പാലാ: കോവിഡ് വാക്സിനേഷൻ എടുക്കാൻ ആളുകൾ മടിക്കരുതെന്ന് മന്ത്രി വി എൻ വാസവൻ പറഞ്ഞു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ ഐ സേഫ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പാലാ മരിയൻ മെഡിക്കൽ സെൻ്ററിൽ നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിനേഷൻ എടുക്കുന്നവരിൽ കോവിഡിൻ്റെ രൂക്ഷത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാക്സിൻ എടുക്കാൻ മറ്റുള്ളവരെ പ്രേരിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു.
കോവിഡ് പ്രതിരോധത്തിൽ സമാനതകളില്ലാത്ത സാമൂഹ്യ സേവനമാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നടത്തി വരുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കോവിഡ് പ്രതിരോധത്തിൽ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണെന്നു ജനത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്. കോവിഡിനെതിരെയുള്ള പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.
ഐ എം എ പാലാ ബ്രാഞ്ച് പ്രസിഡൻ്റ് ഡോ ജോസ് കുരുവിള കോക്കാട്ട് അധ്യക്ഷത വഹിച്ചു. ഡോ മാത്യു തോമസ്, ഐ എം എ പി ഇ പി എസ് സംസ്ഥാന സെക്രട്ടറി ഡോ സിറിയക് തോമസ്, മുൻ എം പി ജോസ് കെ മാണി, മുനിസിപ്പൽ ചെയർമാൻ ആൻ്റോ പടിഞ്ഞാറെക്കര, സി ഗ്രെയസ് മുണ്ടപ്ലാക്കൽ, ഡോ റോയി എബ്രാഹം കള്ളിവയലിൽ, കൗൺസിലർ ജിമ്മി ജോസഫ് താഴത്തേൽ, ഡോ ജോസഫ് മാണി, റവ ഡോ ജോർജ് ഞാറക്കുന്നേൽ, ഡോ സേതു സ്റ്റീഫൻ, മരിയൻ മെഡിക്കൽ സെൻ്റർ അഡ്മിനിട്രേറ്റർ സി ഷേർളി, സി ബെൻസി എന്നിവർ പ്രസംഗിച്ചു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ്റെ ഐ സേഫ് പദ്ധതിയുടെ ഭാഗമായി പാലാ മരിയൻ മെഡിക്കൽ സെൻ്ററിന് സൗജന്യമായി ലഭ്യമാക്കിയ ഓക്സിജൻ കൺസെൻട്രേറ്റർ മന്ത്രി വി എൻ വാസവൻ ചടങ്ങിൽ കൈമാറി.



0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.