Subscribe Us



സംവരണ വിഷയങ്ങളില്‍ സര്‍ക്കാര്‍ നടപടികള്‍ വീണ്ടുവിചാരമില്ലാത്തത്: ജി ദേവരാജന്‍

തിരുവനന്തപുരം:  സംവരണ വിഷയങ്ങളില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്‍റെ നടപടികള്‍ വീണ്ടുവിചാരമില്ലാത്തതും കേവലം വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ളതും സാമുദായിക സ്പര്‍ദ്ധ വളര്‍ത്താന്‍ മാത്രം ഉതകുന്നതുമാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍.


സച്ചാര്‍ കമ്മീഷന്‍ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ മുസ്ലിം സമുദായത്തിന്‍റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുവാന്‍ വേണ്ടി നടപ്പിലാക്കിയ സ്കോളര്‍ഷിപ്പിനെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പായി വിപുലപ്പെടുത്തിയത് മുസ്ലിം സമുദായത്തോട് ചെയ്ത ദ്രോഹമാണ്. മുസ്ലിം ഒഴികെയുള്ള മറ്റു ന്യൂനപക്ഷങ്ങള്‍ക്ക് ഇപ്രകാരമുള്ള സ്കോളര്‍ഷിപ്പുകളോ മറ്റു വിദ്യാഭ്യാസ ആനുകൂല്യങ്ങളോ നല്‍കണമെങ്കില്‍ അതിനാവശ്യമായ പഠനങ്ങള്‍ നടത്തി നല്‍കാവുന്നതേയുള്ളൂ. അതിനുപകരം മറ്റൊരു സംസ്ഥാനവും ചെയ്യാത്ത തരത്തില്‍ പ്രത്യേക കമ്മിറ്റിയെ വച്ച് മുസ്ലിം സ്കോളര്‍ഷിപ്പിനെ അട്ടിമറിച്ചു. വിഷയം കോടതിയിലെത്തിയപ്പോള്‍ പ്രസ്തുത സ്കോളര്‍ഷിപ്പുകള്‍ സച്ചാര്‍ കമ്മീഷന്‍ അനുസരിച്ചുള്ള മുസ്ലിം സ്കോളര്‍ഷിപ്പുകള്‍ ആണെന്ന കാര്യം പിണറായി സര്‍ക്കാര്‍ മറച്ചു വച്ചു. അതിനാലാണ് ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കണമെന്ന് കോടതി വിധിച്ചത്. ഇത് സര്‍ക്കാര്‍ ചോദിച്ചു വാങ്ങിച്ച വിധിയാണ്.

പ്രത്യേക സംവരണാനുകൂല്യങ്ങള്‍ ഇല്ലാത്ത 81 മറ്റു പിന്നോക്ക ഹിന്ദു വിഭാഗങ്ങള്‍ക്ക് നിലവിലുള്ള നാമമാത്രമായ 3 ശതമാനം സംവരണ പട്ടികയിലേക്ക് 41 ക്രിസ്ത്യന്‍ നാടാര്‍ സമുദായങ്ങളെ കൂടി ഉള്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. മൂന്നു ശതമാനം സംവരണത്തില്‍ നിന്നും എന്തെങ്കിലും നേടിയെടുക്കാന്‍ 81 സമുദായങ്ങള്‍ കടിപിടി കൂടുമ്പോഴാണ് യാതൊരു വീണ്ടുവിചാരവും ഗൃഹപാഠവും ചെയ്യാതെ 41 സമുദായങ്ങളെക്കൂടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്ക് നല്‍കുന്ന 10 ശതമാനം ഗ്രൂപ്പില്‍ ഈ ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ അവര്‍ക്ക് ഇതിലും കൂടുതല്‍ പ്രയോജനം ലഭിക്കുമായിരുന്നു. തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ്, ഭരണഘടനാപരമായി സംസ്ഥാന സര്‍ക്കാരിന് ഇപ്രകാരം നിശ്ചയിക്കാന്‍ അധികാരമില്ലെന്നറിഞ്ഞുകൊണ്ടും ഇതുവഴി പ്രസ്തുത സമുദായങ്ങള്‍ക്ക് യാതൊരു പ്രയോജനവും ഉണ്ടാകില്ലെന്ന വസ്തുത മറച്ചുവച്ചും കേവലം നാടാര്‍ സമുദായത്തിന്‍റെ വോട്ടു ലക്ഷ്യമിട്ടു കൊണ്ടു നടത്തിയ നടപടിയാണ് ഇപ്പോള്‍ കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.

പ്രത്യേക സംവരണാനുകൂല്യങ്ങള്‍ ലഭിക്കുന്ന പിന്നോക്ക സമുദായങ്ങള്‍ ഒഴികെയുള്ള മറ്റു പിന്നോക്ക ഹിന്ദു സമുദായങ്ങളുടെ വിദ്യാഭ്യാസപരവും തൊഴില്‍പരവും സാമൂഹികവുമായ പിന്നോക്കാവസ്ഥയെപ്പറ്റി പഠിക്കാന്‍ ഉടനടി ഒരു കമ്മീഷന്‍ രൂപികരിക്കണമെന്നും സംവരണ വിഷയത്തില്‍ തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ് സര്‍ക്കാര്‍ വേണ്ടത്ര കൂടിയാലോചനകള്‍ നടത്തണമെന്നും ദേവരാജന്‍ ആവശ്യപ്പെട്ടു.

Post a Comment

0 Comments