ബിപിൻ തോമസ്
പാലാ: അശാസ്ത്രീയമായ സ്ഥാപിച്ചിരിക്കുന്ന റമ്പിൾ സ്ട്രിപ്പിൽ ഉണ്ടായ അപകടത്തിൽ വ്യാപാരിക്ക് പരുക്കേറ്റു. അപകടത്തിനിടയാക്കിയ വാഹനം ആളെ വഴിയിൽ ഉപേക്ഷിച്ചു കടന്നു കളഞ്ഞു. അപകടത്തിൽ തലയ്ക്ക് പരിക്കേറ്റ അലക്സ് ഇലക്ട്രിക്കൽസ് ഉടമ അലക്സ് വെളളരിങ്ങാട്ടിനെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് (06/07/2021) രാത്രി എട്ടരയോടെ പാലാ മുനിസിപ്പൽ പഴയ ബസ് സ്റ്റാൻ്റിനു മുന്നിൽ വേഗത കുറയ്ക്കാൻ സ്ഥാപിച്ചിരിക്കുന്ന റമ്പിൾ ട്രിപ്പിലായിരുന്നു അപകടം. ബൈക്കിൽ യാത്ര ചെയ്തിരുന്ന വ്യാപാരി റമ്പിൾ ട്രിപ്പിനു സമീപമെത്തി വേഗത കുറച്ചപ്പോൾ പിന്നാലെ എത്തിയ കാർ ഇടിച്ചു വീഴ്ത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാക്കാരും മറ്റും ചേർന്ന് പരുക്കേറ്റ അലക്സിനെ ആശുപത്രിയിലെത്തിച്ചു. അപകടം നടന്നയുടൻ അപകടത്തിനിടയാക്കിയ വാഹനം നിറുത്താതെ പാഞ്ഞു പോകുകയായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. സ്റ്റേഡിയം ജംഗ്ഷൻ ഭാഗത്തേയ്ക്ക് തിരിഞ്ഞ വാഹനം പെട്ടെന്ന് അപ്രത്യക്ഷമാകുകയായിരുന്നു. വിവരമറിഞ്ഞു സമീപത്തുണ്ടായിരുന്ന പൊലീസ് പിന്നാലെ പോയെങ്കിലും വാഹനം കണ്ടെത്താനായില്ല. വെള്ള നിറമുളള കാറാണ് അപകടത്തിനിടയാക്കിയതെന്നു ദൃക്സാക്ഷികൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. സമീപത്തെ സി സി ടി വി ക്യാമറകളുടെ സഹായത്തോടെ അപകടത്തിനിടയാക്കിയ വാഹനം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. അപകടത്തിൽ സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരു വാഹനത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്ന് ഉടമ പരാതിപ്പെട്ടിട്ടുണ്ട്.
മുനിസിപ്പൽ ബസ് സ്റ്റാൻ്റിനുമുന്നിലെ റമ്പിൾ ട്രിപ്പ് അശാസ്ത്രീയമായിട്ടാണ് നിർമ്മിച്ചിട്ടുള്ളതെന്ന് സ്ഥാപിച്ച നാൾ മുതൽ പരാതി ഉയർന്നിരുന്നു. ഇത് സ്ഥാപിച്ചിട്ടുണ്ടെന്ന മുന്നറിയിപ്പ് ബോർഡു പോലും ഇതിന് മുന്നിൽ സ്ഥാപിച്ചിട്ടില്ല. പെട്ടെന്ന് വാഹനങ്ങൾ ഇതിന് മുന്നിൽ ബ്രേക്ക് ചെയ്യുമ്പോൾ അപകടമുണ്ടാകുന്നത് പതിവാണെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. വലിയ വാഹനങ്ങൾ റമ്പിൾ സ്ട്രിപ്പിൽ കയറുമ്പോൾ വലിയ ശബ്ദവും ഉണ്ടാവാറുണ്ട്. ഇത് പലപ്പോഴും മുമ്പിൽ പോകുന്ന ബൈക്ക് യാത്രികരുടെ നിയന്ത്രണം തെറ്റിക്കാറുണ്ടെന്നും പരാതി ഉണ്ട്. അടിയന്തിരമായി റമ്പിൾ ട്രിപ്പ് ഇവിടെ നിന്നും മാറ്റി അപകടങ്ങൾ ഒഴിവാക്കണമെന്ന ആവശ്യം ശക്തമായി.
0 Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ പാലാ ടൈംസിന്റേതല്ല. സോഷ്യല്‍ മീഡിയകള്‍ വഴി കമന്റ് ചെയ്യുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തിപരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്.