്ന എം എൽ എ പറഞ്ഞതിനെ റോഡ് നടപടി പൂർത്തിയായില്ലെന്നു പറഞ്ഞ് പ്രതിപക്ഷംപോലും ഉന്നയിക്കാത്ത ആരോപണവും ജോസ്ടോം ഉന്നയിച്ചിട്ടുണ്ട്.
കേരളാ കോൺഗ്രസ് എം ഇടതുമുന്നണിയിൽ എത്തിയിട്ടും സർക്കാരിനും ഇടതുപക്ഷ എം എൽ എ യ്ക്കുമെതിരെ ജോസ് കെ മാണിയുടെ വിശ്വസ്തൻ കൂടിയായ ജോസ് ടോം അതിരൂക്ഷ വിമർശനം ഉന്നയിച്ചത് ഇടതുപക്ഷകേന്ദ്രങ്ങളെ ഞെട്ടിച്ചു.
ഉപതെരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയ സമയത്ത് ഒട്ടേറെ പ്രമുഖരെ തള്ളിയാണ് കെ എം മാണിയുടെ കൂടി വിശ്വസ്തനായിരുന്ന ജോസ് ടോമിന് കെ എം മാണിയുടെ പിൻഗാമിയായി സീറ്റ് നൽകിയത്. ഇതു കൂടി പരിഗണിക്കുമ്പോൾ പാലായിൽ ഇടതുപക്ഷ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന ജോസ് ടോമിൻ്റെ ആരോപണം ഇടതുപക്ഷത്തെ ഉൾക്കൊള്ളാൻ കേരളാ കോൺഗ്രസിന് ഇനിയും ആയിട്ടില്ലെന്നതിൻ്റെ വ്യക്തമായ സൂചനയാണ്.
കേരളാ കോൺഗ്രസിനെ മുന്നണിയിൽ എടുത്തപ്പോഴും പാലാ സീറ്റ് നഷ്ടപ്പെടുമെന്ന സൂചനയുള്ളപ്പോഴും സർക്കാരിനെയോ ഇടതുപക്ഷത്തെയോ മാണി സി കാപ്പൻ തള്ളിപ്പറഞ്ഞിട്ടില്ലെന്ന കാര്യം എൻ സി പി നേതൃത്വം ചൂണ്ടിക്കാട്ടുന്നു. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ആലോചനകൾ പോലും നടത്താതെ ജോസ് കെ മാണി വിഭാഗത്തിന് മുന്തിയ പരിഗണന നൽകി എം എൽ എ യുടെ പാർട്ടിലെ അവഗണിച്ചപ്പോഴും തെരഞ്ഞെടുപ്പിനുശേഷമാണ് മാണി സി കാപ്പൻ അതൃപ്തി വ്യക്തമാക്കിയത്.
മാണി സി കാപ്പൻ ആദ്യം മത്സരിക്കാനെത്തുമ്പോൾ ഇടതുപക്ഷത്തിന് പ്രതീക്ഷയേ ഇല്ലാതിരുന്ന മണ്ഡലമായിരുന്നു പാലായെന്ന് എൻ സി പി നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ഇടതുമുന്നണിക്കുവേണ്ടി മൂന്നു തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു പരാജയപ്പെട്ടയാളാണ് മാണി സി കാപ്പൻ.
ഇടതു എം എൽ എ ആയിട്ടും മാണി സി കാപ്പനെയും സർക്കാരിനെയും കേരളാ കോൺഗ്രസ് അംഗീകരിക്കാൻ തയ്യാറായിട്ടില്ല എന്നതിൻ്റെ സൂചനയാണിതെന്ന് എൻ സി പി കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടി. സർക്കാരിനും എം എൽ എ യ്ക്കും എതിരെ യുഡിഎഫ് കേന്ദ്രങ്ങൾ പോലും ഉന്നയിക്കാത്ത വിമർശനങ്ങൾ ഉയർത്തിയ നടപടിയിൽ ഇടതുപക്ഷത്തെ ഘടകകക്ഷികൾക്കു അതൃപ്തി ഉണ്ടായിട്ടുണ്ട്. വരുന്ന തെരഞ്ഞെടുപ്പിൽ ഇക്കാര്യങ്ങൾ യുഡിഎഫ് കേന്ദ്രങ്ങൾ ഉയർത്തിയാൽ പ്രതിരോധിക്കാൻ ഇടതുപക്ഷം പാടുപെടും.
മാണി സി കാപ്പൻ പാലായിൽ ചെയ്ത താഴെ പറയുന്ന വികസന പ്രവർത്തനങ്ങളെയാണ് മുന്നണി ഘടക കക്ഷി കൂടിയായ കേരളാ കോൺഗ്രസ് തള്ളിക്കളഞ്ഞത്.
