പാലാ: പാലായിൽ മാണി സി കാപ്പനും ജോസ് കെ മാണിയും നേരിട്ടു പോരാട്ടം. യൂജിൻ ആൻറണി ചക്കൻകുളത്തിൻ്റെ നേതൃത്വത്തിൽ പാലായിൽ ആരംഭിച്ച സോക്കർ ലാൻ്റ് ഫുട്ബോൾ ടർഫ് കോർട്ടിൻ്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് മാണി സി കാപ്പനും ജോസ് കെ മാണിയും ഏറ്റുമുട്ടിയത്. ജോസ് കെ മാണിയുടെ പെനാൽറ്റി കിക്ക് കായിക താരം കൂടിയായ മാണി സി കാപ്പൻ അനായാസം തടയുകയും ചെയ്തു.
പാലായിൽ രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുമ്പോൾ ഇരുവരും കളിക്കളത്തിൽ നേരിട്ടിറങ്ങിയത് കാണികൾക്ക് കൗതുകമായി. ഇരുവരും കോർട്ടിലെത്തിയപ്പോൾ കാണികൾ പ്രോൽസാഹിപ്പിച്ചു. ആവേശത്തോടെ ജോസ് കെ മാണി പോസ്റ്റിലേയ്ക്ക് ബോൾ പായിച്ചു. പന്തിൻ്റെയും പന്തടിയുടെയും ലക്ഷ്യം എവിടേയ്ക്കാണെന്ന കാപ്പൻ്റെ കണക്കുകൂട്ടൽ കൃത്യമായി. നേരെ വന്ന പന്ത് മാണി സി കാപ്പൻ തട്ടിയകറ്റുകയായിരുന്നു.
രാഷ്ടീയ പോരാട്ടത്തിൻ്റെ ട്രയൽ ആണെന്നു ചിലർ വിലയിരുത്തി. അപ്പോഴേയ്ക്കും രാഷ്ട്രീയമല്ല, ജോസ് കെ മാണി ഗോൾ അടിച്ചിട്ടുമില്ല; കാപ്പൻ തടഞ്ഞിട്ടുമില്ല എന്നു മുനിസിപ്പൽ കൗൺസിലർ ബിനു പുളിയ്ക്കക്കണ്ടം പറഞ്ഞത് ആളുകളിൽ ചിരി പടർത്തി. ഈ പോരാട്ടം രാഷ്ട്രീയ രംഗത്തും തുടരുമോ എന്ന് പാലാക്കാർ ഉറ്റുനോക്കുകയാണ്.
നഗരസഭ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര, കൗൺസിലർമാരായ നീന ചെറുവള്ളി, ബൈജു കൊല്ലംപറമ്പിൽ, യൂജിൻ ആൻറണി തുടങ്ങിയവർ സന്നിഹിതരായിരുന്നു.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.