കൊച്ചി: നന്ദിയേകുന്നെൽ പ്രിയരേ, നിങ്ങൾ തന്ന സ്നേഹത്തിനൊക്കെയും
നന്ദിയേകുന്നെൻ പ്രിയരേ നിങ്ങൾ ചെയ്ത നന്മകൾക്കൊക്കെയും
അല്പനേരത്തിനുള്ളിലെൻദേഹം ആറടി മണ്ണിലാഴ്ത്തവെ ആമോദത്തോടെ പോകും ഞാനെൻ നാഥൻ്റെ ചാരേ...
നാഥൻ്റെ ചാരേ ഞാനെത്തുമ്പോൾ, അവൻ എന്നെ ചുംബിച്ച് ആശ്ലേഷിക്കും...
എന്ന വരികൾ വാട്ട്സ്ആപ്പ് സ്റ്റാറ്റസാക്കിയാണ് മുൻ ജില്ലാ ജഡ്ജി മൂവാറ്റുപുഴ കാവുംപടി കൊറ്റാലിൽ ചെറിയാൻ കെ കുര്യാക്കോസ് (65) വിടചൊല്ലിയത്.
അർബുദ രോഗബാധിതനായി മരണത്തെ പുൽകുന്നതിന് മണിക്കൂറുകൾക്കു മുമ്പാണ് ചെറിയാൻ കെ കുര്യാക്കോസ് ഈ വരികൾ വാട്ട്സ് ആപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്തത്. മരണത്തിന് ഏറെ സമയമില്ലെന്നറിഞ്ഞിട്ടും മനസ് ദൃഢമാക്കാനും ചുറ്റുമുള്ളവർക്കു കരുത്തു പകരാനായിട്ടമാണ് അദ്ദേഹം ഈ വരികൾ കുറിപ്പിച്ചത്.
പാൻക്രിയാസിലെ അർബുദത്തിന് ഏറെക്കാലമായി ചികിൽസയിലായിരന്ന അദ്ദേഹം ഇന്നലെയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ അന്തരിച്ചത്. സംസ്കാരം കോട്ടപ്പടി വാവേലി സെൻ്റ് ജോർജ് ഹൊറേബ് പള്ളിയിൽ നടത്തി.
നാലു ദിവസം മുമ്പ് അദ്ദേഹം പറഞ്ഞുകൊടുത്ത വരികൾ മകൾ അഡ്വ മിൻ്റു ചെറിയാൻ കുറിച്ചെടുത്തു സൂക്ഷിച്ചിരിക്കുകയായിരുന്നു. തൻ്റെ ആരോഗ്യനില കൂടുതൽ ഗുരുതരമായെന്ന് ബോധ്യപ്പെട്ട ചെറിയാൻ കുര്യാക്കോസ് വരികൾ വാട്ട്സ്ആപ്പിൽ സ്റ്റാറ്റസാക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
കൊല്ലം, മൂവാറ്റുപുഴ തുടങ്ങിയ സ്ഥലങ്ങളിൽ അഭിഭാഷകനായി ജോലി ആരംഭിച്ച ചെറിയാൻ കെ കുര്യാക്കോസ് 1989 ലാണ് ജുഡീഷ്യൽ സർവീസിൽ എത്തുന്നത്.
തിരുവനന്തപുരം, ഏറ്റുമാനൂർ, പാലാ, കോട്ടയം എന്നിവിടങ്ങളിൽ മുൻസിഫ് - മജിസ്ട്രേറ്റ് ആയി സേവനമനുഷ്ഠിച്ചിരുന്നു. ജഡ്ജിയായി സേവനം അനുഷ്ഠിക്കുന്നതിനിടെ നിയമസഭ സ്പീക്കർ ആയിരുന്ന വക്കം പുരുഷോത്തമനെതിരെ നിയമ നടപടി സ്വീകരിച്ചതിലൂടെ ശ്രദ്ധ നേടിയിരുന്നു. ടാർ കുംഭകോണക്കേസിലെ ഇടപെടലുകളും ചർച്ചയായി. വിവിധ ജില്ലകളിൽ ജില്ലാ ജഡ്ജി' തൃശൂരിൽ കുടുംബകോടതി ജഡ്ജി, എറണാകുളം ജില്ല ഉപഭോക്തൃ തർക്ക പരിഹാര ഫോറം പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: കുന്നന്താനം വേലാമ്പറമ്പിൽ അഡ്വ മോനി ചെറിയാൻ.
മക്കൾ: സിൻ്റു ചെറിയാൻ, അഡ്വ മിൻ്റു ചെറിയാൻ, അഡ്വ സിമിൽ സി കൊറ്റാലിൽ.
മരുമക്കൾ: പൗലോസ് ജേക്കബ്, കൊച്ചയ്ക്കൻ, എറണാകുളം, കുര്യൻ വർഗീസ് കുളങ്ങര, പറവൂർ, അഞ്ജലി കുരുട്ടുകുളം, എറണാകുളം.




0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.