1. പൂർത്തിയാകാതെ കിടന്ന പാലാ ബൈപാസിൻ്റെ പൂർത്തീകരണത്തിനുള്ള നടപടികൾ അവസാനഘട്ടത്തിൽ എത്തിച്ചു. സ്ഥലമുടമകൾക്കു നഷ്ടപരിഹാരം അനുവദിപ്പിക്കുകയും റോഡ് പൂർത്തീകരണത്തിനാവശ്യമായ 11 കോടി രൂപ 2020 സെപ്റ്റംബർ 28 ജില്ലാകളക്ടറുടെ അക്കൗണ്ടിൽ എത്തിക്കുകയും ചെയ്തു. തുടർ നടപടികൾ പൂർത്തീകരിക്കുന്നതോടെ സ്ഥലം ഏറ്റെടുത്ത് ബൈപാസ് പൂർണ്ണ സജ്ജമാക്കും.
2. പതിറ്റാണ്ടുകളായി പരിഹാരം കാണാതെ കർഷകരെ ബുദ്ധി മുട്ടിച്ചിരുന്ന തോട്ടം പുരയിടം പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സാധിച്ചു. റീസർവ്വേയിലെ അപാകതമൂലം തോട്ടമായി രേഖപ്പെടുത്തിയ പുരയിടങ്ങൾ അർഹരായ മുഴുവൻ പേർക്കും പുരയിടമായി ക്രമീകരിച്ചു നൽകാൻ നടപടി ഉണ്ടാക്കി.
3.അപ്രോച്ച് റോഡ് ഇല്ലാതെ പൂർത്തീകരിച്ച കളരിയാമ്മാക്കൽ പാലം റോഡ് പൂർത്തീകരിക്കാനും സ്ഥലം ഏറ്റെടുക്കാനും 13.39 കോടി രൂപ അനുവദിപ്പിച്ചു.
4. അർഹതയുണ്ടായിട്ടും ലഭിക്കാതിരുന്ന റേഷനും കിറ്റും കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് ലഭ്യമാക്കി.
5. പതിനഞ്ച് വർഷമായി തകർന്നു കിടന്ന ഇലവീഴാപൂഞ്ചിറ റോഡിൻ്റെ നവീകരണത്തിന് 11 കോടി 19 ലക്ഷം രൂപയും മുടങ്ങിക്കിടന്ന അരുണാപുരം ചെക്ക് ഡാം കം ബ്രിഡ്ജ് പൂർത്തീകരണത്തിനായി 19 കോടി 25 ലക്ഷം രൂപ അനുവദിപ്പിച്ചു.
6. മൂന്നിലവ്, മേലുകാവ് പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചില്ലച്ചിപ്പാലം നിർമ്മിക്കാൻ ബജറ്റിൽ 3.5 കോടി രൂപയും തീക്കോയി - തലനാട് റോഡ് ബി എം ബി സി ടാറിംഗ് നടത്തി തീക്കോയിയിൽ പാലം ഉൾപ്പെടെ നിർമ്മിച്ചു നവീകരിക്കുന്നതിന് ബജറ്റിൽ 8 കോടി രൂപയും മൂന്നിലവ് പഞ്ചായത്തിലെ ചൊവ്വൂർ നരിമറ്റം റോഡിൽ ഞെടിഞ്ഞാൽ പാലത്തിനും രണ്ടര കിലോമീറ്റർ റോഡു നവീകരണത്തിനുമായി 3.5 കോടി രൂപായും അനുവദിപ്പിച്ചു.
7. പൊതുജനങ്ങളുടെ സൗകര്യാർത്ഥം പാലായിൽ തിങ്കൾ മുതൽ ശനിവരെ രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെ പ്രവർത്തിക്കുന്ന എം എൽ എ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു.
8. മലങ്കര ഡാമിൽ നിന്നും 30 ഘനയടി ജലം എത്തിച്ചു പാലാ മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിൽ ശുദ്ധജല വിതരണത്തിനായുള്ള 150 കോടിയുടെ രാമപുരം കുടിവെള്ള പദ്ധതിക്കു തുടക്കം കുറിച്ചു. കരിമ്പുകയം കുടിവെള്ള പദ്ധതിയുടെ പരിധിയിൽ എലിക്കുളം പഞ്ചായത്തിനെയും ഉൾപ്പെടുത്തി കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിച്ചു.
9. മഴക്കാലത്ത് ആദ്യം വെള്ളം കയറുന്ന സ്ഥലമായ കൊല്ലപ്പള്ളിയിൽ പരീക്ഷണാടിസ്ഥാനത്തിൽ പഞ്ചായത്തിൻ്റെ ആസ്തിയിലുള്ള തോട്ടിലെ കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു, ചെളിയും എക്കലും മാറ്റി ആഴവും വീതിയും വീണ്ടെടുത്തതോടെ കൊല്ലപ്പള്ളിയിലെ വെള്ളപൊക്കം ഒഴിവായി. ഇതേത്തുടർന്ന് മീനച്ചിലാർ, ളാലംതോട്, പൊൻകുന്നം തോട് എന്നിവിടങ്ങളിലുൾപ്പെടെ സമാനരീതിയിൽ നടപടികൾ സ്വീകരിച്ചു.
10. നിലച്ചുപോയ റബ്ബർ സൊസൈറ്റികളുടെ പുനരുദ്ധാരണത്തിനായി കൺസോർഷ്യം രൂപീകരിച്ചു പ്രവർത്തനസജ്ജമാക്കാനുള്ള നടപടികൾ ആരംഭിച്ചു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.